കൊച്ചി- പരസ്യ പ്രചാരണം അവസാനിപ്പിക്കുന്നതിനു മുമ്പ് എൽ.ഡി.എഫിനെതിരെ അപവാദം പ്രചരിപ്പിക്കുന്നതിനെതിരെ ആഞ്ഞടിച്ച് രാജീവ്. ഇക്കാര്യത്തിൽ താൻ കളമശ്ശേരി യു.ഡി.എഫ് സ്ഥാനാർത്ഥിയെ പരസ്യ സംവാദത്തിന് ക്ഷണിക്കുകയാണെന്ന് വീഡിയോയിലൂടെ പുറത്തു വിട്ട പ്രസ്താവനയിലൂടെ രാജീവ് പറഞ്ഞു. ‘കഴിഞ്ഞ ദിവസങ്ങളിലായി പിതൃത്വമില്ലാത്ത നോട്ടീസുകൾ അച്ചടിച്ചു വീടുകളിൽ വിതരണം ചെയ്യുന്നു. വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ നടന്നതോ നടക്കാത്തതുമായ കാര്യങ്ങൾ തെറ്റായ രൂപത്തിൽ അവതരിപ്പിച്ചുകൊണ്ട് അത് ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. അങ്ങേയറ്റം മലീമസമായ രാഷ്ട്രീയ പ്രവർത്തനമാണ് കളമശ്ശേരിയിൽ യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്. അത് സംബന്ധിച്ച് ഇനി ഒളിയുദ്ധങ്ങൾ വേണ്ട. നമുക്ക് നേരിട്ട് സംവദിക്കാം. ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുന്നതിനുമുമ്പ് എവിടെ വെച്ചു വേണമെങ്കിലും ഒരു തുറന്ന സംവാദം നടത്താം. തെറ്റായ ഒരു പിന്തുടർച്ചയെ ശക്തമായി ഈ മണ്ഡലത്തിലെ ജനങ്ങൾ എതിർക്കേണ്ടതുണ്ട്. രാഷ്ട്രീയം ഈ രൂപത്തിലേക്ക് പോകുന്നതിനെ ഒരുതരത്തിലും മണ്ഡലത്തിലെ ജനങ്ങൾ അംഗീകരിക്കില്ല. നുണകൾക്കെതിരെയുള്ള സത്യത്തിന്റെ ഒരു കുതിച്ചുചാട്ടം ആയിരിക്കും ഈ മണ്ഡലത്തിൽ സംഭവിക്കാൻ പോകുന്നത്. ഞാൻ നിങ്ങളെ വിനയപൂർവം ഒരു തുറന്ന സംവാദത്തിനു ക്ഷണിക്കുന്നു' -രാജീവ് പറഞ്ഞു.