കോഴിക്കോട്- ജില്ലയിൽ ഇടതുപക്ഷത്തിന്റെ ഏറ്റവും ഉറച്ച മ ണ്ഡലമായ എലത്തൂർ സ്വന്തമാക്കിയ എൻ.സി.പിയിലെ എ.കെ ശശീന്ദ്രന് യു.ഡി.എഫിന്റെ നയം കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. മാണി സി കാപ്പന്റെ പാർട്ടിക്ക് എലത്തൂർ നൽകിയതിനെ എതിർക്കാൻ കോഴിക്കോട് എം.പി തന്നെ രംഗത്തുവന്നു. വിമതരെ പിൻവലിപ്പിക്കുന്നതിൽ ഏതായാലും യു.ഡി.എഫ് വിജയിച്ചു.
മാണി സി കാപ്പന്റെ എൻ.സി.കെ.യിലെ സുൽഫിക്കർ മയൂരിയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി. എലത്തൂരിലെ കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് വലിയ എതിർപ്പ് നേരിടേണ്ടി വന്ന കായംകുളക്കാരനായ സുൽഫിക്കർ കുറെ ദിവസം മ ണ്ഡലത്തിലിറങ്ങാതെ കഴിച്ചു കൂട്ടി. ഘടകകക്ഷിക്ക് സീറ്റ് നൽകിയതിനെതിരെ കുറ്റിയാടിയിൽ എൽ.ഡി.എഫിൽ കലാപം നടക്കുമ്പോഴാണ് എലത്തൂരിൽ സമാനമായ സാഹചര്യം. രണ്ടിടത്തും വരുന്നത് പാലാക്കാരുടെ സ്ഥാനാർഥികൾ എന്ന സമാനതയുമുണ്ടായി. കുറ്റിയാടി സി.പി.എം. തിരിച്ചെടുത്തപ്പോൾ യു.ഡി.എഫ്. ഉറച്ചുനിന്നു. അതിന്റെ ഫലം മെയ് രണ്ടിനേ ബോധ്യമാകൂ.
കണ്ണൂർ ചൊവ്വക്കാരനായ ശശീന്ദ്രൻ എ.സി. ഷൺമുഖദാസിന്റെ പിൻഗാമിയായാണ് കോഴിക്കോട്ട് സ്ഥാനാർഥിയാവുന്നത്. ഇപ്പോൾ വയസ്സ് 75 ആയി. സ്ഥാനാർഥിയാകരുതെന്ന് ആവശ്യപ്പെടുന്നവരിൽ ഏറെയും സ്വന്തം പാർട്ടിക്കാരാണ്. പത്താം തരം കഴിഞ്ഞ് കോട്ടക്കൽ ആയുർവേദ കോളജിൽ ആയുർവേദത്തിൽ ഡിപ്ലോമക്ക് പഠിച്ചെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കായംകുളത്തെ വൈദ്യൻ വീട്ടുകാരനാണ് യു.ഡി.എഫ് സ്ഥാനാർഥി സുൽഫിക്കർ മയൂരി. വയസ്സ് 57 ആയി. പഴയ പ്രിഡിഗ്രിക്കാരനാണ്. ബി.എസ്.സിയും ബി.എഡും നേടി അധ്യാപകനായിരുന്ന ടി.പി.ജയചന്ദ്രൻ മാസ്റ്ററാണ് ബി.ജെ.പി. സ്ഥാനാർഥി. നരിക്കുനിയാണ് സ്വദേശം.
