Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ എറണാകുളം ജില്ലയിൽ യു.ഡി.എഫ് മുന്നിൽ

കൊച്ചി- നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നിശബ്ദ പ്രചാരണവും തീരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ എറണാകുളം ജില്ലയിൽ ഇരു മുന്നണികളുടെയും വിജയപരാജയ സാധ്യതകൾ തുലാസിലാണ്. ജില്ലയിൽ ആകെയുള്ള 14 മണ്ഡലങ്ങളിൽ യുഡിഎഫ് 9, എൽഡിഎഫ് 5, എൻഡിഎ 0 എന്നിങ്ങനെയായിരുന്നു 2016 ലെ ജനവിധി. ഇക്കുറി എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്ന ചോദ്യത്തിന് ഓരോ പാർട്ടിയും ഓരോ ഉത്തരങ്ങളാണ് നൽകുന്നത്. യു .ഡി .എഫിന്റെ ഉറച്ച കോട്ടകളിൽ പോലും എൽ ഡി എഫ് വിജയസാധ്യത അവകാശപ്പെടുന്നു. മറിച്ച് ഇടതിന് ആധിപത്യമുള്ള മണ്ഡലങ്ങളിൽ യു .ഡി .എഫും വിജയം അവകാശപ്പെടുന്നു. ബി. ജെ .പിയുടെ ദുർബല സ്ഥാനാർഥികൾ വരെ വിജയം അവകാശപ്പെടുന്നുണ്ട്. 2016 ൽ യുഡിഎഫ് ജയിച്ചതു പറവൂർ, ആലുവ, കളമശേരി, പെരുമ്പാവൂർ, എറണാകുളം, പിറവം, അങ്കമാലി, തൃക്കാക്കര, കുന്നത്തുനാട് മണ്ഡലങ്ങളാണ്. തൃപ്പൂണിത്തുറ, കോതമംഗലം, മൂവാറ്റുപുഴ, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങൾ എൽഡിഎഫും. 
തിരഞ്ഞെടുപ്പ് സർവെകൾ ഫലസൂചനയാണെങ്കിൽ ഇക്കുറിയും എറണാകുളം ജില്ലയിൽ യു .ഡി.എഫിന് മേൽക്കൈയുണ്ടാകും. പക്ഷെ ഇടതു മുന്നണി വലിയ മുന്നേറ്റം നടത്തും. പെരുമ്പാവൂർ, അങ്കമാലി, ആലുവ, പറവൂർ, കൊച്ചി, എറണാകുളം, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലാണ് യു .ഡി .എഫിന് വിജയസാധ്യതയുള്ളത്. കളമശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, വൈപ്പിൻ, മൂവാറ്റുപുഴ, കോതമംഗലം എന്നീ മണ്ഡലങ്ങളിലാണ് എൽ .ഡി എഫിന് ഒരു പത്രത്തിന്റെ  സർവെ വിജയം പ്രവചിച്ചിരിക്കുന്നത്. കളമശേരി, തൃക്കാക്കര എന്നിവിടങ്ങളിൽ എൽ .ഡി .എഫ് വൻ അട്ടിമറി വിജയം നേടുമെന്ന് സർവെ പറയുന്നു. 
എന്നാൽ സി.പി.എം അനുകൂല ചാനൽ  നടത്തിയ മെഗാ പ്രീ പോൾ സർവേ പ്രവചിച്ചിരിക്കുന്നത് രണ്ടു മണ്ഡലങ്ങളിൽ മാത്രമാണ് ഇടതു മുന്നണിക്ക് ഉറച്ച വിജയസാധ്യതയുള്ളതെന്നാണ്. ഒമ്പത് മണ്ഡലങ്ങളിലാണ് യു .ഡി .എഫിന് വിജയ സാധ്യത പ്രവചിക്കുന്നത്. മൂന്നു മണ്ഡലങ്ങളിൽ ഒപ്പത്തിനൊപ്പം പോരാട്ടം നടക്കുകയാണ്. പെരുമ്പാവൂർ, മൂവാറ്റുപുഴ, പിറവം,  ആലുവ, അങ്കമാലി, തൃക്കാക്കര, പറവൂർ, കൊച്ചി, എറണാകുളം സീറ്റുകളിലാണ് യു ഡി .എഫിന് വിജയം പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൊച്ചി സീറ്റ് ടോണി ചമ്മിണിയിലൂടെ യു .ഡി .എഫ് എൽ ഡി എഫിൽ നിന്ന് പിടിച്ചെടുക്കും. 
