ഛായയും പ്രതിഛായയും തമ്മിൽ എന്ത് അന്തരം എന്ന് ഇന്നേവരെ പിടികിട്ടിയിട്ടില്ല. ഛായ സാമ്യത്തെയും പ്രതിഛായ തികഞ്ഞ സാരൂപ്യത്തെയും സൂചിപ്പിക്കുന്നു എന്നു കരുതാമോ? അങ്ങനെ ന്യായം പറയാമെങ്കിലും വാസ്തവം അതല്ല. ഛായ തത്സ്വരൂപവും പ്രതിഛായ ഇഷ്ടം പോലെ ഒട്ടൊക്കെ മാറ്റിയെടുക്കാവുന്ന പ്രതിഫലനവും ആയി വ്യാഖ്യാനിക്കപ്പെടുന്നു. അതുകൊണ്ടാവാം, നമ്മുടെ നേതാക്കൾ നാലാൾ കാണുന്ന അവരുടെ രൂപത്തിന്റെ രൂപാന്തരത്തെ മിനുക്കമുള്ളതാക്കാൻ എപ്പോഴും പണിപ്പെട്ടുകൊണ്ടിരിക്കുന്നു. ജനിമോക്ഷക്കവലയിലെ താടിക്കാരെപ്പോലെ, ജനകീയക്കവലയിലെ നേതാക്കളെപ്പറ്റിയും പാടിയപ്പോൾ അതായിരുന്നിരിക്കണം വൈലോപ്പിള്ളിയുടെ മനോഭാവം.
ഇപ്പോൾ അഞ്ചു ടൺ പൊൻ ചായം പൂശിയാലും പകിട്ടുണ്ടാവാത്ത രൂപം ആരുടേതായിരിക്കും? മാർക്‌സിസ്റ്റുകാരല്ലാത്തവരിൽ മിക്കവരും രണ്ടാമതൊന്നാലോചിക്കാതെ പറയും, പിണറായി വിജയൻ. അദ്ദേഹത്തെ ചീത്തയാക്കാൻ പാർട്ടി വിരുദ്ധർ എന്തൊക്കെ ചെയ്യുന്നു, അദ്ദേഹത്തിന്റെ നന്മകൾ എങ്ങനെ തമസ്‌ക്കരിക്കപ്പെടുന്നു, ബൂർഷ്വാ ഭൂപ്രഭു മുതലാളിത്തം എവിടെയൊക്കെ അഴിഞ്ഞാടുന്നു എന്നു വിസ്തരിക്കുകയാവും മാർക്‌സിസ്റ്റുകാർ.
ഛായ ഇത്രയൊക്കെ മങ്ങാൻ തക്കവണ്ണം ഇരുണ്ടതാണോ വിജയന്റെ മുഖം എന്ന് ആലോചിക്കാൻ മറ്റുള്ളവർ മെനക്കെടാറില്ല. അതാണ് പ്രതിഛായയുടെ നിർമാണരഹസ്യം. ഓരോ കാര്യവും ഇഴ പിരിച്ചെടുത്തും വാദവും പ്രതിവാദവും മഷിയിട്ടുനോക്കിയും രൂപപ്പെടുത്തുന്നതല്ല പ്രതിഛായ. പലപ്പോഴും ആളുകളെ സുഖിപ്പിക്കുന്ന പ്രതിഛായക്കുപിന്നിൽ സത്യവും ധർമ്മവും ജനോപകാരതൽപരതയും ഉണ്ടായിക്കൊള്ളണമെന്നില്ല.
