പോളിറ്റ് ബ്യൂറോ ഫൂളിഷ് ബ്യൂറോ

വർഗീയതയുടെ വിഷഫണം വിടർത്തിയാടുന്ന ഇന്ത്യൻ നിയോ ഫാസിസ്റ്റ് ശക്തികളെ തറപറ്റിക്കുകയെന്നതാണ് ഇന്ത്യയിലെ വിപ്ലവ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രാഥമികമായ ചരിത്രദൗത്യമെന്ന വസ്തുനിഷ്ഠ യാഥാർഥ്യത്തിലേക്കാണ്, ഒരു കമ്യൂണിസ്റ്റ് അടവ്‌നയം യെച്ചൂരി അവതരിപ്പിച്ചത്. അതിനർഥം കോൺഗ്രസിന്റെ ആഗോളീകരണ നയങ്ങളെ എതിർക്കേണ്ടതില്ല എന്നോ, കോൺഗ്രസ് ഭരണത്തിലിരുന്നപ്പോൾ ചെയ്ത് കൂട്ടിയ വൻ അഴിമതിയെ വെള്ള പൂശണമെന്നോ ഒന്നുമല്ലെന്നാണ് മനസ്സിലാകുന്നത്. പക്ഷേ കോൺഗ്രസ് വിരോധം നിറഞ്ഞ പി.ബി യോഗത്തിൽ യെച്ചൂരിക്ക് തന്റെ കരട് പ്രമേയവുമായി മൂലയ്ക്കിരിക്കേണ്ടി വന്നു. 

'ദേശീയ ബൂർഷ്വാസി'യായി അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കാലം തൊട്ടേ നേതൃത്വം വിലയിരുത്തിപ്പോരുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസിനോടുള്ള സമീപനത്തെച്ചൊല്ലിയുള്ള തർക്ക വിതർക്കങ്ങളും വിതണ്ഡവാദങ്ങളും പതിറ്റാണ്ടുകൾക്ക് ശേഷവും അറുതിയില്ലാതെ തുടരുകയാണ്. മുഖ്യശത്രുവിനെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി ഐക്യവും സമരവുമെന്ന ദ്വിമുഖ സിദ്ധാന്തമാണ് അംഗബലത്തിന്റെയും ജനപിന്തുണയുടേയും കാര്യത്തിൽ ഏറെ പിറകിലായ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് സ്വീകരിക്കാവുന്ന പ്രായോഗികമാർഗമെന്ന് പിന്നീട് കാലം തെളിയിച്ചതുമാണ്. 
തൊണ്ണൂറ് വർഷമായിട്ടും ഇന്ത്യയിലെ മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് രാജ്യത്തിന്റെ പ്രധാനപ്പെട്ട രാഷ്ട്രീയ ശത്രുവാര്, മിത്രമേത് എന്ന് തിരിച്ചറിയാനുള്ള വിവേകം കൈവന്നിട്ടില്ല എന്നതിന്റെ ദുരന്തം ആ പാർട്ടികൾ, പ്രത്യേകിച്ചും കോൺഗ്രസ് ബന്ധത്തെച്ചൊല്ലി 1964 ൽ രണ്ടായിപ്പിളർന്ന് പുറത്ത് പോയ സി.പി.എം അനുഭവിക്കുന്നുവെന്നതിന്റെ അലയൊലിയാണ് ന്യൂദൽഹിയിൽ ഇന്നലെ സമാപിച്ച അവരുടെ പോളിറ്റ് ബ്യൂറോ യോഗതീരുമാനങ്ങളിൽ പ്രതിഫലിക്കുന്നത്. 
ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരായ വിശാല മതനിരപേക്ഷ സഖ്യത്തിൽ കോൺഗ്രസിനെ ഉൾപ്പെടുത്തണമെന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കരട് രേഖ പോളിറ്റ് ബ്യൂറോ തള്ളി. പകരം, കോൺഗ്രസുമായി ഒരു രാഷ്ട്രീയ ധാരണയും പാടില്ലെന്ന പ്രകാശ് കാരാട്ടിന്റെ ബദൽ രേഖയ്ക്കാണ് പിബിയിൽ ഭൂരിപക്ഷ പിന്തുണ ലഭിച്ചത്. കോൺഗ്രസ് വിരോധത്തിനു പേര് കേട്ട എസ്. രാമചന്ദ്രൻ പിള്ളയും കേരള സഖാക്കളും കൂടി കാരാട്ടിന് തുണയായതോടെ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയരേഖയ്ക്ക് ആ പാർട്ടിയിൽ പിൻബലം ഉറപ്പായി. അത് തന്നെയാകും പാർട്ടി കോൺഗ്രസും അംഗീകരിക്കപ്പെടുക.  

