90 വോട്ടര്‍മര്‍ മാത്രമുള്ളിടത്ത് പെട്ടിയില്‍ വീണത് 181 വോട്ടുകള്‍!, അസമില്‍ വീണ്ടും ക്രമക്കേട്

ഗുവാഹത്തി- അസമില്‍ വോട്ടെടുപ്പ് ക്രമക്കേട് വീണ്ടും. 90 വോട്ടര്‍മാര്‍ ഉള്ള ദിമ ഹസാവോ ജില്ലയിലെ ഒരു പോളിങ് ബൂത്തില്‍ ഇലക്ട്രേണിക് വോട്ടിങ് യന്ത്രത്തില്‍ 181 വോട്ടുകള്‍  രേഖപ്പെടുത്തിയതായി കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് ആറു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ഏപ്രില്‍ ഒന്നിന് നടന്ന രണ്ടാംഘട്ട പോളിങില്‍ വോട്ടെടുപ്പ് നടന്ന ഹഫ്‌ലോങ് മണ്ഡലത്തിലുള്‍പ്പെട്ട ബൂത്താണിത്. 2016ല്‍ ബിജെപി ജയിച്ച ഈ മണ്ഡലത്തില്‍ 74 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ഈ ബൂത്തില്‍ റീപോളിങ് നടത്താനാണ് കമ്മീഷന്റെ നീക്കം. 

മുഖ്യ പോളിങ് ബൂത്തിന് അനുബന്ധമായി ക്രമീകരിച്ച ഉപ പോളിങ് ബൂത്തായിരുന്നു ക്രമക്കേട് കണ്ടെത്തിയ ബൂത്ത്. മുഖ്യപോളിങ് ബൂത്തില്‍ വോട്ട് ചെയ്തവരെ ഉപ ബൂത്തിലും വോട്ട് രേഖപ്പെടുത്താന്‍ അനുവദിച്ചതായി പ്രിസൈഡിങ് ഓഫീസറും ഫസ്റ്റ് പോളിങ് ഓഫീസറും കുറ്റംസമ്മതിച്ചതായി തെര. കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. കൃത്യവിലോപ കുറ്റം ചുമത്തിയാണ് ഇവരടക്കം ആര് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ അസമില്‍ ഇത് രണ്ടാം തവണയാണ് ക്രമക്കേട് പുറത്തു വരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടു പോകുന്ന ചിത്രങ്ങള്‍ പുറത്തു വന്നത് കോളിളക്കമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ ഇവിടെ റീപോളിങ് പ്രഖ്യാപിച്ചിരിക്കുകയാണ്.
 

Latest News