Sorry, you need to enable JavaScript to visit this website.
Tuesday , April   13, 2021
Tuesday , April   13, 2021

ഗ്രേസ്ഫുൾ ഗ്രേസ് 

ഗ്രേസ് ആന്റണി
ഗ്രേസ് ആന്റണി
ഗ്രേസ് ആന്റണി
ഗ്രേസ് ആന്റണി
ഫഹദ് ഫാസിലിനൊപ്പം


'ഏതു ടൈപ്പ് ചേട്ടനായാലും മര്യാദയ്ക്ക് സംസാരിക്കണം' കുമ്പളങ്ങി നൈറ്റ്‌സിൽ ഷമ്മിയെ വിറപ്പിച്ച സിമിയെ എങ്ങനെ മറക്കാനാവും? ആണാണെന്ന അധികാരത്തെയാണ് ഈ ഒറ്റ ഡയലോഗിലൂടെ സിമി തകർത്തുകളഞ്ഞത്.
സിമിക്കുശേഷം ഹലാൽ ലൗ സ്റ്റോറിയിൽ സുഹറയായും ഉജ്ജ്വല പ്രകടനം കാഴ്ചവച്ചു ഗ്രേസ് ആന്റണി. 
ഏറെ ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ല, ഈ മുളന്തുരുത്തിക്കാരി. എന്നാൽ ചെയ്ത വേഷങ്ങളിൽ പലതും പ്രേക്ഷക മനസ്സിൽ പതിയുന്നതായി എന്നതാണ് ഈ അഭിനേത്രിയുടെ പ്ലസ് പോയന്റ്.
അഭിനയം മാത്രമല്ല, തിരക്കഥാരചനയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഗ്രേസ് ആന്റണി. ലോക് ഡൗണിലെ വിരസതയകറ്റാൻ കുറേ ഡാൻസ് വീഡിയോകൾ ഒരുക്കി. മാത്രമല്ല, ഒരു ഹ്രസ്വചിത്രം സംവിധാനവും ചെയ്തു. മലയാളം ന്യൂസിനുവേണ്ടി മനസ്സു തുറക്കുകയായിരുന്നു ഗ്രേസ് ആന്റണി.

 

കോവിഡ് കാലത്തെ വിശേഷങ്ങൾ?
ഷൂട്ടിങ്ങൊന്നുമില്ലാതെ വീട്ടിലിരിക്കുമ്പോഴാണ് ഒരു രസത്തിനായി ഡാൻസ് വീഡിയോകൾ ചെയ്തത്. അതുകൊണ്ട് ഒരു ഗുണമുണ്ടായി. തടിച്ച ശരീരപ്രകൃതിയായതുകൊണ്ടാകാം പലരുടെയും ധാരണ പ്രായമുള്ള സ്ത്രീയാണെന്നാണ്. എന്നാൽ ഡാൻസ് വീഡിയോ കണ്ടാണ് പലരും അത്ര പ്രായമില്ലെന്ന് മനസ്സിലാക്കുന്നത്. നോളജ് എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാനവും ബോറടി മാറ്റാനുദ്ദേശിച്ചുള്ളതായിരുന്നു. അതിന്റെ തിരക്കഥയും നിർമ്മാണവും മാത്രമല്ല, അതിൽ അഭിനയിക്കുകയും ചെയ്തു. എട്ടു മാസത്തിനുള്ളിൽ മുപ്പതു ലക്ഷത്തോളം പേരാണ് ആ ഹ്രസ്വചിത്രം കണ്ടത്. ബിരുദപഠനകാലംതൊട്ടേ തിരക്കഥകൾ എഴുതാറുണ്ട്. ഭാവിയിൽ ഒരു സിനിമയ്ക്ക് തിരക്കഥയൊരുക്കണം എന്നതാണ് ലക്ഷ്യം.

