കാസര്‍കോട്- കാസര്‍കോട് ജില്ലയിലെ എല്ലാ ബൂത്തുകളിലും ഹരിത ചട്ടം പാലിച്ച് സുഗമമായി നടന്നു. ഭക്ഷണ അവശിഷ്ടങ്ങളും മറ്റ് ജൈവ മാലിന്യങ്ങളും പഞ്ചായത്ത്, നഗരസഭകളുടെ മേല്‍നോട്ടത്തില്‍ പോളിങ് ദിവസം തന്നെ നീക്കം ചെയ്യും. മെഡിക്കല്‍ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യാന്‍ ആരോഗ്യവകുപ്പ് മേല്‍നോട്ടം നിര്‍വ്വഹിക്കും.
ഉദുമ മണ്ഡലത്തിലെ പെരിയ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഹരിത ബൂത്ത് അണിയിച്ചൊരുക്കി. ചേമ്പിലയും മറ്റ് ജൈവ വസ്തുക്കളും ഉപയോഗിച്ച് അലങ്കരിച്ച സ്കൂളിലെ ബൂത്തുകളില്‍ കര്‍മ്മ നിരതരായി ഹരിതകര്‍മ്മ സേനയും പ്രവര്‍ത്തിക്കുകയാണ്. കുടുംബശ്രീ മിഷന് ഭക്ഷണം വിതരണം ചെയ്യുമ്പോഴും പാര്‍സല്‍ സര്‍വ്വീസ് ഒഴിവാക്കാന്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നുവെന്നും പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലന സമയത്ത് അവര്‍ക്ക് ആവശ്യമായ പ്ലേറ്റും ഗ്ലാസും കരുതാനുള്ള നിര്‍ദ്ദേശവും നല്‍കിയിരുന്നെന്ന് ഹരിത ചട്ടം നോഡല്‍ ഓഫീസര്‍ എ. ലക്ഷ്മി അറിയിച്ചു.