ആരും ആർക്കും പറഞ്ഞുകൊടുക്കേണ്ടതില്ല, പ്രതിഛായ രൂപപ്പെടുത്തുന്നതിൽ ഉൾപ്പെട്ടവരെ സുഖിപ്പിക്കുകയാണ് നേതാക്കളുടെ ഒരു തന്ത്രം, പൊതുവേ പറഞ്ഞാൽ. അതാതു കാലത്ത് മാധ്യമങ്ങളിൽ ചരട് വലിക്കുന്ന ലേഖകരെയും നിരീക്ഷകരെയും മെരുക്കിനിർത്താൻ വലിയ വിഷമമൊന്നുമില്ല. ഒരു ചെറുചിരി, ഒരു ഫോൺ വിളി, ഒരു തലോടൽ, വല്ലപ്പോഴുമൊരുപകാരം അത്ര മതി ഒരു മാതിരി ആളുകളെയെല്ലാം വശത്താക്കാൻ. അവരുമായി രഹസ്യം കൈമാറാനും ചങ്ങാത്തം സ്ഥാപിക്കാനും സാമർഥ്യമുള്ളവർ സത്യത്തിന്റെ വിരൂപമായ മുഖം വെളിച്ചം കാണാതിരിക്കാനും ശ്രമിക്കും. അധികാരത്തിലിരിക്കുന്ന ചങ്ങാതികളെ എപ്പോഴും അവിടെ പിടിച്ചുനിർത്താൻ അനുവാചകരും അനുഗാമികളും താൽപര്യപ്പെടുന്നത് സ്വാഭാവികം തന്നെ. ആ ദൗർബല്യം അതിര് കവിയരുതെന്നു കരുതിയാണ് വാഷിംഗ്ടൺ പോസ്റ്റിന്റെ എക്‌സിക്യൂട്ടിവ് എഡിറ്റർ ആയിരുന്ന ഫിൽ ഗ്രഹാം ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയത്: അധികാരത്തിലുള്ളവരുമായി ഇടപഴകിയേ തീരൂ, രാഷ്ട്രീയലേഖകർക്ക്; പക്ഷെ അടുപ്പം അധികമാകരുത്.
ആ സുഭാഷിതത്തിന്റെ അവസാനഭാഗം എല്ലാവർക്കും രുചിക്കില്ല. അധികാരസ്ഥരുമായുള്ള അടുപ്പംകൊണ്ട് പുലർന്നുപോകുന്നവരുമുണ്ടല്ലോ. രാഷ്ട്രീയവേന്ദ്രന്മാരുമായുള്ള വേഴ്ച കൊട്ടിഘോഷിക്കുന്നവരെ നമ്മൾ എവിടെയും കണ്ടുമുട്ടുന്നു. ചിലർ അതിനെ മുതലാക്കുന്നു. ചിലർ അത് കേമത്തത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്നു. രണ്ടു കൂട്ടരും, അറിഞ്ഞും അറിയാതെയും, അധികാരത്തിലുള്ള ചങ്ങാതിമാരുടെയും ആരാധ്യപുരുഷന്മാരുടെയും പ്രതിഛായ തിളക്കമാർന്നതാക്കാൻ യത്‌നിക്കുന്നു. അതിനു തയ്യാറാകുന്നവരെ താലോലിക്കാൻ നേതാക്കളും ശ്രമിക്കുന്നു. കുറേപ്പേരെ എതിർക്കുന്നവരും ചിലരെയൊക്കെ വാഴ്ത്തുന്നുണ്ടാവുമല്ലോ. ഏതെങ്കിലും ഫോണിൽനിന്നൊക്കെ അങ്ങനെ സുഖിപ്പിക്കുന്ന ശബ്ദം അവരും കേൾക്കുന്നുണ്ടാവും.