സ്ഥാനാർഥി ദുർബലനായാൽ നേമം ആവർത്തിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത് കോഴിക്കോട് എം.പി. എം.കെ രാഘവനാണ്. 2016ൽ നേമത്ത് യു.ഡി.എഫ്. സ്ഥാനാർഥിയായത് സുരേന്ദ്രൻപിള്ളയാണ്. അതു വരെ കേരള കോൺഗ്രസിന്റെയും അതു വഴി എൽ.ഡി.എഫിന്റെയും ഭാഗമായിരുന്ന സുരേന്ദ്രൻപിള്ള ആയിടെയാണ് ലോക് താന്ത്രിക് ജനതാദളിൽ വന്നത്. ഉടനെ സ്ഥാനാർഥിയാക്കുകയും ചെയ്തു. യു.ഡി.എഫിൽ വളർന്ന അതൃപ്തി ബി.ജെ.പി.ക്ക് ജയിക്കാൻ സഹായകമായി. എലത്തൂരുമായി നേമത്തിന് സമാനതയുണ്ട്. അത് ബി.ജെ.പി.യെ ജയിപ്പിക്കില്ലെങ്കിലും രണ്ടാം സ്ഥാനത്ത് എത്തിച്ചേക്കും.
2008ലെ മണ്ഡലം പുനർ നിർണയത്തെ തുടർന്ന് രൂപം കൊണ്ട എലത്തൂർ നിയസഭാ മ ണ്ഡലത്തിന് എ.കെ.ശശീന്ദ്രനെ മാത്രമേ പരിചയമുള്ളൂ. 2011ലും 2016ലും വലിയ ഭൂരിപക്ഷത്തിന് തന്നെ ശശീന്ദ്രൻ യു.ഡി.എഫിന്റെ ഭാഗമായ വീരൻ വിഭാഗം നേതാക്കളെ തോൽപിച്ചു. ചേളന്നൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ എന്നീ പഞ്ചായത്തുകളും കോഴിക്കോട് കോർപ്പറേഷനിലെ ആറു വാർഡുകളും ഉൾപ്പെട്ടതാണ് എലത്തൂർമ ണ്ഡലം. ഇതിൽ ചേളന്നൂർ, കാക്കൂർ, കക്കോടി എന്നീ പഞ്ചായത്തുകൾ നേരത്തെ കൊടുവള്ളി മ ണ്ഡലത്തിലും കുരുവട്ടൂർ പഞ്ചായത്ത് കുന്നമംഗലത്തും നന്മണ്ടയും തലക്കുളത്തൂരും ബാലുശ്ശേരിയിലും പെട്ടതായിരുന്നു.
ഇത്തവണ മണ്ഡലത്തിൽ അനുകൂല സാഹചര്യമുണ്ടായിരുന്നുവെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. അതിൽ പ്രധാനം എ.കെ. ശശീന്ദ്രനോടുള്ള അതൃപ്തിയാണ്. അശ്ലീല സംഭാഷണത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതും അദ്ദേഹത്തിന്റെ പ്രതിഛായ മോശമാക്കിയിരുന്നു. അതൃപ്തി കൂടുതലും ശശീന്ദ്രന്റെ പാർട്ടിയായ എൻ.സി.പിയിലാണ്.
ആ പാർട്ടിക്ക് പക്ഷെ സ്വാധീനം കുറവായതിനാൽ അതൃപ്തിയും പ്രകടമാകില്ല. എലത്തൂർ ഏറ്റെടുക്കണമെന്ന് സി.പി.എമ്മിൽ ആവശ്യം ഉണ്ടായിരുന്നു. അവസാന നിമിഷം എൻ.സി.പിയിൽ പാലാ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഇടതുമുന്നണിക്ക് വേണ്ടി നില കൊണ്ട ആൾ എന്ന പരിഗണന ശശീന്ദ്രന് അനുകൂലമായി വന്നു.
എലത്തൂരിൽ രണ്ടു തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളായത് എൽ.ജെ.ഡിക്കാരാണ്. 2011ൽ ഷെയ്ഖ് പി ഹാരിസിന് 39.20 ശതമാനം വോട്ട് കിട്ടി. 14654 വോട്ടിനാണ് പരാജയപ്പെട്ടത്. 2016ൽ പി.കിഷൻ ചന്ദായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. 30.15 ശതമാനമായി വോട്ട് കുറഞ്ഞു. ശശീന്ദ്രന്റെ ഭൂരിപക്ഷം 29057 ആയി വർധിച്ചു.