തലശ്ശേരി- പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂറിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സി.പി.എം പ്രവർത്തകന്റെ വാട്സാപ്പ് സ്റ്റാറ്റസ് കൊലപാതകം ആസൂത്രിതമായിരുന്നു എന്നതിലേക്ക് സൂചന നല്കുന്നു.
വീടിനു പുറത്ത് ഒളിച്ചിരുന്നാണ് കൊലപാതകം നടത്തിയത്. മുസ്ലിം ലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ് എന്നായിരുന്നു കസ്റ്റിഡയിലുള്ള സി.പി.എം പ്രവർത്തകന്റെ സ്റ്റാറ്റസ്. ഡിവൈഎഫ്ഐ നേതാവിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെയുള്ള ഭീഷണി പോലീസിനെ അറിയിച്ചെങ്കിലും ഗൗരവമായി എടുത്തില്ലെന്ന് ലീഗ് പ്രവർത്തകർ പറയുന്നു.
വോട്ടെടുപ്പിനിടെ പ്രദേശത്തെ ഓപ്പണ്‍ വോട്ട് സംബന്ധിച്ച് സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സംഘർഷം അവസാനിച്ചുവെന്ന് കരുതിയിരുന്നുവെങ്കിലും രാത്രി എട്ടു മണിയോടെയാണ് അക്രമികളെത്തിയത്. കൂടുതല്‍ പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് തുടരുകയാണ്.
പാനൂരിലേത് സി.പി.എം. നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് എംഎസ്എഫ് സംസ്ഥാന ട്രഷറര്‍ നജാഫ് ആരോപിച്ചു. ‘രാവിലെ ബൂത്തില്‍ ഓപ്പണ്‍വോട്ടിന് സഹായിക്കുന്നവരെ സിപിഎമ്മുകാര്‍ തടയുന്ന സാഹചര്യമുണ്ടായി. വെട്ടേറ്റ മുഹ്സിന് ലീഗിന്റെ ബൂത്ത് ഏജന്റായിരുന്നു. രാവിലത്തെ പ്രശ്നം പോലീസിനെ അറിയിച്ചു. പിന്നീട് പ്രശ്നം അവസാനിച്ചെങ്കിലും ഉച്ചയോടെ സിപിഎം, ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിന്റെ ഭീഷണി സ്റ്റാറ്റസ് വാട്സാപ്പിലൂടെ പുറത്തുവന്നു. ഇക്കാര്യം പോലീസിനെ അറിയിച്ചെങ്കിലും പോലീസ് ഗൗരവമായി എടുത്തില്ല. രാത്രിയോടെയാണ് വീടിന് മുന്നില്‍വെച്ച് മന്‍സൂറിന് നേരേ ബോംബെറിഞ്ഞ ശേഷം വെട്ടിപരിക്കേല്‍പ്പിച്ചത്. സഹോദരന് മുഹ്സിനും വെട്ടേറ്റു. ബോംബേറില്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കം ചിതറിയോടി. പരിക്കേറ്റ ഇവരും ചികിത്സയിലാണ്’ നജാഫ് മാധ്യമങ്ങളോട് പറഞ്ഞു. അക്രമിസംഘത്തില്‍ ഇരുപതിലധികം പേരുണ്ടെന്നും ഇവരെല്ലാം സമീപപ്രദേശങ്ങളിലുള്ളവരാണെന്നും നജാഫ് പറഞ്ഞു.