പ്രതിഛായ രൂപപ്പെടുത്തുന്നതിൽ ഉൾപ്പെട്ട മാധ്യമപ്രവർത്തകരുമായി സവിശേഷബന്ധം പുലർത്തുന്ന പലരെയും നമുക്കറിയാം. സൗഹൃദത്തിനുവേണ്ടി അങ്ങനെ ചെയ്യുന്നവരാകാം ചിലർ. ചിലർക്ക് അവരെ ഉപയോഗപ്പെടുത്തണമെന്നേയുള്ളു. രണ്ടാമത്തെ കൂട്ടത്തിൽ പെട്ട രാഷ്ട്രീയനേതാക്കളെപ്പറ്റി അവരിൽ ഒരാൾ തന്നെ ഒരിക്കൽ പറയുകയുണ്ടായി: മാധ്യമങ്ങളല്ലോ അദ്ദേഹത്തിന്റെ നിയോജക മണ്ഡലം! പദവികൊണ്ടോ പ്രാവർത്തിക പ്രസക്തികൊണ്ടോ ഉദ്ധരിക്കപ്പെടാൻ കാരണമുണ്ടായെന്നുവരില്ല, എന്നാലും അവരുടെ അഭിപ്രായം എന്തിനെപ്പറ്റിയെങ്കിലും ഒരു വരി തിരുകിക്കയറ്റാൻ മാധ്യമമിത്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കും. അവർ അതിനുള്ള വേല ഇറക്കുകയും ചെയ്യും.
ചിലർ എപ്പോഴും പലിതം പറഞ്ഞ് രസിപ്പിക്കാൻ നോക്കും. ചിലർ വിവാദം കത്തിക്കും. ചിലർ ഉദ്ദേശിച്ചു പറയുന്നതാവില്ല, പക്ഷേ എന്തു പറഞ്ഞാലും ആരെങ്കിലുമൊക്കെ ചിരിക്കാനുണ്ടാവും. ആ ചിരിയിൽ ഹാസ്യം മാത്രമല്ല, നിർദ്ദോഷത്വവും ദർശിക്കാം. ചിരിച്ചും കളിച്ചും കോപിച്ചും ഏറുപടക്കം വിതറിയും മാധ്യമങ്ങളിൽ നിറഞ്ഞുനിന്നവരെ ഓർക്കുക. ഒരാൾ എന്നെ കൂടെക്കൂടെ വിളിക്കുമായിരുന്നു, ഞാൻ സജീവമാധ്യമവൃത്തിയിൽ ഉൾപ്പെട്ടിരുന്ന കാലത്ത്. ഫോൺ എടുത്തുപോകുന്നത് എന്റെ മകളാണെങ്കിൽ, അവളുമായാകാം സല്ലാപം. രണ്ടു നല്ല വാക്ക് അവളെക്കുറിച്ച് എന്നോടു പറയാനുമുണ്ടാവും. അങ്ങനത്തെ ഒരാളെപ്പറ്റി ഏതെങ്കിലും അച്ഛൻ മോശമായി പരാമർശിക്കുമോ? ഞാൻ രംഗത്തുനിന്നു നീങ്ങിയപ്പോൾ വിളിയും നിന്നു. എനിക്കു പരാതിയില്ല. അതാണ് രാഷ്ട്രീയത്തിന്റെയും മാധ്യമത്തിന്റെയും വഴി എന്നറിഞ്ഞിരുന്നാൽ മതി. പ്രതിഛായ ബലപ്പെടുത്തുന്നതിൽ ദത്തശ്രദ്ധനും വിജയിയുമായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയായാൽ പരിശ്രമിക്കാതെത്തന്നെ മാധ്യമശ്രദ്ധ പിടിച്ചുപറ്റും. നെഹ്‌റുവിന്റെ പുകവലിയും പ്രേമവും പാണ്ഡിത്യവും എപ്പോഴും ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ ചെരുപ്പിൽ ഒരു ചെറുതുള കണ്ടപ്പോൾ, അതായി അന്നത്തെ ശ്രദ്ധാകേന്ദ്രം. മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. അതിനുവേണ്ടി അദ്ദേഹം പ്രത്യേകം മെനക്കെടേണ്ടിയിരുന്നില്ല.
