Sorry, you need to enable JavaScript to visit this website.

സാമ്പത്തിക സ്ഥാപനങ്ങൾക്ക് മൂലധനാടിത്തറ പ്രധാനം  -റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ

സാമ്പത്തിക സ്ഥാപനങ്ങൾ സമ്മർദ്ദങ്ങൾ താങ്ങാൻ തക്ക മൂലധനാടിത്തറ സൃഷ്ടിക്കണമെന്നും ഉയർന്ന ധാർമികത പുലർത്തണമെന്നും റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എം. രാജേശ്വർ റാവു പറഞ്ഞു. 
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിലെ 30,000ഓളം വരുന്ന ജീവനക്കാർക്ക് പ്രചോദനം നൽകുന്നതിനായി സംഘടിപ്പിച്ചു വരുന്ന മൈൻഡ് റ്റു മൈൻഡ് പ്രഭാഷണ പരമ്പരയുടെ 29ാം പതിപ്പിൽ സംസാരിക്കുകയായിരുന്നു രാജേശ്വർ റാവു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കോവിഡ് തളർച്ചയിൽ നിന്ന് കരകയറിയെന്നും വിവിധ സൂചികകൾ ഒരു തിരിച്ചുവരവിലേയ്ക്കാണ് വിരൽചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. 
എന്നാൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഈയിടെ കാണപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലെ വർധന, മുൻകരുതൽ എടുക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുന്നു. ഇത് കണക്കിലെടുത്താണ് സമ്മർദ്ദങ്ങൾ താങ്ങാൻ തക്ക മൂലധനാടിത്തറ സൃഷ്ടിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തത്. സാമ്പത്തിക സ്ഥാപനങ്ങൾ വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളുടേയും നഷ്ടസാധ്യതകളേയുംക്കുറിച്ച് ജാഗ്രത കാണിക്കണം, മികച്ച ഭരണസംവിധാനം നടപ്പിലാക്കണം, ഉയർന്ന ധാർമികമൂല്യങ്ങൾ പുലർത്തണം. മൂലധനം, തൊഴിൽ, നൈപുണ്യം തുടങ്ങിയ എല്ലാ മേഖലകളും കോവിഡാനന്തര സാമ്പത്തിക സാഹചര്യങ്ങൾക്കിണങ്ങുന്ന വിധം ശക്തമായതും പരിസ്ഥിതിക്കിണങ്ങുന്നതുമായ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ തയ്യാറെടുക്കണം. 
വളർച്ച ആസൂത്രണം ചെയ്യുമ്പോൾ കാലാവസ്ഥാമാറ്റവും ഗ്രീൻ ഫിനാൻസും പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങളും പരിഗണിക്കണം. ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര നിലനിൽപ്പിനുള്ള അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള അവസരമായി വേണം നിലവിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാനെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി ഗവർണറുടെ ഉൾക്കാഴ്ച നിറഞ്ഞ പ്രഭാഷണത്തിന് നന്ദി പറഞ്ഞ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സിഎംഡി തോമസ് ജോൺ മുത്തൂറ്റ്, കഴിഞ്ഞ ഒരു വർഷമായി കേന്ദ്ര സർക്കാരും റിസർവ് ബാങ്കും എടുത്ത വിവിധ നടപടികൾ ബാങ്കുകളുടേയും എൻബിഎഫ്‌സികളുടേയും പണലഭ്യത (ലിക്വിഡിറ്റി) മെച്ചപ്പെടുത്തിയെന്ന് അഭിപ്രായപ്പെട്ടു.
 

Latest News