ഇടതു മുന്നണിക്ക് വിജയം ഉറപ്പുള്ളത് തൃപ്പൂണിത്തുറ, വൈപ്പിൻ മണ്ഡലങ്ങളിലാണ്. തൃപ്പൂണിത്തുറയിൽ കെ ബാബുവിനെതിരെ സ്വരാജ് ആറ് ശതമാനം ലീഡ് ഉയർത്തുമെന്ന് സർവെ പറയുന്നു. മൂന്നു സീറ്റുകളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. കളമശേരിയിൽ മത്സരം ഒപ്പത്തിനൊപ്പമാണ്. എൽ.ഡി.എഫിന്റെ പി.രാജീവിനും യുഡിഎഫിന്റെ വി.അബ്ദുൽ ഗഫൂറിനും 42 ശതമാനം വോട്ടാണ് സർവേയിൽ ലഭിച്ചത്. കുന്നത്തുനാട്ടിൽ യു.ഡി.എഫിന്റെ വി.പി.സജീന്ദ്രനും ട്വന്റി 20 സ്ഥാനാർഥി സുജിത് സുരേന്ദ്രനും തമ്മിൽ ഒപ്പത്തിനൊപ്പമെന്നും ഇടതു സ്ഥാനാർഥി മൂന്നാം സ്ഥാനത്തെന്നുമാണ് സർവെ.  കോതമംഗലത്ത് എൽഡിഎഫും, യുഡിഎഫും ഒപ്പത്തിനൊപ്പമായിരിക്കുമെന്നാണ് സർവെ ഫലം.
പ്രീ പോൾ സർവെകൾ പരസ്പര വിരുദ്ധമായ ഫലങ്ങൾ നൽകുമ്പോൾ ഇതെല്ലാം വെറും സാധ്യതകൾ മാത്രമാണെന്ന് വ്യക്തമാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലും വിവിധ മുന്നണികൾക്കു ലഭിച്ച മൊത്തം വോട്ടുകൾ കണക്കു കൂട്ടിയാൽ  യു.ഡി.എഫ് 9 മണ്ഡലങ്ങളിലും എൽ.ഡി.എഫ് 5ലും മുന്നിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിങ് രീതിയല്ല നിയമസഭാ തിരഞ്ഞെടുപ്പിലെന്നതിനാൽ അതുമൊരു സൂചന മാത്രമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ആലുവ, പെരുമ്പാവൂർ, എറണാകുളം, പിറവം, അങ്കമാലി, തൃക്കാക്കര, കുന്നത്തുനാട് മണ്ഡലങ്ങളിൽ യു.ഡി.എഫ് മുൻതൂക്കം നിലനിർത്തിയപ്പോൾ കളമശേരി, പറവൂർ മണ്ഡലങ്ങളിൽ പിന്നിലായി. നിയമസഭയിലേക്ക് എൽ.ഡി.എഫ് ജയിച്ച മൂവാറ്റുപുഴയിലും വൈപ്പിനിലും തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയതു യുഡിഎഫ് ആണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചതു എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ മൂവാറ്റുപുഴയിലാണ്- 12,000ത്തിലേറെ വോട്ടുകൾ. എൽഡിഎഫിനു കൂടുതൽ ഭൂരിപക്ഷം സമ്മാനിച്ചതു സിറ്റിങ് സീറ്റായ തൃപ്പൂണിത്തുറയിൽ- 6000ത്തിലേറെ വോട്ടുകൾ. ആലുവയിൽ യുഡിഎഫിന്റെ ഭൂരിപക്ഷം 400ൽ താഴെയാണ്. 