ഇന്ത്യയുടെ മതേതരപൈതൃകത്തേയും സമ്പന്നമായ സംസ്‌കൃതിയേയും മഹിതമായ പാരമ്പര്യത്തയും വെല്ലുവിളിക്കുന്ന, ഏറ്റവും വലിയ അപകടകാരിയായ ബി.ജെ.പിയെ ചെറുക്കുന്നതിന് ഇടത്പക്ഷപാർട്ടികൾക്കോ അവർക്കൊപ്പം നിൽക്കുന്ന പ്രാദേശിക പാർട്ടികൾക്കോ ഒരിക്കലും കഴിയില്ലെന്നിരിക്കേ, ഏറ്റവും വലിയ ശത്രുവിനെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി കൈകോർക്കണമെന്നാണ് പശ്ചിമബംഗാളിൽ നിന്നുള്ള നേതാക്കൾ ആവശ്യപ്പെടുന്നത്. ഹൈദരാബാദിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടാണ് കാരാട്ടിന്റെ ഡോഗ്മയുടെ കരുത്തിൽ (വരട്ടുവാദമെന്ന് മാർക്‌സിയൻ പദാവലി) ശരിയായ അർഥത്തിലുള്ള 'കരടാ'യി മാറിയിരിക്കുന്നത്. കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം പയറ്റിയതിന്റെ പേരിൽ വംഗമണ്ണിൽനിന്ന് തുടച്ച് നീക്കപ്പെട്ട പ്രസ്ഥാനത്തിന്റെ അമരക്കാരാണ് ഈ നയവുമായി മുന്നോട്ടു പോകുന്നതിനെ നഖശിഖാന്തം എതിർക്കുന്നത്. സി.പി.എം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര അതിനിശിതമായാണ് കാരാട്ട് ലൈനിനെ എതിർക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള കോൺഗ്രസിനോടും അതോടൊപ്പം മറ്റ് മതേതര ജനാധിപത്യ ശക്തികളോടും യോജിക്കുമ്പോൾ അത് തെരഞ്ഞെടുപ്പ് മുന്നണിയോ സഖ്യമോ അല്ലെന്നും അതാതിടങ്ങളിലെ സാഹചര്യങ്ങൾക്കനുസൃതമായി അപ്പപ്പോൾ അഡ്ജസ്റ്റുമെന്റുകളാവാമെന്നുമാണ് സീതാറാം യെച്ചൂരി കൊണ്ടുവന്ന രേഖ. അത് തള്ളിക്കൊണ്ട് അതിന്റെ ബദലായാണ് കാരാട്ടും കൂട്ടരും കോൺഗ്രസിനോടും ബി.ജെ.പിയോടും തുല്യഅകലം പാലിക്കണമെന്ന, പാർട്ടിയെ സംബന്ധിച്ചേടത്തോളം സംഘടനാപരമായും സിദ്ധാന്തപരമായും തീർത്തും അപ്രായോഗികമെന്ന് പലപ്പോഴായി തെളിഞ്ഞുകഴിഞ്ഞ ലൈനുമായി വന്നത്. ഒരു പക്ഷേ പാർട്ടി കോൺഗ്രസ് അംഗീകരിക്കാൻ പോകുന്ന ടാക്റ്റിക്കൽ ലൈൻ ഇത് തന്നെയാണെന്ന് കാരാട്ട് ഒരു മുഴംമുമ്പേ എറിഞ്ഞതുമാവാം.  
വർഗീയതയുടെ വിഷഫണം വിടർത്തിയാടുന്ന ഇന്ത്യൻ നിയോ ഫാസിസ്റ്റ് ശക്തികളെ തറപറ്റിക്കുകയെന്നതാണ് ഇന്ത്യയിലെ വിപ്ലവ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രാഥമികമായ ചരിത്രദൗത്യമെന്ന വസ്തുനിഷ്ഠ യാഥാർഥ്യത്തിലേക്കാണ്, ഒരു കമ്യൂണിസ്റ്റ് അടവ്‌നയം യെച്ചൂരി അവതരിപ്പിച്ചത്. അതിനർഥം കോൺഗ്രസിന്റെ ആഗോളീകരണ നയങ്ങളെ എതിർക്കേണ്ടതില്ല എന്നോ, കോൺഗ്രസ് ഭരണത്തിലിരുന്നപ്പോൾ ചെയ്ത് കൂട്ടിയ വൻ അഴിമതിയെ വെള്ള പൂശണമെന്നോ ഒന്നുമല്ലെന്നാണ് മനസ്സിലാകുന്നത്. പക്ഷേ കോൺഗ്രസ് വിരോധം നിറഞ്ഞ പി.ബി യോഗത്തിൽ യെച്ചൂരിക്ക് തന്റെ കരട് പ്രമേയവുമായി മൂലയ്ക്കിരിക്കേണ്ടി വന്നു. 
