കാസർകോട്-അറിയുമോ, അഹമ്മദ്കുഞ്ഞിയെ? 2016 ലെ നിയമസഭ തെരഞ്ഞടുപ്പിൽ വിജയിച്ച യു ഡി എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ പി ബി അബ്ദുറസാഖിന്റെ വിജയം ചോദ്യം ചെയ്തു എതിർ സ്ഥാനാർഥിയായിരുന്നബി ജെ പിയുടെ കെ. സുരേന്ദ്രൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തപ്പോൾ സത്യം ബോധിപ്പിക്കാൻ കോടതി കയറിയ 'പരേതരിൽ' ഒരാളാണ് 78 കാരനായ മഞ്ചേശ്വരം വൊർക്കാടി പഞ്ചായത്തിലെഅഹമ്മദ്കുഞ്ഞി. ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി താൻ മരിച്ചിട്ടില്ലെന്ന് ബോധിപ്പിക്കേണ്ടിവന്ന അനുഭവവും കേരള അതിർത്തിയായ വൊർക്കാടിയിൽനിന്ന് എറണാകുളം വരെ പോയ യാത്രകളും വിവരിക്കുമ്പോൾ പ്രായം മറികടക്കുന്ന ഉശിരാണ് അഹമ്മദ് കുഞ്ഞിക്ക്. പരേതനല്ലെന്ന ജീവിതസാക്ഷ്യവുമായി അഹമ്മദ് കുഞ്ഞി 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തു. ഇന്ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഉഷാറായി ബൂത്തിലെത്തി ഇദ്ദേഹം വോട്ട് ചെയ്യും. പി ബി അബ്ദുറസാഖിനോട് 89 വോട്ടുകൾക്ക് തോറ്റതിനെതുടർന്നാണ് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. 291 പേർ കള്ളവോട്ട് ചെയ്തുവെന്ന് വാദിച്ച ഹരജിക്കാരൻ അതിൽ 'പരേതരുടെ' പട്ടികയും സമർപ്പിച്ചു. റസാഖിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.അര കോടിയോളം രൂപ കേസ് നടത്തിപ്പിനായി ചെലവിട്ട പി ബി അബ്ദുറസാഖ് എം.എൽ.എയും മുസ്ലിം ലീഗും 175 പേരെ കോടതിയിൽ ഹാജരാക്കി. 11 പേരുടെ മരണ സർട്ടിഫിക്കറ്റ് സമർപ്പിച്ചു. ശേഷിച്ചവരിൽ 65 പേർ വിദേശത്താണെന്ന് റസാഖ് അറിയിച്ചതോടെ അവരെ ഹാജരാക്കാൻ ഒരാൾക്ക് യാത്രചെലവിന് 47,000 രൂപ നിരക്കിൽ കോടതിയിൽ കെട്ടിവെക്കാൻ അന്യായക്കാരന് നിർദേശം നൽകി. ഇതിന് വഴങ്ങാൻ സുരേന്ദ്രനായില്ല. കേസ് തുടരുന്നതിനിടെ 2018 ഒക്ടോബർ 20 ന് പി ബി അബ്ദുറസാഖ് അന്തരിച്ചു. ഇതേ തുടർന്ന് കേസ് പിൻവലിക്കുന്നുണ്ടോ എന്ന് അന്യായക്കാരനോട് ഹൈക്കോടതി ആരാഞ്ഞിരുന്നു. പത്തനംതിട്ടയിൽ ലോക്‌സഭ മണ്ഡലം സ്ഥാനാർഥിയാകുന്നതിനാണ് കേസ് അവസാനിപ്പിച്ച് മറുപടി നൽകിയത്. കള്ളവോട്ടും ഇരട്ടവോട്ടും കേരളമാകെ ചർച്ചയാകുന്ന ഈ തെരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രന്റെ കേസും ആരോഗ്യത്തോടെ മണ്ഡലം നിറയുന്ന 'പരേതരും' മഞ്ചേശ്വരത്തിന്റെ സവിശേഷ വിഷയം.