മകന്‍ കണ്ടെത്തിയ മണവാട്ടി സ്വന്തം മകള്‍; അമ്മ തിരിച്ചറിഞ്ഞത് വിവാഹദിനത്തില്‍

ബെയ്ജിംഗ്- മകന്‍ വിവാഹം ചെയ്യുന്നത് കുഞ്ഞായിരിക്കെ നഷ്ടപ്പെട്ട സ്വന്തം മകളെയാണെന്ന് ചൈനീസ് വനിത കണ്ടെത്തിയത് വിവഹ ദിനത്തില്‍. വിവാഹത്തേക്കള്‍ ഇപ്പോഴാണ് താന്‍ സന്തോഷിക്കുന്നതെന്ന് അമ്മയെ കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ച് യുവതിയും.  ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ സുസോവിലാണ് സംഭവം.


പുതിയ മരുമകളാകുന്ന യുവതിയുടെ കൈയിലുണ്ടായിരുന്ന അടയാളമാണ് അമ്മയെ പഴയ ഓര്‍മകളിലെത്തിച്ചത്. അത് കാണാതായ മകളുടെ കൈയിലുള്ളതാണ് അവര്‍ക്ക് സംശയം തോന്നുകയായിരുന്നു.

തുടര്‍ന്ന് അവര്‍ വധുവിന്റെ മാതാപിതാക്കളെ സമീപിച്ച് മകളെ 20 വര്‍ഷം മുമ്പ് ദത്തെടുത്തതാണോ എന്ന് ചോദിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് റോഡരികില്‍നിന്നാണ്  പെണ്‍കുഞ്ഞിനെ കണ്ടെത്തിയതെന്ന് അവര്‍ വെളിപ്പെടുത്തി.


കഥ കേട്ടപ്പോള്‍ മണവാട്ടി പൊട്ടിക്കരഞ്ഞു. യഥാര്‍ഥ മാതാപിതാക്കളെക്കുറിച്ച് യുവതി കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് വിവാഹത്തേക്കാള്‍ ഇതാണ് തനിക്ക് സന്തോഷ നിമിഷമെന്ന് പ്രതികരിച്ചത്.  


കഥ അവിടെയും അവസാനിച്ചില്ല. വരന്‍ മൂത്ത സഹോദരനായതിനാല്‍ വിവഹം മുടങ്ങിയ സമയത്താണ് യുവതിയുടെ അമ്മ മറ്റൊരു രഹസ്യം വെളിപ്പെടുത്തിയത്. യുവാവ് തന്റെ യഥാര്‍ഥ മകനല്ലെന്നും ദത്തെടുത്തതാണെന്ന രഹസ്യമാണ് അവർ വെളിപ്പെടുത്തിയത്.


നഷ്ടപ്പെട്ട മകളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടപ്പോള്‍ ആണ്‍കുട്ടിയെ ദത്തെടുക്കുകയായിരുന്നു. കാണാതായ മകള്‍ക്കു വേണ്ടി വര്‍ഷങ്ങള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.


യഥാര്‍ഥ സഹോദരങ്ങളല്ലാത്തതിനാല്‍ ദാമ്പത്യത്തില്‍ ഒരു പ്രശ്‌നവുമില്ലെന്ന അഭിപ്രായം ഉയര്‍ന്നതോടെ ദമ്പതികള്‍ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.
കുടുംബത്തിന്റെ ഇരട്ടി സന്തോഷത്തിന് ആശംസ നേര്‍ന്നാണ് വിവാഹത്തിനെത്തിയ അതിഥികള്‍ മടങ്ങിയതെന്ന് ഓറിയന്റല്‍ ഡെയിലി റിപ്പോര്‍ട്ട് ചെയ്തു.

 

Latest News