രാജ്യം അപകടത്തിലാക്കിയ ശക്തികൾക്കെതിരെ യോജിക്കാവുന്ന എല്ലാ ശക്തികളേയും ഏകോപിപ്പിക്കുന്നതിനു പകരം രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലെ പരിമിതമായ ആൾബലത്തിന്റെ വ്യാജ ഇമേജിലാണ് സി.പി.എമ്മിനകത്തെ വരട്ടുതത്ത്വവാദികൾ കോൺഗ്രസ് വിരോധ രാഷ്ട്രീയം പറഞ്ഞ് ബി.ജെ.പി വിരുദ്ധ ചേരിയെ ശിഥിലമാക്കാൻ വീണ്ടും രംഗത്തിറങ്ങാൻ പോകുന്നത്. ഫലം: അടുത്ത തെരഞ്ഞെടുപ്പിലും സംഘ്പരിവാർ ശക്തികൾ അധികാരത്തിലേക്ക് അനായാസം തിരിച്ചെത്തും. 
യു.പി.എ സർക്കാരിനെ പിന്തുണയ്ക്കാനും ആ മന്ത്രിസഭയിൽ സ്പീക്കർ സ്ഥാനം വഹിക്കാനും തയാറായ സി.പി.എമ്മിനേയും ഇടത് പാർട്ടികളേയും ആണവകരാറിന്റെ പേരിൽ നിലപാട് മാറ്റിച്ച് ഒടുവിൽ പെരുവഴിയിലിറക്കിയത് ഇതേ പ്രകാശ് കാരാട്ടും അദ്ദേഹത്തിന്റെ കമാണ്ടർമാരുമായിരുന്നു. ജ്യോതിബസു തന്നെ ചരിത്രപരമായ മണ്ടത്തരമെന്ന് വിശേഷിപ്പിച്ച തെറ്റായ തീരുമാനത്തിനു ശേഷമായിരുന്നു വീണ്ടും വീണ്ടും മണ്ടത്തരങ്ങളിലേക്ക് സി.പി.എം കൂപ്പ് കുത്തിയത്.    
സാക്ഷാൽ ലെനിന്റെ കാലത്ത് സോവ്യറ്റ് യൂണിയനിലും ജോർജി ദിമിത്രോവിന്റെ കാലത്ത് ബൾഗേറിയയിലും പരീക്ഷിച്ച് വിജയം കണ്ടതാണ് സോഷ്യൽ ഡെമോക്രാറ്റുകളെപ്പോലെയുള്ള ദേശീയ ബൂർഷ്വാസികളുമായി ഐക്യമുന്നണിയുണ്ടാക്കുകയും പ്രധാനരാഷ്ട്രീയ ശത്രുക്കളെ പരാജയപ്പെടുത്താൻ ചെറിയ ശത്രുക്കളുമായി ചേർന്ന് ഐക്യമുന്നണിയുണ്ടാക്കുകയുമെന്നത്. വിശാലമായ രാഷ്ട്രീയ ഉൾക്കാഴ്ച തിരിച്ചെടുത്ത്, കോൺഗ്രസ് വിരോധം സി.പി.എം ഉപേക്ഷിച്ചില്ലെങ്കിൽ ബംഗാൾ മാത്രമല്ല, കേരളവും ത്രിപുരയും പാർട്ടിയുടെ ചെറിയ മറ്റ് തുരുത്തുകളും കൺമുമ്പിൽ നഷ്ടമാവുമെന്ന ആപൽക്കരമായ സ്ഥിതി വിശേഷമായിരിക്കും വൈകാതെ സംജാതമാവുക.
യെച്ചൂരിയോ കാരാട്ടോ എന്ന വ്യക്തികേന്ദ്രീകൃത സംഘർഷം മാറ്റിവെക്കുക. പകരം സംഘ്പരിവാറിനെ അധികാരത്തിന്റെ ഇടനാഴിയിൽനിന്ന് തുടച്ചുനീക്കുകയെന്ന ഓരോ സെക്യുലർ മനസ്സുള്ള ഇന്ത്യക്കാരന്റേയും സ്വപ്‌നത്തിനായി ഒരുമിക്കുക - യഥാർഥ തൊഴിലാളിവർഗ പ്രത്യയശാസ്ത്രത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിക്കാൻ ഇതല്ലാതെ മാർഗമില്ലെന്ന് ഇന്നല്ലെങ്കിൽ നാളെ ചരിത്രം സി.പി.എം നേതൃത്വത്തെ ബോധ്യപ്പെടുത്തും. അതുൾക്കൊള്ളാൻ കാലേക്കൂട്ടി തയാറാകാത്തപക്ഷം, സി.എച്ച്. മുഹമ്മദ് കോയ ഒരിക്കൽ വിശേഷിപ്പിച്ചത് പോലെ സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ സ്വയമൊരു ഫൂളിഷ് ബ്യൂറോയായി മാറുകയെന്നതായിരിക്കും ഫലം. പ്രകാശ്  കാരാട്ട്                   സീതാറാം യെച്ചൂരി

Latest News