കോട്ടയം - കോൺഗ്രസിന്റെ ശക്തമായ മൂന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്ന്്് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. പുതുപ്പള്ളിയിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മുക്ത ഭാരതമെന്ന ബി .ജെ .പി മുദ്രാവാക്യത്തിന് കേരളം ഇന്ന് കനത്ത തിരിച്ചടി നൽകും. ദേശീയതലത്തിൽ കോൺഗ്രസിന് ആവേശം നൽകുന്ന ഫലം കേരളത്തിൽ നിന്നുണ്ടാകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ശക്തമായ മുന്നേറ്റം ഇന്ത്യയിൽ കോൺഗ്രസ് നടത്തും.
ശബരിമല വിഷയത്തിൽ സർക്കാറിനെ ജനം വിശ്വസിക്കില്ല. ശബരിമലയിൽ ശരിയായ നിലപാട് എടുത്ത എൻ .എസ് .എസ് എന്ന സംഘടനയെ പോലും മുഖ്യമന്ത്രി വിമർശിച്ചു. ഇതിനുള്ള തിരിച്ചടി വോട്ടെടുപ്പിലുണ്ടാകും. മുഖ്യമന്ത്രി ശബരിമലയെക്കുറിച്ച് പറയുന്നത് വിശ്വസിക്കാനാവില്ല. ആചാരങ്ങൾക്ക് എതിരായി സത്യവാങ്മൂലം കൊടുത്തയാളാണ് മുഖ്യമന്ത്രി. ജനങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി ശബരിമല വിഷയത്തിൽ യു ടേൺ എടുത്തത്. കേരളത്തിലെ ഒരു വിശ്വാസിയും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കില്ല.
വനിതാ മതിലുണ്ടാക്കി നവോത്ഥാനത്തിന് ശ്രമിച്ചു. തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രിയുടെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ശബരിമലയിൽ സാധ്യമായ എല്ലാ നിയമനടപടികളും യു ഡി എഫ് അധികാരത്തിലെത്തിയാൽ നിർവഹിക്കും.