Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വയനാട്ടിൽ മുന്നണികളുടെ പ്രതീക്ഷ 80 ശതമാനത്തിൽ കുറയാത്ത പോളിംഗ്

സി.കെ. ജാനു  താമര അടയാളത്തിൽ  മത്സരിക്കുന്ന തെരഞ്ഞെടുപ്പ്

കൽപറ്റ-വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണം നടന്ന വയനാട്ടിൽ മുന്നണികൾ പ്രതീക്ഷിക്കുന്നതു 80 ശതമാനത്തിൽ കുറയാത്ത പോളിംഗ്. സംസ്ഥാന തലത്തിൽ ഭരണം നിലനിർത്താൻ ഇടതുമുന്നണിയും തിരിച്ചുപിടിക്കാൻ വലതും മുന്നണിയും നില മെച്ചപ്പെടുത്താൻ ദേശീയ ജനാധിപത്യ സഖ്യവും  പ്രചാരണ രംഗത്തു അടവുകളെല്ലാം പുറത്തെടുത്തു. ഈ സാഹചര്യത്തിൽ ഓരോ ബൂത്തിലും പോളിംഗ് ശതമാനം ഒന്നിനൊന്നു മികിച്ചതാകുമെന്ന കണക്കുകൂട്ടലിലാണ് മൂന്നു മുന്നണികളുടെയും നേതൃത്വം. പോളിംഗ് ശതമാനം ജില്ലയിൽ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതലാകുമെന്നു കരുതുന്നവരും രാഷ്ടീയ പാർട്ടികളിലുണ്ട്. 2019 ൽ  മാനന്തവാടി നിയോജക മണ്ഡലത്തിൽ 81.54 ഉം ബത്തേരിയിൽ 81.91 ഉം കൽപറ്റയിൽ 80.88 ഉം ആയിരുന്നു പോളിംഗ് ശതമാനം. 
നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 3,03,240 പുരുഷൻമാരും 3,12,870 സ്ത്രീകളും ഉൾപ്പെടെ 6,16,110 പേർക്കാണ് വോട്ടവകാശം. മാനന്തവാടി മണ്ഡലത്തിൽ 1,95,048 ഉം ബത്തേരിയിൽ 2,20,167 ഉം കൽപറ്റയിൽ 2,00,895 ഉം വോട്ടർമാരുണ്ട്.  
നിശ്ശബ്ദ പ്രചാരണ ദിനമായ ഇന്നലെ മൂന്നു മണ്ഡലങ്ങളിലും സ്ഥാനാർഥികളും മുന്നണി പ്രവർത്തകരും വിശ്രമമില്ലാത്ത ഓട്ടത്തിലായിരുന്നു. ഇളകിനിൽക്കുന്ന വോട്ടുകൾ അനുകൂലമാക്കുന്നതിലായിരുന്നു സ്ഥാനാർഥികളുടെ ശ്രദ്ധ. ഓരോ ബൂത്തുകളിലെയും തെരഞ്ഞെടെുപ്പു കമ്മിറ്റികൾ നൽകിയ പട്ടികയിൽ പറയുന്ന സമുദായ നേതാക്കളെയും  വ്യക്തികളെയും മൂന്നു മുന്നണികളിലെയും സ്ഥാനാർഥികളും നേതാക്കളും നേരിക്കൽക്കണ്ടാണ് വോട്ടഭ്യർഥന നടത്തിയത്. നഗര-ഗ്രാമ ഭേദെമന്യേ രാത്രി വൈകിയും മുന്നണികളുടെ വാഹനങ്ങൾ നിരത്തു വിട്ടിരുന്നില്ല. 
എല്ലാ പോളിംഗ് സ്‌റ്റേഷനുകളുടെയും നിശ്ചിത അകലത്തിൽ മൂന്നു മുന്നണികളും അലങ്കരിച്ച ബൂത്തുകളുടെ നിർമാണം രാത്രിയോടെ പൂർത്തിയാക്കി. സ്ഥാനാർഥികളുടെ ചിത്രം, ചിഹ്‌നം എന്നിവ മുദ്രണം ചെയ്ത വർണക്കടലാസുകൾ ഉപയോഗിച്ചാണ് ബൂത്തുകൾ പ്രധാനമായും അലങ്കരിച്ചത്. എതിരാളികൾ അലങ്കോലമാക്കാതിരിക്കാൻ രാത്രി ബൂത്തുകൾക്കു മുന്നിൽ പ്രവർത്തകരുടെ കാവലും ഉണ്ടായിരുന്നു. അതതു പോളിംഗ് സ്്‌റ്റേഷനുകളിൽ തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥരും വൈകുന്നേരത്തോടെ എത്തി. സുരക്ഷാ ചുമതലയുള്ളവർ ഓരോ സ്ഥലത്തും നേരത്തേ എത്തിയിരുന്നു. 
