Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വടകരയിൽ വോട്ടെടുപ്പ് സമാധാനപരം; ഇടത് വോട്ടിൽ കണ്ണുംനട്ട് കെ.കെ രമ 

വടകര- മേഖലയിൽ ഇന്നലെ നടന്ന വോട്ടെടുപ്പ് തികച്ചും സമാധാനപരം. മണ്ഡലത്തിൽ കനത്ത പോളിംഗ്. ആറ് മണിക്ക് മുമ്പ് തന്നെ ബൂത്തുകളിൽ വോട്ടർമാരെത്തിയിരുന്നു. ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ചില ബൂത്തുകളിൽ മെഷീൻ പ്രവർത്തക്കാത്തതിനാൽ ഒന്നും രണ്ടും മണിക്കൂർ വൈകി. ചിലയിടങ്ങളിൽ നേരിയ പ്രതിഷേധമുയർന്നെങ്കിലും കാരണം ബോധ്യപ്പെടുത്തുകയായിരുന്നു. പുലർച്ചെ തന്നെ വോട്ടർമാരെത്തിയതിനാൽ വൈകുന്നേരം ഏഴ് മണിക്ക് മുമ്പ് തന്നെ ഭൂരിപക്ഷം ബൂത്തുകളിലും പോളിംഗ് പൂർത്തിയാക്കാനായി. പല ബൂത്തുകളിലും സുരക്ഷ ശക്തമാക്കിയിരുന്നു. മാവോവാദി സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ച ചില മലയോര ബൂത്തുകളിൽ തണ്ടർ ബോൾട്ടും കേന്ദ്ര സേനയും ജാഗ്രത പുലർത്തി. പട്രോളിംഗും ശക്തമാക്കിയിരുന്നു. 
അരൂർ യു.പി സ്‌കൂളിലെ രണ്ട് ബൂത്തുകളിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് രണ്ട് മണിക്കൂറിലധികം സമയം പോളിംഗ് തടസ്സപ്പെട്ടു. 49, 50-എ എന്നീ ബൂത്തുകളിലാണ് തകരാറിലായത്. ചില ബൂത്തുകളിൽ പോളിംഗ് മന്ദഗതിയിലായിരുന്നു. ഉദ്യോഗസ്ഥരുടെ പരിചയക്കുറവായിരുന്നു കാരണം. മഷി പതിച്ചതിനെ കുറിച്ചും പരാതി ഉയർന്നു. മൂന്നു നാലും സെ.മി നീളത്തിൽ മഷി പുരട്ടി വിരൽ വൃത്തികേടാക്കിയെന്ന് പല വോട്ടർമാരും പരാതിപ്പെട്ടു. 
അഴിയൂരിൽ അവശരായ വോട്ടർമാരുടെ വാഹനം കടത്തി വിടാത്തത് വാക്കു തർക്കത്തിന് കാരണമായി. എൽ.ഡി.എഫ് സ്ഥാാനാർഥിയും മറ്റും ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. യു.ഡി.എഫ് സഹായിക്കുന്ന ആർ.എം.പി സ്ഥാനാർഥി കെ.കെ രമ നെല്ലാച്ചേരി എൽ.പി സ്‌കൂളിൽ മകനോടൊപ്പമെത്തി വോട്ട് ചെയ്തു. ഇടത് വോട്ടുകളും തനിക്ക് ലഭിക്കുമെന്ന് അവർ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥി മനയത്ത് ചന്ദ്രൻ കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. വൻ ഭൂരിപക്ഷത്തിന് വിജയിക്കുെമന്ന് മാധ്യമങ്ങളോട് പറഞ്ഞു. 
കുറ്റിയാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ല ഏറാമല മാരാങ്കണ്ടി എം.എൽ.പി സ്‌കൂളിലും എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി കുഞ്ഞമ്മദ്കുട്ടി കുറ്റിയാടി എം.ഐ.എം യു.പി സ്‌കൂളിലും വോട്ട് ചെയ്തു. ഇരുവരും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് അവകാശപ്പെട്ടു. നാദാപുരം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഇ.കെ വിജയൻ കൊല്ലം യു.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. പിന്നീട് മണ്ഡലത്തിലെ ബൂത്തുകളിൽ സന്ദർശനം നടത്തി.
 

Latest News