അതദ്ദേഹത്തിന്റെ മകളെപ്പറ്റിയും പറയാമായിരുന്നു. ഇന്ദിരയെ ആക്രമിക്കുന്ന മാധ്യമപ്രവർത്തനവും തകൃതിയായി നടന്നിരുന്നുവെങ്കിലും ഇന്ദിരയില്ലാതെ മാധ്യമമില്ല എന്നതായിരുന്നു സ്ഥിതി. പിന്നീട് പ്രധാനമന്ത്രിമാരായ മൊറാർജി ദേശായിയും ചരൺ സിംഗും എച്ച്. ഡി ദേവഗൗഡയും മാധ്യമങ്ങളിൽ ഉണർത്തിയിരുന്ന വികാരം താരതമ്യപ്പെടുത്തിനോക്കുക.
കേരളത്തിൽ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരായ ആറു പേരെ ഓർക്കട്ടെ. ഇ എം എസ് മാധ്യമങ്ങളുമായി അടുപ്പവും അകലവും ഒരുപോലെ പുലർത്തിയ ആചാര്യനായിരുന്നു. പാണ്ഡിത്യത്തിന്റെയും ബുദ്ധികൂർമ്മതയുടെയും പരിവേഷം അദ്ദേഹത്തിനെന്നുമുണ്ടായിരുന്നു. മൗനവും മനനവുമായിരുന്നു അച്യുതമേനോന്റെ വിശേഷത. അദ്ദേഹത്തെ അപഹസിക്കാൻ വഴി കാണുമായിരുന്നില്ല. ഉള്ള് തുറന്നു ചിരിക്കുന്ന പി കെ വിയെപ്പറ്റി എല്ലാവരും നല്ലതേ പറയൂ, അദ്ദേഹത്തിന്റെ രാഷ്ട്രീയസ്വാധീനം ഭയങ്കരമല്ലായിരുന്നെങ്കിലും. നായനാർ പറയുന്നതെന്തും തമാശയായി. അച്യുതാനന്ദന്റെ മട്ടും മാതിരിയും വ്യക്തിപരമായ സൗഹാർദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചില്ലെങ്കിലും അദ്ദേഹം പൊതുപ്രശ്‌നങ്ങൾ നിരന്തരം ഉയർത്തിക്കൊണ്ടുവരുന്ന ആളായി അറിയപ്പെട്ടു. പാർട്ടിയിലെ പ്രബലവിഭാഗവുമായി കോർത്തുനിന്നതുകൊണ്ട് ഒരു ബദൽ ഹീറോയുടെ ഓളവും അദ്ദേഹത്തിനു കിട്ടി.
നിലവിൽ നേതാവായിരിക്കുന്ന പിണറായി വിജയൻ മാധ്യമങ്ങളുമായി സൗഹൃദം സ്ഥാപിക്കാൻ മെനക്കെട്ടിരുന്ന ആളല്ല. ഏറ്റെടുക്കുന്ന ദൗത്യം ഇടം വലം തിരിയാതെ നിഷ്‌ക്കരുണം അനുഷ്ഠിക്കുകയാണ് അദ്ദേഹത്തിന്റെ വഴക്കം. സൗഹൃദത്തെ ഭയപ്പെടുന്നുവോ എന്നുപോലും സംശയിപ്പിക്കുന്നതാണ് വാശിയും കാർക്കശ്യവും തികഞ്ഞ അദ്ദേഹത്തിന്റെ മുഖഭാവം. അദ്ദേഹത്തിന്റെ പ്രതിഛായ ഏറിയും കുറഞ്ഞും ഇരുണ്ടിരുന്നാൽ അത്ഭുതപ്പെടാനില്ല. അതങ്ങനെയേ വരൂ. ഒരു പക്ഷേ അതിലദ്ദേഹത്തിനൊട്ടു പരിഭവവും കണ്ടേക്കില്ല. എന്നാലും പ്രിയംകരമായ ഒരു പ്രതിഛായക്ക് മുഖ്യമന്ത്രി വിജയനും അവകാശമുണ്ട്. അത് ഉറപ്പിച്ചെടുക്കാൻ അദ്ദേഹത്തിന്റെ മാധ്യമസംഘത്തിനു കഴിയുന്നില്ല എന്നത് കഷ്ടം തന്നെ.
