ആദ്യം മക്കളുടെ സ്‌നേഹ ചുംബനം, പിന്നെ മധുരത്തോടെ വോട്ട്

നെടുമ്പാശ്ശേരി- വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു ഇത്തവണ ആലുവ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്ത് വോട്ട് രേഖപ്പെടുത്തിയത്. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ താമസക്കാരനായ അന്‍വര്‍ സാദത്തിന്റെയും ഭാര്യ ഇടപ്പള്ളി ചക്കരപ്പറമ്പ്  സ്വദേശിനി സബീനയുടെയും 18 മത് വിവാഹ വാര്‍ഷികമായിരുന്നു ചൊവ്വാഴ്ച. രാവിലെ വിദ്യാര്‍ഥിനികളായ മക്കള്‍ സിമി ഫാത്തിമയും സഫ ഫാത്തിമയും മധുരം നല്‍കി. മക്കളുടെ സ്‌നേഹ ചുംബനങ്ങളും വിജയാശംസകളും ഏറ്റുവാങ്ങിയാണ്  സാദത്തും സബീനയും പുതുവാശ്ശേരി കമ്യൂണിറ്റി ഹാളിലെ 64 നമ്പര്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. ഇതാദ്യമായാണ് വോട്ടെടുപ്പ് ദിനത്തില്‍ വിവാഹ വാര്‍ഷികം. മുന്‍ വര്‍ഷങ്ങളിലും വിവാഹ വാര്‍ഷികത്തിന് ചടങ്ങുകളൊന്നും സംഘടിപ്പിക്കാറില്ല. ഇത്തവണയും അത്തരത്തില്‍ ആഘോഷങ്ങളൊന്നുമുണ്ടായില്ല.വോട്ടെടുപ്പിന് ശേഷം ഭാര്യയെ വീട്ടിലാക്കിയ ശേഷം സാദത്ത് മണ്ഡലത്തിലെ ബൂത്തുകള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെടുകയായിരുന്നു.

 

Latest News