ഇത്തരം പ്രവചനങ്ങളും ഫലസൂചനകളും ഓരോ പ്രദേശത്തും പ്രത്യേക ശ്രദ്ധ നൽകി പ്രവർത്തിക്കാൻ ഇരു മുന്നണികൾക്കും സഹായമാകുന്നുണ്ട്. സർവെകൾ പുറത്തുവന്ന ശേഷം പരാജയസാധ്യത പ്രവചിച്ചിരിക്കുന്ന മണ്ഡലങ്ങളിൽ ഇരു മുന്നണികളും പ്രചാരണം തീവ്രമാക്കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ പ്രവചനങ്ങൾ കാറ്റിൽ പറത്തുന്നതായിരിക്കാം മെയ് 2ന് പുറത്തുവരാൻ പോകുന്ന ഫലങ്ങൾ. 
യു ഡി എഫിനെ എക്കാലത്തും ഭരണത്തിലെത്താൻ തുണച്ച മധ്യകേരളം തന്നെയാകും ഇക്കുറിയും അവരുടെ വിജയപരാജയ സാധ്യതകൾ നിർണയിക്കുകയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എറണാകുളവും കോട്ടയവും ഇടുക്കിയും തൃശ്ശൂരും തൂത്തുവാരിയാലേ തിരികെ ഭരണത്തിലെത്താൻ കഴിയൂ എന്ന തിരിച്ചറിവുളളതിനാൽ സകല തന്ത്രങ്ങളും പയറ്റിയാണ് യു .ഡി. എഫ് ഇവിടെ കേന്ദ്രീകൃത പ്രവർത്തനം നടത്തിയത്. ഇടതു പാളയത്തിലെത്തിയ കേരളാ കോൺഗ്രസിന്റെ കരുത്തിൽ മധ്യകേരളത്തിലെ യു.ഡി.എഫ് കോട്ടകളിലേക്ക് കടന്നുകയറാൻ കഴിയുമെന്ന ഉറച്ച വിശ്വാസമാണ് ഇടതുമുന്നണിക്കുള്ളത്. അതു കൊണ്ട് തന്നെ അവസാന വട്ട പ്രചാരണ കാലത്തും ഇരു മുന്നണികളും മധ്യേകരളം പിടിക്കാൻ സർവ്വ കരുത്തുമെടുത്താണ് പോരാടിയത്. അതേ സമയം മധ്യകേരളത്തിലെ മണ്ഡലങ്ങളിൽ സഭകളുടെ നിഷ്പക്ഷ നിലപാട് ആരെത്തുണക്കുമെന്ന വേവലാതിയും ഇരുമുന്നണികൾക്കുമുണ്ട്. പളളിത്തർക്കം രൂക്ഷമായ കോട്ടയത്തെയും എറണാകുളത്തെയും സഭാ ഭൂരിപക്ഷ മണ്ഡലങ്ങളിൽ പരസ്യനിലപാടില്ലെങ്കിലും യുഡിഎഫിനേക്കാൾ അധികം എൽ.ഡി.എഫിനോടാണ് യാക്കോബായ സഭക്ക് മമത. സഭാ വിശ്വാസികൾ യു.ഡി.എഫ് സ്ഥാനാർഥികളായി മൽസരിക്കുന്ന ഇടങ്ങളിൽ അവരെ പിന്തുണക്കും. ഓർത്തഡോക്‌സ് സഭ സമദൂരമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.  ട്വന്റി ട്വന്റി പോലുളള രാഷ്ട്രീയേതര കൂട്ടായ്മകളുടെ  കടന്നുകയറ്റവും മുന്നണികളെ വേവലാതിപ്പെടുത്തുന്നുണ്ട്. കുന്നത്തുനാട്ടിൽ വിജയ പ്രതീക്ഷയുളള ട്വന്റി ട്വന്റി മറ്റ് ഏഴുമണ്ഡലങ്ങളിൽ ആരെയാണ് വീഴ്ത്തുകയെന്ന് കണ്ടറിയണം. തൃശ്ശൂരും തൃപ്പൂണിത്തുറയുമാണ് എ പ്ലസ് മണ്ഡലങ്ങളായി മധ്യകേരളത്തിൽ ബി.ജെ.പിയുടെ കണക്കിലുളളത്. ശബരിമല തൊട്ടുള്ള പ്രചാരണം കൊഴുപ്പിച്ചെങ്കിലും ഇത് വോട്ടായി മാറുമോയെന്നറിയാനും കാത്തിരിക്കണം.