ഒന്നര കൊല്ലം മുമ്പ് തെരഞ്ഞെടുപ്പിനു പോകുമ്പോൾ തന്റെ മുന്നണിക്ക് നൂറു സീറ്റു കിട്ടും എന്നു പറയാൻ തന്റേടമുണ്ടായിരുന്ന നേതാവാണ് വിജയൻ. പാർട്ടിക്കകത്തും പുറത്തും തന്ത്രങ്ങളും കുതന്ത്രങ്ങളും പ്രയോഗിച്ച് മുന്നേറിയ വിജയന് ലഭിച്ച മാധ്യമസ്വീകരണം സൗഹൃദത്തിന്റേതായിരുന്നില്ല. സൗഹൃദം സ്ഥാപിക്കാൻ അദ്ദേഹം വിശേഷിച്ചൊരു ശ്രമം നടത്താറുണ്ടോ എന്നു പോലും സംശയമാകും. പക്ഷേ ഇത്ര ഛിന്നഭിന്നമായ പ്രതിഛായ വേറൊരു മുഖ്യമന്ത്രിക്കും ഉണ്ടായിക്കാണില്ല.
ഉപദേശികളെ നിയമിച്ചപ്പോൾ പാളിപ്പോയി. എപ്പോഴും പത്രക്കാരെ കണ്ടുകൊണ്ടിരിക്കില്ല എന്നു പറഞ്ഞപ്പോൾ മാധ്യമങ്ങൾ മുറുമുറുത്തു. പിന്നെ അവരിൽ ചിലരോട് 'കടക്ക് പുറത്ത്' എന്ന് ആക്രോശിച്ചപ്പോൾ വൈരത്തിന്റെ അധ്യായം അവസാനിക്കുകയല്ല, തുടങ്ങുകയായിരുന്നു.
ഒരു ഘട്ടത്തിൽ സർക്കാരിന്റെ ഭാഗം നാട്ടുകാരിൽ എത്തിക്കാൻ പരസ്യം കൊടുക്കണമെന്ന സ്ഥിതി വന്നു. ഇപ്പോഴിതാ കോപിച്ച കടലിൽ മീൻ പിടിക്കാൻ പോയി ജീവൻ നഷ്ടപ്പെട്ടവരുടെ കാര്യത്തിലും മുഖ്യമന്ത്രി ചെയ്തതൊക്കെ പിഴച്ചിരിക്കുന്നതായി പരക്കേ സംശയവും കാലുഷ്യവും ഉയർന്നിരിക്കുന്നു. മറ്റൊരു രീതിയിലും, വിജയനെ വില്ലനല്ലാതാക്കുന്ന വീക്ഷണത്തിലും, കാര്യങ്ങൾ അവതരിപ്പിക്കാമോ എന്നു പരീക്ഷിക്കാൻ ആരുമുണ്ടെന്നു തോന്നുന്നില്ല. വിജയന്റെ ഭാഗം പറയാൻ വിജയനേ ഉള്ളു എന്നു വരുന്നത് ഭംഗിയല്ല. തനിക്കു വേണ്ടെങ്കിലും മുഖ്യമന്ത്രിയുടെ പ്രതിഛായ തിളക്കിയെടുക്കാൻ അതിനുവേണ്ടി അദ്ദേഹം നിയോഗിച്ച ആളുകൾക്ക് ആവണം. ആ വഴിക്കുണ്ടായിട്ടുള്ളതാണ് മുഖ്യമന്ത്രി വിജയന്റെ ഏറ്റവും വലിയ പരാജയം.