 

സിനിമയിലേയ്ക്കുള്ള വഴി?
ജനിച്ചതും വളർന്നതുമെല്ലാം കൊച്ചിയിലാണെങ്കിലും സിനിമയുമായി അടുപ്പമുള്ള ആരുമായും ബന്ധമുണ്ടായിരുന്നില്ല. എങ്കിലും സ്‌കൂൾകാലംതൊട്ടേ സിനിമ മനസ്സിലുണ്ടായിരുന്നു. ആ വിദൂരസ്വപ്നം സാർത്ഥകമാക്കാൻ നൃത്തപഠനം തുടങ്ങി. പഠനകാലത്ത് കലാകായിക രംഗങ്ങളിൽ തിളങ്ങിയിരുന്നു. പപ്പയും മമ്മിയും ചേച്ചിയുമെല്ലാം തികഞ്ഞ സപ്പോർട്ടായിരുന്നു. നൃത്തമത്സരങ്ങൾക്ക് ഭാരിച്ച ചെലവ് വരുമെന്നതിനാൽ പപ്പയും മമ്മിയും ജോലിക്കു പോയാണ് പഠിപ്പിച്ചത്. പ്ലസ്ടു കഴിഞ്ഞ് ബിരുദപഠനത്തിനായി കാലടി ശങ്കരാചാര്യ കോളേജിൽ ചേർന്നു. ഭരതനാട്യമായിരുന്നു ഐഛികമായെടുത്തത്. രണ്ടാംവർഷ പഠനത്തിനിടയിലാണ് ഒമർ ലുലുവിന്റെ ഹാപ്പി വെഡ്ഡിംഗിലേയ്ക്കുള്ള ഒഡീഷനെക്കുറിച്ച് അറിയുന്നത്. നല്ല ടെൻഷനോടെയാണ് ഒഡീഷനിൽ പങ്കെടുത്തത്. ഒരു റാഗിംഗ് സീനായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്. ഒരുവിധം നന്നായി ചെയ്തതിനാൽ സെലക്ഷനും ലഭിച്ചു. ഇതേരംഗം തന്നെയായിരുന്നു സിനിമയിലും അവതരിപ്പിക്കേണ്ടതെന്നതിനാൽ കൂടുതൽ ബുദ്ധിമുട്ടേണ്ടിവന്നില്ല. മിനിട്ടുകൾ മാത്രമുള്ള സീനായിരുന്നെങ്കിലും ചിത്രം ഹിറ്റായതോടെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.

 

കുമ്പളങ്ങി നൈറ്റ്‌സ്?
എന്റെ സിനിമാ സങ്കൽപങ്ങളെയാകെ മാറ്റിമറിച്ച ചിത്രമാണത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരൻ ഹാപ്പി വെഡ്ഡിംഗ് കണ്ടാണ് ക്ഷണിച്ചത്. ഫഹദ് ചേട്ടന്റെ ഭാര്യയുടെ വേഷമാണെന്ന് പറഞ്ഞപ്പോൾ ശരിക്കും ഞെട്ടി. എന്നാൽ സംവിധായകൻ മധുവേട്ടനും തിരക്കഥാകൃത്ത് ശ്യാമേട്ടനും കൂടെ നിന്നു. സിമിയെക്കുറിച്ച് വിശദമായി പറഞ്ഞുതന്നു. ഈ വേഷം നിനക്ക് ഗംഭീരമായി ചെയ്യാനാവുമെന്നു പറഞ്ഞത് ഇവരായിരുന്നു. സിനിമ എന്താണെന്നും എങ്ങനെയാണ് അഭിനയിക്കേണ്ടതെന്നും പഠിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. സിനിമയോടുള്ള ചെറുപ്പക്കാരുടെ ആത്മാർത്ഥതയും പാഷനും എന്നെയും ആഴത്തിൽ സ്പർശിച്ചു. ഒടുവിൽ കണ്ണുംപൂട്ടി അഭിനയിക്കുകയായിരുന്നു. അങ്ങനെയാണ് സിമിയെന്ന കഥാപാത്രം ജനിക്കുന്നത്.

