Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പോളിംഗ് 74.02 ശതമാനം; ശാന്തം, പ്രതീക്ഷയോടെ മുന്നണികൾ

തിരുവനന്തപുരം- സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ അരങ്ങേറിയെങ്കിലും രാത്രി വരെയുള്ള കണക്ക് അനുസരിച്ച് 74.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന മലപ്പുറത്ത് 74.53 ശതമാനം. പോസ്റ്റൽ വോട്ടും തപാൽ വോട്ടും കൂടി ചേർക്കുമ്പോൾ ശതമാന കണക്കിൽ വ്യത്യാസം വരും. 2016 ലെ തെരഞ്ഞെടുപ്പിൽ പോളിംഗ് 77.35 ശതമാനമായിരുന്നു. തുടക്കത്തിൽ സംസ്ഥാനത്താകെ നല്ല പോളിംഗ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയോടെ മന്ദഗതിയിലായി. 140 അസംബ്ലി നിയോജക മണ്ഡലങ്ങളിലും മലപ്പുറത്തെ ലോക്‌സഭാ സീറ്റിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് രണ്ടിന് വോട്ടെണ്ണൽ നടക്കും.


ശബരിമല വിഷയം തെരഞ്ഞെടുപ്പിനിടയിലെ ചൂടുള്ള ചർച്ചാവിഷയമായി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തുടങ്ങിവെച്ച വിവാദം മുഖ്യമന്ത്രി പിണറായി വിജയൻ, എ.കെ. ആന്റണി, മന്ത്രി എ.കെ. ബാലൻ, വെള്ളാപ്പള്ളി നടേശൻ, കെ. സുരേന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവരും ഏറ്റുപിടിച്ചതോടെ വോട്ടെടുപ്പ് കഴിയും വരെ വിവാദം കത്തിനിന്നു.
ത്രികോണ മത്സരങ്ങൾ നടന്ന മണ്ഡലങ്ങളിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി. കടുത്ത ത്രികോണ മത്സരം നടന്ന കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പത്തനംതിട്ടയിലും. 


ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മത്സരിച്ച മഞ്ചേശ്വരത്ത് കനത്ത പോളിംഗാണ്. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമടത്ത് 80 ശതമാനത്തിന് മേലേയാണ് പോളിംഗ്.
പോളിംഗിനിടെ അഞ്ചുപേർ കുഴഞ്ഞ് വീണ് മരിച്ചു. ആറന്മുള മണ്ഡലത്തിലെ വള്ളംകുളം സ്‌കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ഗോപിനാഥ കുറുപ്പ്, കോട്ടയം എസ്.എച്ച് മഠം സ്‌കൂളിലെ വോട്ടറായ അന്നമ്മ ദേവസ്യ, പാലക്കാട്ട് നെന്മാറയിൽ കാർത്ത്യായനി അമ്മ, മറയൂർ പത്തടിപ്പാലം സ്വദേശി ഗോപിനാഥൻ നായർ എന്നിവരാണ് പോളിങ് ബൂത്തിൽ കുഴഞ്ഞ വീണ് മരിച്ചത്. ഹരിപ്പാട് പതിയാങ്കരയിൽ എൽ.ഡി.എഫ് യു.ഡി.എഫ് സംഘർഷത്തിന് സാക്ഷിയായ വൃദ്ധനും കുഴഞ്ഞു വീണു മരിച്ചു. മീനത്തേൽ പുതുവൽ ശാർങ്ധരൻ ആണ് മരിച്ചത്. മണിക്കുട്ടൻ എന്ന യു.ഡി.എഫ് പ്രവർത്തകനെ എൽ.ഡി.എഫ് പ്രവർത്തകർ മർദിക്കുന്നത് കണ്ടാണ് അയൽവാസിയായ ശാർങ്ധരൻ കുഴഞ്ഞു വീണത്.


