തിരുവനന്തപുരം - സംസ്ഥാനത്ത് ഭരണത്തുടർച്ചയോ ഭരണ മാറ്റമോയെന്ന് തീരുമാനിക്കുന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം 74.02 ആയിക്കുറഞ്ഞത് ആർക്കനുകൂലമായി മാറുമെന്ന കണക്കുകൂട്ടലിൽ മുന്നണികൾ. വോട്ടിംഗ് ശതമാനം കുറഞ്ഞാലത് എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്നും കൂടിയാൽ യു.ഡി.എഫിന് നേട്ടമാകുമെന്ന പരമ്പരാഗത വിശ്വാസത്തിന് ഇപ്പോൾ പ്രസക്തിയില്ല. ഇരുമുന്നണികളെയും മാറിമാറി വിജയിപ്പിക്കുന്ന കേരളത്തിലെ ജനങ്ങളുടെ മനഃസ്ഥിതി ആർക്കുമങ്ങനെ പിടികൊടുക്കുന്നതല്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 77 ശതമാനം പോളിംഗ് നടന്നപ്പോൾ എൽ.ഡ.ിഎഫ് സീറ്റ് തൂത്തുവാരി. 140 ൽ 91 സീറ്റാണ് എൽ.ഡി.എഫിന് ലഭിച്ചത്. എന്നാൽ യു.ഡി.എഫ് 47 കൊണ്ട് തൃപ്തിപ്പെട്ടു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഏറെക്കുറെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം തന്നെയായിരുന്നു. അപ്പോൾ സ്ഥിതി യു.ഡി.എഫിന് അനുകൂലമായി 20 സീറ്റിൽ 19 ഉം നേടി യു.ഡി.എഫ് ചരിത്ര വിജയം നേടി. അതുകൊണ്ട് വോട്ടിംഗ് ശതമാനക്കണക്ക് ഉപയോഗിച്ചുള്ള വിലയിരുത്തലുകൾക്ക് വലിയ പ്രസക്തിയില്ല. കുറഞ്ഞ പോളിംഗ് നടന്ന തെരഞ്ഞെടുപ്പിലും ഉയർന്ന പോളിംഗ് നടന്ന തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് അധികാരത്തിൽ വന്ന ചരിത്രവുമുണ്ട്. ഇത്തവണത്തെ അന്തിമ വോട്ടിംഗ് ശതമാനക്കണക്ക് വന്നിട്ടില്ലെങ്കിലും രണ്ട് മൂന്ന് ശതമാനത്തിന്റെ കുറവ് പ്രതീക്ഷിക്കുന്നുണ്ട്. പുതിയ വോട്ടർമാർ വന്നിട്ടും ഈ കുറവുണ്ടായി എന്നത് ശ്രദ്ധേയമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള കണക്കുകൾ പരിശോധിച്ചാൽ ആകെ 76.66 ശതമാനമായിരുന്നു വോട്ട്. യു.ഡി.എഫ് 37.32 ശതമാനവും എൽ.ഡി.എഫ് 39.87 ശതമാനവും വോട്ട് നേടി. ബി.ജെ.പി 14.94 ശതമാനവും. മൂന്ന് ശതമാനത്തിന്റെ വോട്ടിന്റെ ബലത്തിലാണ് എൽ.ഡി.എഫ് മിന്നുന്ന പ്രകടനം കാഴ്ച െവച്ചത്. അതുകൊണ്ടു തന്നെ മൂന്ന് ശതമാനത്തിന്റെ വോട്ട് ചോർച്ചയാരുടേതാണെന്ന അന്വേഷണമാകും എല്ലാ മുന്നണികളും വരും ദിവസങ്ങളിൽ നടത്തുക.
ഇത്തവണ വടക്കൻ ജില്ലകളിലാണ് താരതമ്യേന കൂടുതൽ വോട്ട് നടന്നത്. എന്നാലത് 2016 ലെ നിലക്കെത്തിയുമില്ല. കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് കൂടുതൽ വോട്ട് നടന്നത്.
ഇരുമുന്നണികളും തങ്ങൾക്കിത് അനുകൂലമാകുമെന്ന് പ്രതീക്ഷ വെയ്ക്കുന്നുണ്ട്. കോഴിക്കോട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും ഉണ്ടായിരുന്നില്ല. അപ്പോൾ പിന്നെങ്ങനെയാണ് യു.ഡി.എഫിന് നേട്ടമാകുമെന്ന് പറയാനാവുകയെന്നാണ് എൽ.ഡി.എഫ് ചോദിക്കുന്നത്. എന്തായാലും വരുന്ന മെയ് രണ്ടു വരെ മൂന്ന് ശതമാനത്തിന്റെ വോട്ട് ചോർച്ച മുന്നണികളുടെ ഉറക്കം കെടുത്തുമെന്ന് തന്നെ കരുതാം.