Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസികളെ ചേർത്തുപിടിച്ച പിണറായി സർക്കാർ 


പ്രതിസന്ധി ഘട്ടത്തിൽ പ്രവാസി കുടുംബങ്ങൾക്ക് സംരക്ഷണ കവചം ഒരുക്കിയ ഇടതു ഗവൺമെന്റിന്റെ തുടർഭരണം പ്രവാസ മനസ്സുകൾ ആഗ്രഹിക്കുന്നു. 
പ്രവാസികളെ  അവഗണിക്കുകയും അവരെ സംരക്ഷിക്കുന്നതിനായി ഒരു നടപടിയും കൈക്കൊള്ളാതെ കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമ്പോൾ ഓഖി, നിപ, പ്രളയം, കോവിഡ്19 എന്നിവ ഉണ്ടാക്കിയ ദുരന്തങ്ങൾക്കിടയിൽ പ്രവാസികളെ  സംരക്ഷിക്കുകയും അവരുടെ പുനരധിവാസം ഉറപ്പാക്കാൻ വേണ്ടി ക്രിയാത്മക പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയും ചെയ്ത ഇടതുപക്ഷ സർക്കാരിനെയും വിശിഷ്യ, മുഖ്യമന്ത്രിയെയും കൃതാർത്ഥയോടു കൂടിയാണ് ലോകത്താകമാനം പണിയെടുക്കുന്ന പ്രവാസി സമൂഹം നോക്കിക്കാണുന്നത്. മലയാളികൾ
പ്രവാസം തുടങ്ങിയിട്ട് ഏഴു പതിറ്റാണ്ട് കഴിഞ്ഞിടുമ്പോൾ മാറിമാറി അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാരുകൾ വെറും കറവപ്പശുവായി മാത്രം പ്രവാസികളെ പരിഗണിച്ചപ്പോൾ അവരുടെ ക്ഷേമത്തിനായി ഇ.കെ നായനാർ മന്ത്രിസഭയുടെ കാലത്ത്  പ്രവാസികാര്യ വകുപ്പിന് രൂപം കൊടുത്തത് മുതൽ ലോകം മുഴുവൻ കൊറോണ എന്ന  മഹാമാരിയുടെ പിടിയിലമർന്ന്  ഗത്യന്തരമില്ലാതായപ്പോഴും പ്രവാസികളെയും കുടുംബങ്ങളെയും ചേർത്തുപിടിച്ചതു വരെയുള്ള കാര്യങ്ങൾ ഓരോന്നായി പരിശോധിക്കുമ്പോൾ വരെ മുഴുവൻ ക്രെഡിറ്റും
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അവകാശപ്പെടാനുള്ളതാണെന്ന് കാണാൻ കഴിയും. 


