കല്പറ്റ-വോട്ടവകാശം വിനിയോഗിക്കാന്‍ വെട്ടത്തൂര്‍ ഗ്രാമവാസികള്‍ക്കു വനം വകുപ്പിന്റെ സഹായം. വനഗ്രാമമാണ് പുല്പള്ളി പഞ്ചായത്തില്‍പ്പെട്ട വെട്ടത്തൂര്‍. കാട്ടുനായ്ക്ക, പണിയ വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണ് ഗ്രാമവാസികളില്‍ അധികവും. മുപ്പതോളം പേര്‍ക്കാണ് ഇവിടെ വോട്ടവകാശം. ചേകാടി ഗവ.സ്കൂളിലെ ബൂത്തിലാണ് വെട്ടത്തൂര്‍ നിവാസികള്‍ക്കു വോട്ട്. ഗ്രാമത്തില്‍നിന്നു ചേകാടിയിലെത്താന് വനപാതയിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. വെട്ടത്തൂരിനും ചേകടിക്കുമിടയില് വനത്തില്‍ കാട്ടാനശല്യവും രൂക്ഷമാണ്. ഈ സാഹചര്യത്തിലായിരുന്നു വനം വകുപ്പിന്റെ സഹായം. ചെതലത്ത് റേഞ്ചിലെ പുല്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലുള്ള രണ്ടു ജീപ്പുകള്‍ ബൂത്തില്‍ പോയിവരാന്‍ വനം വകുപ്പ് വിട്ടുകൊടുത്തു. വനം ജീവനക്കാരായ മണികണ്ഠന്, കേളു, ലത എന്നിവരുടെ സേവനവും ലഭ്യമാക്കി. വാഹനസൗകര്യം ലഭിച്ചതിനാല്‍ വെട്ടത്തൂരുകാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു ഉച്ചയ്ക്കുമുമ്പേ വീടുകളില്‍ തിരിച്ചെത്തി.