അബുദാബി- സി.ബി.എസ്.ഇ സ്‌കൂളുകളില്‍ മലയാളം പഠനം കഠിനമാക്കുന്ന തരത്തിലാണ് പുതിയ സിലബസ് പരിഷ്‌കരണമെന്ന് പരാതി. എസ്.സി.ആര്‍.ടി.യുടെ കേരള പാഠാവലിയിലെയും അടിസ്ഥാന പാഠാവലിയിലെയും തെരഞ്ഞെടുത്ത പത്തു പാഠങ്ങളും ഒരു ഉപപാഠ പുസ്തകവുമായിരുന്നു കഴിഞ്ഞ വര്‍ഷം വരെ പഠിപ്പിച്ചിരുന്നത്. എന്നാല്‍ പരിഷ്‌കരിച്ച സിലബസില്‍ കേരള പാഠാവലിയിലെയും അടിസ്ഥാന പാഠാവലിയിലെയും മുഴുവന്‍ പാഠങ്ങളും ഒമ്പതിലെയും പത്തിലെയും കുട്ടികള്‍ പഠിക്കണം. ഇത് തികച്ചും അപ്രായോഗികമാണെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ഒമ്പതാം ക്ലാസില്‍ തുളസി കോട്ടുക്കലിന്റെ 'തേജസ്വിയായ വാഗ്മി'യും പത്താം ക്ലാസില്‍ രാജന്‍ തുവ്വാരയുടെ 'ചട്ടമ്പിസ്വാമികള്‍ - ജീവിതവും സന്ദേശവും' എന്നീ പുസ്തകങ്ങളുമാണ് ഉപപാഠപുസ്തകങ്ങളായി പഠിപ്പിച്ചുകൊണ്ടിരുന്നത്.
ഈ പുസ്തകങ്ങളുടെ സാഹിത്യഗുണങ്ങളെക്കുറിച്ച് അധ്യാപകര്‍ക്കിടയില്‍ വ്യാപകമായ സംശയങ്ങളുണ്ടായിരുന്നു. ഇത് പലരും സി.ബി.എസ്.സി.യെ രേഖാമൂലം അറിയിച്ചിരുന്നു.
സ്റ്റേറ്റ് സിലബസില്‍ കേരളപാഠാവലിയും അടിസ്ഥാന പാഠാവലിയും രണ്ടു വിഷയങ്ങളായാണ് പഠിപ്പിക്കുന്നത്. അത് രണ്ടുംചേര്‍ത്ത് ഒറ്റ വിഷയമായി പഠിപ്പിക്കാനാണ് സി.ബി.എസ്.സി. നിഷ്‌കര്‍ഷിക്കുന്നത്. സി.ബി.എസ്.സി. സ്‌കൂളുകളില്‍ രണ്ടാംഭാഷയായി പഠിപ്പിക്കുന്ന മലയാളമടക്കമുള്ള ഭാഷകള്‍ക്ക് എന്നും രണ്ടാം സ്ഥാനമേ ലഭിക്കാറുള്ളു. പല സ്‌കൂളുകളും മുന്നോ നാലോ പിരീയഡ് മാത്രമാണ് രണ്ടാംഭാഷകള്‍ക്ക് നല്‍കാറുള്ളത്. ഈ സമയക്രമത്തില്‍ ഈ രണ്ടുപ ുസ്തകങ്ങളും പഠിപ്പിച്ചെടുക്കുക എന്നത് അധ്യാപകര്‍ക്ക് വലിയ വെല്ലുവിളിയാണ്.