നോർക്ക റൂട്ട്‌സ്, പ്രവാസി ഐഡന്റിറ്റി കാർഡ്, പ്രവാസി ക്ഷേമനിധി, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, പ്രവാസി ടോൾ ഫ്രീ ഹെൽപ് ലൈൻ സംവിധാനം, പ്രവാസി പെൻഷൻ, സാന്ത്വനം, കാരുണ്യം, പ്രവാസികൾക്കായുള്ള പുനരധിവാസ പദ്ധതികൾ  തുടങ്ങി ലോകമെമ്പാടുമുള്ള പ്രവാസികളുടെ ഉന്നമനം ലക്ഷ്യംവെച്ചു രൂപംകൊടുത്ത മിക്കവാറും എല്ലാ നടപടികൾക്കും തുടക്കം കുറിച്ചതും നടപ്പിലാക്കിയതും ഇടതുപക്ഷ സർക്കാരുകളായിരുന്നു. പ്രവാസി പെൻഷൻ തുക പ്രതിമാസം 3500 രൂപയാക്കി ഇക്കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തി ചരിത്രം കുറിച്ചു. കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള പ്രവാസികൾക്കും പരീക്ഷണ ഘട്ടമായിരുന്നു. പ്രവാസികൾക്ക് ഒരു ആശങ്കക്കും ഇടനൽകാത്ത വിധം പൊതുജനാരോഗ്യ രംഗത്തും കൊറോണ രോഗികളുടെ പരിപാലന രംഗത്തും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചത് കേരള സർക്കാരിന്റെ ഭരണ മികവിന്റെ നേർകാഴ്ചയായിരുന്നു. സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ പ്രവാസികളുടെ കുടുംബങ്ങൾക്കും ലഭിച്ചു. കൊറോണ മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിലും ലോക്ഡൗണിൽ നാട്ടിൽ കുടങ്ങി തിരികെ ജോലിക്ക് പോകാനാകാതെ നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് 5000 രൂപ വീതം നൽകാൻ കേരള സർക്കാരിന് കഴിഞ്ഞു.  അറുപതിനായിരത്തിലധികം  പ്രവാസികൾക്ക് ഇതുവരെ ഈ സഹായധനം വിതരണം ചെയ്തിട്ടുണ്ട്. മടങ്ങിയെത്തിയ പ്രവാസികൾക്ക് സാന്ത്വന പദ്ധതി പ്രകാരം 21.7 കോടി രൂപ ഈ സാമ്പത്തിക വർഷം വിതരണം ചെയ്തു. അതേപോലെ പ്രവാസി ക്ഷേമത്തിനായി മുൻ സർക്കാർ 68 കോടി ചെലവഴിച്ചപ്പോൾ പിണറായി സർക്കാർ ചെലവഴിച്ചത് 180 കോടി രൂപയാണ്.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സിന്റെ നട്ടെല്ലായ ലോകമെമ്പാടുമുള്ള പ്രവാസികളെ ഒരു പ്ലാറ്റ്‌ഫോമിൽ ഏകോപിപ്പിക്കുകയും നാട്ടിന്റെ വികസന മുന്നേറ്റത്തിൽ സജീവ പങ്കാളികളാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത ലോക കേരള സഭ പിണറായി സർക്കാരിന്റെ ദീർഘ വീക്ഷണത്തിന്റെയും  കരുതലിന്റെയും മകുടോദാഹരണമാണ്.
കോവിഡ്19 ലോകത്താകമാനം മരണം വിതച്ച സമയത്തുള്ള ലോക കേരള സഭയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമായിരുന്നു. ആയിരക്കണക്കിന് പ്രവാസികൾക്ക്  ഭക്ഷണവും മരുന്നും എത്തിക്കാനും ചികിത്സ ലഭ്യമാക്കാനും വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ചാർട്ടേഡ് ഫ്‌ളൈറ്റിൽ അവരെ നാട്ടിലെത്തിക്കാനും നോർക്ക ഹെൽപ് ഡെസ്‌കിനു കഴിഞ്ഞു.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും വിദേശത്തു നിന്നും തിരികെ  എത്തുന്ന പ്രവാസികൾക്ക്  നൽകുന്ന ക്വാറന്റൈൻ, കൊറോണ ടെസ്റ്റിംഗ് സംവിധാനങ്ങൾക്കു വൻ തുക ഫീസായി വാങ്ങിയപ്പോൾ  എല്ലാ പാവപ്പെട്ട പ്രവാസികൾക്കും സൗജന്യമായി ക്വാറന്റൈൻ സൗകര്യങ്ങളും കൊറോണ ടെസ്റ്റിംഗ് സംവിധാനവും ഒരുക്കി കേരള സർക്കാർ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്കും ലോകത്തിനു തന്നെയും  മാതൃകയായി. പ്രവാസി ഐഡന്റിറ്റി കാർഡുള്ള ഓരോ പ്രവാസിക്കും നൽകുന്ന ഇൻഷുറൻസ് തുക നാലു ലക്ഷമായി ഉയർത്തിയതും കൊറോണ കാലത്താണ്.
വിദേശത്ത് 2 വർഷത്തിൽ കൂടുതൽ പണി എടുക്കുകയും നാട്ടിൽ തിരിച്ചെത്തിയതുമായ പ്രവാസികൾക്ക് കൊറോണ രോഗം പിടിപെട്ടിട്ടുണ്ടെങ്കിൽ സാന്ത്വന പദ്ധതിയിൽ പെടുത്തി അവർക്ക് 10,000 രൂപയുടെ അടിയന്തര സഹായവും ജനുവരി 1 മുതൽ നാട്ടിൽ മടങ്ങി വന്ന് തൊഴിൽ വിസ ഉള്ളവർക്ക് ലോക്ഡൗൺ കാരണം തിരികെ പോകാൻ കഴിയാത്തവർക്ക് 5000 രൂപയുടെ ആശ്വാസ ധനവും നോർക്ക റൂട്ട്‌സ് നൽകുന്നു.  മാത്രവുമല്ല ലോക്ഡൗൺ കാരണം മരുന്ന് ലഭ്യമാകാതെ വിദേശത്ത് അകപ്പെട്ടവർക്കായി ഡി.എച്ച്.എൽ കൊറിയർ കമ്പനിയുമായി ധാരണയിലെത്തി 25% ഡിസ്‌കൗണ്ടിൽ ഡോർ ടു ഡോർ സംവിധാനത്തിലൂടെ പ്രവാസികളുടെ കൈകളിൽ മരുന്ന് എത്തിക്കാൻ നോർക്ക റൂട്ട്‌സിനു സാധിച്ചു.
പ്രവാസികളെ ചേർത്ത് പിടിച്ച ഈ സർക്കാരിന്റെ തുടർഭരണമാണ് പ്രവാസികളത്രയും ആഗ്രഹിക്കുന്നത്.

(ദമാം നവയുഗം സാംസ്‌കാരിക വേദി വൈസ് പ്രസിഡന്റും ലോക കേരള സഭാംഗവുമാണ് ലേഖകൻ) 

 

Latest News