കോഴിക്കോട്- ജില്ലയിൽ കനത്ത പോളിംഗ്. പല ബൂത്തുകളിലും സുരക്ഷ ശക്തമാക്കിയിരുന്നു. മാവോവാദി സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ച ചില ബൂത്തുകളിൽ തണ്ടർ ബോൾട്ടും കേന്ദ്ര സേനയും ജാഗ്രത പുലർത്തി. പട്രോളിംഗും ശക്തമാക്കിയിരുന്നു.
ഏവരും ഉറ്റുനോക്കുന്ന വടകരയിലും കുറ്റിയാടിയിലും കനത്ത പോളിംഗാണ് നടന്നത്.
ജില്ലയിൽ രാവിലെ ഉയർന്ന തോതിൽ തുടങ്ങിയ പോളിംഗ് പതിനൊന്നോടെ താഴ്‌ന്നെങ്കിലും പിന്നെ ഉച്ച കഴിഞ്ഞ് കുതിച്ചുയരുകയായിരുന്നു. തുടർന്നാണ് 80 ശതമാനം കടന്നത്. വേനൽ ചൂട് കനത്തതാണ് ഉച്ച നേരത്ത് പോളിംഗ് കുറയാനിടയാക്കിയത്. ഉച്ചനേരത്ത് പല പോളിംഗ് ബൂത്തുകളിലും തിരക്കില്ലായിരുന്നു. മാത്രമല്ല ബൂത്തുകളുടെ എണ്ണം കൂട്ടിയതും പോളിംഗ് സമയം ഏഴു മണി വരെ ദീർഘിപ്പിച്ചതും തിരക്കൊഴിയാൻ കാരണമായി. കോവിഡ് സാഹചര്യം പരിഗണിച്ച് ആയിരത്തിലധികം വോട്ടർമാരുള്ള ബൂത്തുകളിൽ ഇത്തവണ അധിക ബൂത്തുകൾ ഒരുക്കിയിരുന്നു. എങ്കിലും ചിലയിടത്ത് സ്ഥിതി വ്യത്യസ്തമായിരുന്നു. ജില്ലയിൽ 25,58,679 വോട്ടർമാർക്കായി മൊത്തം 3790 ബൂത്തുകളായിരുന്നു ഒരുക്കിയിരുന്നത്. 12,39,212 പുരുഷ വോട്ടർമാരും 13,19,416 സ്ത്രീ വോട്ടർമാരുമാണ് ജില്ലയിലുള്ളത്. ഇതാദ്യമായി ട്രാൻസ്‌ജെൻഡർ വിഭാഗത്തെ തരംതിരിച്ച് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയതോടെ ജില്ലയിൽ ഈ വിഭാഗത്തിൽ 51 വോട്ടർമാരാണ് ഉണ്ടായിരുന്നത്.
പതിമൂന്ന് മണ്ഡലങ്ങളിലായി 96 സ്ഥാനാർഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. കൊടുവള്ളി മണ്ഡലത്തിലായിരുന്നു കൂടുതൽ സ്ഥാനാർഥികൾ. പതിനൊന്ന് പേർ. കുറവ് എലത്തൂരിലും കോഴിക്കോട് സൗത്തിലുമായിരുന്നു. അഞ്ചു പേർ വീതമായിരുന്നു ഇവിടെ സ്ഥാനാർഥികൾ.
പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ബൂത്തുകളിൽ പൂർണമായും പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ഓഫീസുകളിലും പ്രകൃതി സൗഹൃദമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശമുണ്ടായിരുന്നു. കോവിഡ് പ്രോട്ടോകോളിനു പുറമെ ഗ്രീൻ പ്രോട്ടോകോളുമായതോടെ തെരഞ്ഞെടുപ്പ് വ്യത്യസ്ത അനുഭവമായി. പെരുമാറ്റച്ചട്ട ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പരാതിപ്പെടാൻ പൊതുജനങ്ങൾക്കായി സിവിജിൽ എന്ന മൊബൈൽ ആപ്പും പുറത്തിറക്കിയിരുന്നു. മാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾ, പെയ്ഡ് ന്യൂസ് തുടങ്ങിയവ കണ്ടെത്തി നടപടി സ്വീകരിക്കാൻ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുമുണ്ടായിരുന്നു. ജില്ലയിൽ 14 ഇടങ്ങളിലായാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ ക്രമീകരിച്ചിരുന്നത്.
ചാത്തമംഗലം പഞ്ചായത്തിലെ അരയങ്കോട് എ.എൽ.പി സ്‌കൂളിലെ 64-ാംനമ്പർ ബൂത്തിലെ വോട്ടിംഗ് യന്ത്രം വോട്ടിംഗ് ആരംഭിച്ച് അൽപ നേരത്തിനകം തന്നെ കേടായി. ഈ സമയമായപ്പോഴേക്കും 26 വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു. മെഷിൻ കേടായതോടെ വോട്ടിംഗ് നിർത്തിവെച്ചു. നിരവധി പേരാണ് ഇവിടെ അതിരാവിലെ മുതൽക്കു തന്നെ വോട്ടു ചെയ്യാനെത്തിയിരുന്നത്. വോട്ടിംഗ് നിർത്തിയതോടെ പലരും വലിയ പ്രയാസത്തിലായി. ജോലിക്കും മറ്റും പോകേണ്ടവരാണ് രാവിലെ തന്നെ വോട്ടു ചെയ്യാനെത്തിയത്.
പിന്നീട് ഒൻപതരയോടെയാണ് കോഴിക്കോട്ടു നിന്നും പുതിയ വോട്ടിംഗ് മെഷീൻ എത്തിച്ചാണ് വോട്ടിംഗ് പുനരാരംഭിച്ചത്. മുക്കം നഗരസഭയിലെ നീലേശ്വരം ഹയർ സെക്കന്ററി സ്‌കൂളിലെ 108-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ കേടായതോടെ ഒരു മണിക്കൂർ വൈകിയാണ് പോളിംഗ് ആരംഭിച്ചത്. മുക്കം താഴേക്കോട് സ്‌കൂളിലെ 113-ാം നമ്പർ ബൂത്തിലേയും വോട്ടിംഗ് മെഷീൻ രാവിലെ തന്നെ പണിമുടക്കിയെങ്കിലും അരമണിക്കൂറിനകം കേടുപാടുകൾ തീർത്ത് വോട്ടിംഗ് പുനരാരംഭിച്ചു. 96-ാം നമ്പർ ബൂത്തിലും മെഷീൻ കേടായത് മൂലം വോട്ടിംഗ് ഏറെ വൈകി.