ഹലാൽ ലൗ സ്റ്റോറിയിൽ എത്തുന്നത്?
കുമ്പളങ്ങിയിൽനിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപരിസരമാണ് ഹലാൽ ലൗ സ്റ്റോറിയിലേത്. സുഹ്‌റ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സിനിമയ്ക്കുള്ളിലെ സിനിമയാണ് പ്രതിപാദ്യം. അഭിനയിക്കാൻ ഒട്ടുമറിയാത്ത ഒരു വീട്ടമ്മ നായികയാകുന്നതും അതുണ്ടാക്കുന്ന വെല്ലുവിളികളുമാണ് പ്രമേയം. സിനിമയ്ക്കുള്ളിലെ സിനിമയിൽ മോശമാകുമ്പോൾ മറ്റ് രംഗങ്ങളിൽ നന്നായി ശോഭിക്കണം. അഭിനയമറിയാത്തതുപോലെ അഭിനയിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.
മലപ്പുറത്തെ ഒരു ഗ്രാമത്തിൽ നടക്കുന്ന സംഭവമാണ് പ്രമേയം. സുഹ്‌റയെപ്പോലുള്ള പെൺകുട്ടികളെ നിത്യജീവിതത്തിൽ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ കഥ പറയുമ്പോൾതന്നെ ആ കഥാപാത്രമായി മാറുകയായിരുന്നു. വൈകാരികമായ ഒട്ടേറെ അഭിനയമുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. ഓരോ രംഗവും ഭംഗിയാക്കാനുള്ള സ്വാതന്ത്ര്യവും സംവിധായകൻ അനുവദിച്ചിരുന്നു. ഓരോ സീനും പറയുമ്പോൾ നമ്മുടെ ഭാവനയിലൂടെയാണ് അഭിനയിച്ചിരുന്നത്.

 

പുതിയ സിനിമകൾ?
പത്രോസിന്റെ പടപ്പുകൾ എന്ന ചിത്രത്തിലാണ് ഇനി വേഷമിടാനുള്ളത്. അതിഥിവേഷമാണിതിൽ. കുടുംബകഥയ്ക്ക് പ്രാധാന്യമുള്ള വേഷം. ഈയിടെ പുറത്തിറങ്ങിയ സാജൻ ബേക്കറിയിലും അതിഥിവേഷമായിരുന്നു. പുറത്തിറങ്ങാൻ പോകുന്ന മറ്റൊരു ചിത്രം കനകം കാമിനി കലഹം എന്ന ചിത്രമാണ്. നിവിൻപോളി നായകനാകുന്ന ചിത്രത്തിൽ വ്യത്യസ്തമായ ഒരു മേക്കോവറിലാണ് എത്തുന്നത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പനുശേഷം രതീഷ് ബാലകൃഷ്ണൻ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

തിരിഞ്ഞുനോക്കുമ്പോൾ?
തികഞ്ഞ ചാരിതാർത്ഥ്യം മാത്രം. നീ ഒന്നുമാവില്ലെന്നും സിനിമാനടി പോയിട്ട് ഒരു കോപ്പുമാവില്ലെന്നും പറഞ്ഞവരുണ്ട്. അവർക്കുള്ള മറുപടി കൂടിയാണ് എന്റെ ജീവിതം. സ്വന്തം ഭാവി എന്തായിരിക്കുമെന്ന് അറിയാത്തവരാണ് മറ്റുള്ളവരുടെ ഭാവി പ്രവചിക്കുന്നത്. പരിഹാസങ്ങളും കുത്തുവാക്കുകളും ചിലരുടെയെങ്കിലും ജീവിതത്തിൽ സാരമായി ബാധിച്ചിട്ടുണ്ടാകും. മറ്റു ചിലർക്കാകട്ടെ അത് മുന്നോട്ടുള്ള യാത്രക്കുള്ള ഊർജ്ജമായിരിക്കും.

 

അഭിനയിച്ചവയിൽ ഏറെ ഇഷ്ടപ്പെട്ടത്?
കുറച്ചു ചിത്രങ്ങളേ അഭിനയിച്ചിട്ടുള്ളുവെങ്കിലും അവയെല്ലാം ഇഷ്ടപ്പെട്ട വേഷങ്ങളായിരുന്നു. തമാശയിലെ സഫിയയും, പ്രതി പൂവൻകോഴിയിലെ ഷീബയും, സിംപ്ലി സൗമ്യയിലെ സൗമ്യയുമെല്ലാം ഇഷ്ടപ്പെട്ട വേഷങ്ങളായിരുന്നു.

സിനിമയ്ക്കു പുറത്ത്?
സിനിമയുടെ വിവിധ മേഖലകളിൽ ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. അതിന് സിനിമ പുരുഷ കേന്ദ്രീകൃതമാണെന്ന ധാരണ തിരുത്തിയേ മതിയാവൂ. സ്ത്രീകളുടെ കാഴ്ചപ്പാടിലാണ് മാറ്റം വരേണ്ടത്. സ്ത്രീകളുടെ വീക്ഷണകോണിലുള്ള കഥകളും സിനിമകളും രൂപം കൊള്ളണമെങ്കിൽ ധാരാളംപേർ ഈ രംഗത്തേയ്ക്കു കടന്നുവരണം.

 

Latest News