യു .ഡി .എഫ് കോട്ടയായിരുന്ന കോട്ടയത്ത് കേരളാകോൺഗ്രസ് എമ്മിന്റെ സ്വാധീനത്തിൽ വലിയ നോട്ടമുണ്ടാക്കുമെന്നാണ് എൽ ഡി എഫിന്റെ വിലയിരുത്തൽ. ഒമ്പത് മണ്ഡലങ്ങളിലും കനത്ത മത്സരമാണ് ഇവിടെ നടക്കുന്നത്. പുതുപ്പള്ളിയിലും കോട്ടയത്തും യു ഡി എഫ് പ്രചാരണത്തിലടക്കം വ്യക്തമായ മേൽക്കൈ നേടിയപ്പോൾ ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയിലും  വൈക്കത്തും ഇടത് മുന്നേറ്റം ശക്തമാണ്. എന്നാൽ പാലായിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. പൂഞ്ഞാറിലും മത്സരച്ചൂട് കൂടും. കടുത്തുരുത്തിയിലും ചങ്ങനാശ്ശേരിയിലും കേരളാകോൺഗ്രസുകാരാണ് നേർക്കുനേർ പോരാടുന്നത്. കഴിഞ്ഞ തവണ ഒന്നൊഴിച്ച് 12 സീറ്റിലും പരാജയപ്പെട്ട തൃശ്ശൂരിൽ ഇത്തവണ നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് യു .ഡി എഫ്. ഒമ്പത് മണ്ഡലങ്ങളിൽ പുതുമുഖങ്ങളെ അവതരിപ്പിച്ചാണ് സീറ്റുനേട്ടത്തിനൊരുങ്ങുന്നത്.അഞ്ചിടത്തെങ്കിലും ജയിച്ചുകയറാനാകുമെന്നാണ് പ്രതീക്ഷ.എന്നാൽ നേരിയ വോട്ടിന് കൈവിട്ട വടക്കാഞ്ചേരിയടക്കം തിരിച്ചു പിടിച്ച് തൃശ്ശൂരിനെ ചുവപ്പിക്കാനാണ് ഇടതു നീക്കം.രണ്ട് മണ്ഡലങ്ങളിൽ എൻ. ഡി .എയുടെ മുന്നേറ്റമുണ്ടെങ്കിലും അത് ജയപരാജയത്തെ ബാധിക്കില്ലെന്നാണ് ഇടതു വിലയിരുത്തൽ.
 കേരളാ കോൺഗ്രസ് വന്നതോടെ മുന്നേറാനാകുമെന്ന് എൽ ഡി എഫ് പ്രതീക്ഷിക്കുന്ന ജില്ലയാണ് ഇടുക്കി. എന്നാൽ മധ്യകേരളത്തിൽ സുരക്ഷിതമായ യു ഡി എഫ് വോട്ടുബാങ്ക് ഇടുക്കിയിലാണെന്ന് അവസാന വട്ട പ്രചാരണം വിലയിരുത്തി യു ഡി എഫ് നേതൃത്വവും ചൂണ്ടിക്കാട്ടുന്നു.നിലവിൽ എൽ ഡിഎഫിന് ഏഴും യു ഡിഎഫിന് രണ്ടും സീറ്റുകളുള്ള ആലപ്പുഴയിലും കടുത്ത മത്സരമാണ്. ഇവിടെ അഞ്ച് മണ്ഡലങ്ങളെങ്കിലും പിടിച്ചെടുക്കാനാകുമെന്നാണ് യു. ഡി .എഫ് കണക്കുകൂട്ടുന്നത്.

Latest News