വോട്ടെടുപ്പിനിടെ വ്യാപകമായി സംഘർഷങ്ങൾ ഉണ്ടായി. കഴക്കൂട്ടത്ത് സി.പി.എം - ബി.ജെ.പി ഏറ്റുമുട്ടലുണ്ടായി. പ്രവർത്തകരെ അന്യായമായി അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് പോലീസിനെതിരെ പൊട്ടിത്തെറിച്ച് മന്ത്രി കടകംപളളി സുരേന്ദ്രൻ രംഗത്ത് വന്നു. ബൂത്ത് ഏജന്റുമാരെ ആക്രമിച്ചെന്ന് ബി.ജെ.പി ആരോപിച്ചു. വോട്ട് രേഖപ്പെടുത്താൻ എത്തിയ സ്ത്രീയുടെ കൈത്തണ്ട കത്തി ഉപയോഗിച്ച് വരഞ്ഞു. ബി.ജെ.പി പ്രവർത്തകന്റെ വാഹനം അടിച്ചു തകർത്തു. ആറന്മുള മണ്ഡലത്തിൽ ബി.ജെ.പി പ്രവർത്തകരെ സി.പി.എമ്മുകാർ ആക്രമിച്ചു.  


കൊല്ലം ജില്ലയിലെ കുണ്ടറയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. തനിക്ക് നേരെ ബോംബാക്രമണം ഉണ്ടായെന്ന് ആരോപിച്ച് ഇ.എം.സി.സി ഡയറക്ടറും സ്വതന്ത്ര സ്ഥാനാർഥിയുമായ ഷിജു വർഗീസ് പോലീസിനെ സമീപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇ.എം.സി.സി ഡയറക്ടർ ശ്രമിച്ചെന്ന് ആരോപിച്ച മേഴ്‌സിക്കുട്ടിയമ്മ, ഷിജുവിനെ കസ്റ്റഡിയിലെടുത്തെന്നും മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മന്ത്രിയുടെ വാദം പോലീസ് തള്ളി. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ് സ്ഥാനാർഥി പി.സി. വിഷ്ണുനാഥും രംഗത്ത് വന്നു. അട്ടപ്പാടിയിൽ പോളിംഗ് ഡ്യൂട്ടിക്ക് പോയ ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാ ലക്ഷ്മി മൂന്നുനില കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു. 


കാട്ടാക്കട, മണ്ണാർക്കാട്, പയ്യന്നൂർ, തളിപ്പറമ്പ്, കൂത്തുപറമ്പ്  മണ്ഡലങ്ങളിൽ വ്യാപക കള്ള വോട്ട്  നടന്നതായി ആക്ഷേപമുണ്ട്. കൂത്തുപറമ്പിൽ സി.പി.എം-ലീഗ് പ്രവർത്തകർ ഏറ്റുമുട്ടി. കള്ളവോട്ട് തടയാൻ ശ്രമിച്ച  പലയിടത്തും സംഘർഷവും ഉടലെടുത്തു.  തളിപ്പറമ്പിൽ റീ പോളിംഗ് ആവശ്യം ഉയർന്നിട്ടുണ്ട്. പയ്യന്നൂരിലും തലശ്ശേരിയിലും തളിപ്പറമ്പിലും ബൂത്ത് പിടിച്ചെടുക്കാൻ ശ്രമം നടന്നു.
സി.പി.എമ്മുകാർ ബൂത്തിൽ തടയാൻ ശ്രമിച്ചെന്ന്  ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി ആരോപിച്ചു. കൽപറ്റയിൽ കണിയാമ്പാറ പഞ്ചായത്തിൽ അൻസാരിയ പബ്ലിക് സ്‌കൂളിൽ വോട്ടിംഗ് മെഷീനിൽ തെറ്റായി വോട്ട് രേഖപ്പെടുത്തുന്നുവെന്ന് പരാതി ഉയർന്നതോടെ  വോട്ടെടുപ്പ് മണിക്കൂറുകളോളം  തടസ്സപ്പെട്ടു.


പലയിടത്തും വോട്ടിംഗ് മെഷീനിൽ തകരാർ സംഭവിച്ചെങ്കിലും ഉടൻ പരിഹരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചതിനാൽ വോട്ടെടുപ്പിന് നീണ്ട നിര അപൂർവമായി. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ അടക്കമുള്ള കോവിഡ് രോഗികൾ അവസാന മണിക്കൂറുകളിൽ  പി.പി.ഇ കിറ്റ് ധരിച്ച് വോട്ട് രേഖപ്പെടുത്തി. 
തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു. 
രാജ്യത്ത് കോൺഗ്രസിന്റെ തിരിച്ചുവരവ് കേരളത്തിൽ നിന്നും ആരംഭിക്കുമെന്നാണ് ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. യു.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തല അവകാശപ്പെട്ടു. എന്നാൽ കുന്നത്തുനാട് സ്വന്തമാക്കുമെന്ന് ട്വന്റി 20 വ്യക്തമാക്കി.


 

Latest News