കൊച്ചി- നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പിന്തുണക്കുമെന്ന് പി.ഡി.പി. കേന്ദ്രകമ്മിറ്റി. കേന്ദ്ര കമ്മിറ്റിക്ക് വേണ്ടി സംഘടനാ കാര്യജനറൽ സെക്രട്ടറി വി.എം അലിയാരാണ് തീരുമാനം അറിയിച്ചത്. സംഘ്പരിവാർ കേന്ദ്രങ്ങൾ സംസ്ഥാനത്ത് ശക്തമായി ചുവടുറപ്പിക്കാനും സീറ്റെണ്ണം വർദ്ധിപ്പിക്കാനും യു.ഡി.എഫുമായി ഒളിഞ്ഞും തെളിഞ്ഞും തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നത് പകൽ പോലെ വെളിപ്പെട്ടിരിക്കുകയാണ്.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി.ക്ക് നിയമസഭയിൽഅക്കൗണ്ട് തുറക്കാൻ അവസരമുണ്ടാക്കിക്കൊടുത്ത കോൺഗ്രസ് എങ്ങനെയും അധികാരത്തിൽ തിരിച്ചെത്താൻ കഴിഞ്ഞ കാലങ്ങളിൽ പരീക്ഷിച്ച കോ-ലീ-ബി സഖ്യം വീണ്ടും പ്രയോഗിക്കുകയാണ്. ഫാസിസത്തിനെതിരെയെന്ന് പറഞ്ഞ് പാർലമെന്റിലേക്ക് യുദ്ധത്തിന് പോയ നേതാക്കൾ ദൽഹിയിലെ യുദ്ധം മതിയാക്കി അധികാരക്കൊതി മൂത്ത് പാർലമെന്റംഗത്വം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കുകയാണ്. ദലിത് -പിന്നോക്ക-മതന്യൂനപക്ഷങ്ങളുടെ നിലനിൽപ് പോലും ചോദ്യം ചെയ്തുകൊണ്ട് കേന്ദ്രസർക്കാർ പുതിയ നിയമനിർമ്മാണങ്ങൾ നടത്തുകയും വർഗീയ ധ്രുവീകരണത്തിനും വംശീയ ഉന്മൂലനത്തിനും ശ്രമിക്കുമ്പോഴും ഒരുചെറുവിരലനക്കാൻ പോലും തയ്യാറാകാതെ കോൺഗ്രസ് ഫാസിസത്തിന് കീഴടങ്ങുന്നതാണ് ദിനേന ഇന്ത്യൻ രാഷ്ട്രീയത്തിൽ നാം കാണുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ ബി.ജെ.പിയിൽ ചേക്കേറി അധികാരം ഫാസിസ്റ്റുകൾക്ക് അടിയറവയ്ക്കുന്നത് നമുക്ക് പാഠമാകണം. ഇത്തരുണത്തിൽ ഫാസിസത്തിനും സംഘ്പരിവാർ വിദ്വേഷവർഗീയ ധ്രുവീകരണത്തിനുമെതിരെ താരതമ്യേന മികച്ച ബദൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയാണെന്ന തിരിച്ചറിവിലാണ് ഈ തെരഞ്ഞെടുപ്പിൽ പി.ഡി.പി പിന്തുണക്കാൻ തീരുമാനിച്ചിട്ടുള്ളത്. പരസ്യപ്രചാരണങ്ങൾഒഴിവാക്കിസംസ്ഥാനത്തൊട്ടാകെ ബൂത്ത്തലംമുതൽ പാർട്ടിഘടകങ്ങൾക്ക് മുൻകൂട്ടി നിർദ്ദേശം നൽകുകയും ഇടതുസ്ഥാനാർത്ഥികളുടെ മികച്ച വിജയത്തിന് വേണ്ടി പ്രവർത്തകർ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നും വി.എം അലിയാർ പ്രസ്താവനയിൽ അറിയിച്ചു.