മാവോയിസ്റ്റ് ഭീഷണിയുള്ളതും പ്രശ്‌ന സാധ്യതയുള്ളതുമായ ഏതാനും ബൂത്തുകൾ ജില്ലയിലുണ്ട്. ഇതു കണക്കിലെടുത്തു മറ്റിടങ്ങളെ   അപേക്ഷിച്ച് ഒരു മണിക്കൂർ നേരത്തെ ജില്ലയിൽ വോട്ടെടുപ്പ് അവസാനിക്കും. രാവിലെ ഏഴിനാണ് വോട്ടെടുപ്പിനു തുടക്കം. 372 ഓക്‌സിലറി ബൂത്തുകൾ ഉൾപ്പെടെ  948 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിൽ. 48 ബൂത്തുകൾ മാതൃകാ ഹരിത പോളിംഗ് ബൂത്തുകളാണ്. മാനന്തവാടി മണ്ഡലത്തിൽ 299 ഉം  ബത്തേരിയിൽ 333 ഉം കൽപറ്റയിൽ 316 ഉം പോളിംഗ് സ്റ്റേഷനുകളാണുള്ളത്.
2011 ലെ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ മൂന്നു മണ്ഡലങ്ങളിലും വിജയഭേരി മുഴക്കിയതു യു.ഡി.എഫാണ്. എന്നിൽ 2016 ൽ ചിത്രം മാറി. ഇടതും വലതും ചവിട്ടിയാണ് ജില്ല നിന്നത്. ബത്തേരി യു.ഡി.എഫ് നിലനിർത്തിയപ്പോൾ മാനന്തവാടിയും കൽപറ്റയും ഇടതുമുന്നണി വരുതിയിലാക്കി. ഇത്തവണ വയനാട് അടച്ചുപിടിക്കണമെന്ന വാശിയിലാണ് ഇടതു, വലതു മുന്നണികൾ. വോട്ടർമാരെ സ്വാധീനിക്കുന്നതിനു മണ്ഡലം അടിസ്ഥാനത്തിൽ പ്രകടന പത്രികയും മുന്നണികൾ ഇറക്കുകയുണ്ടായി. തെരഞ്ഞെടുപ്പു കാലങ്ങളിലെ വാഗ്ദാനങ്ങൾ കേട്ടു തഴമ്പിച്ചതാണ് ജില്ലയിലെ വോട്ടർമാരുടെ കാതുകൾ.  അതിനാൽ തന്നെ പ്രകടന പത്രികകൾ വോട്ടർമാരിൽ പ്രത്യേക ചലനം സൃഷ്ടിക്കാനിടയില്ല. 
സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമാണ് ജില്ലയിലെ ബത്തേരി. വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ തുടർച്ചയായ മൂന്നാം തവണയും ജനവിധി തേടന്ന ബത്തേരിയിൽ കെ.പി.സി.സി. മുൻ സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് എൽ.ഡി.എഫ് സ്ഥാനാർഥി. മുത്തങ്ങ വനത്തിലെ ഭൂസമരത്തിലൂടെ പ്രശസ്തയായ ആദിവാസി വനിതാ നേതാവ് സി.കെ.ജാനുവാണ് മണ്ഡലത്തിൽ താമര അടയാളത്തിൽ എൻ.ഡി.എയ്ക്കു വേണ്ടി മത്സരിക്കുന്നത്. 2016 ലെ തെരഞ്ഞെടുപ്പിലും ബത്തേരിയിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന ജാനു 27,000 ത്തിൽപരം വോട്ട് നേടിയിരുന്നു.
 

Latest News