Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറം ജില്ലയിൽ ആറു മണ്ഡലങ്ങളിൽ കടുത്ത പോരാട്ടം


മലപ്പുറം - നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അന്തിമ മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ജില്ലയിൽ ആറ് മണ്ഡലങ്ങളിൽ കടുത്ത പോരാട്ടം. നിലമ്പൂർ, പെരിന്തൽമണ്ണ, മങ്കട, തിരൂരങ്ങാടി, താനൂർ, തവനൂർ മണ്ഡലങ്ങളിലാണ് കടുത്ത മൽസരത്തിന്റെ സൂചനകൾ നൽകി ശക്തമായ പ്രചാരണം നടന്നത്. ഈ മണ്ഡലങ്ങളിൽ ജനവിധിയെന്താവുമെന്ന് ഇരു മുന്നണികൾക്കും കണക്കൂകൂട്ടാൻ കഴിയാത്ത നിലയിലാണ്.
അപ്രതീക്ഷിതമായ മൽസരങ്ങൾക്കാണ് മലപ്പുറം ജില്ലയിൽ ഇത്തവണ അസംബ്ലി തെരഞ്ഞെടുപ്പ് കളമൊരുക്കിയത്. മുസ്‌ലിം ലീഗ് നേതാവിനെ സ്ഥാനാർഥിയാക്കിയും അവസാന ഘട്ടത്തിൽ സ്ഥാനാർഥിയെ മാറ്റിയും ഇടതുപക്ഷം ജയസാധ്യത പരീക്ഷിക്കുമ്പോൾ മന്ത്രി ജലീലിനെതിരെ അപ്രതീക്ഷിത സ്ഥാനാർഥിയെ രംഗത്തിറക്കി യു.ഡി.എഫും ജില്ലയിൽ മൽസരത്തിന് ആവേശം നൽകുകയായിരുന്നു. 


16 നിയമസഭാ മണ്ഡലങ്ങളിലെ പൊതുതെരഞ്ഞെടുപ്പിനും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുമുള്ള പ്രചാരണമാണ് ജില്ലയിൽ അവസാനിക്കുന്നത്. സ്ഥാനാർഥി നിർണയത്തിൽ ഇരു മുന്നണികൾക്കും ചില ആശയക്കുഴപ്പങ്ങളുണ്ടായെങ്കിലും അതിനെയെല്ലാം മറികടന്ന് വോട്ടുപിടുത്തം ഊർജിതമാക്കുകയായിരുന്നു. 
16 മണ്ഡലങ്ങളിൽ നിലവിൽ 12 എണ്ണം യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. നാലു മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ ഇടതുപക്ഷം വിജയിച്ചത്. ഇതിൽ മൂന്നു പേരും സ്വതന്ത്രന്മാരുമാണ്. ഇത്തവണയും ഇടതു മുന്നണി ജില്ലയിൽ സ്വതന്ത്രൻമാരെ പരീക്ഷിക്കുന്നതിനാണ് മുൻതൂക്കം നൽകിയിട്ടുള്ളത്. ഇതിന്റെ ഫലമായി നിലമ്പൂർ, പെരിന്തൽമണ്ണ, തവനൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി, താനൂർ മണ്ഡലങ്ങളിൽ സ്വതന്ത്രൻമാരാണ് ഇടതുപക്ഷത്തിനായി മൽസര രംഗത്തുള്ളത്.
നിലമ്പൂരിൽ സിറ്റിംഗ് എം.എൽ.എയും ഇടതു സ്വതന്ത്രനുമായ പി.വി.അൻവറും മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.വി പ്രകാശും തമ്മിലുള്ള മൽസരം കടുത്തതാണ്. വി.വി പ്രകാശ് സ്ഥാനാർഥിയായതോടെ മണ്ഡലത്തിലെ കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ ഏറെക്കുറെ പരിഹരിക്കപ്പെട്ടു. 


യു.ഡി.എഫ് കൂടുതൽ ഐക്യത്തോടെയാണ് ഇത്തവണ നിലമ്പൂരിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചു പിടിക്കുമെന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. പെരിന്തൽമണ്ണയിൽ മുൻ മുസ്‌ലിം ലീഗ് നേതാവിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കി യു.ഡി.എഫ് വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തുന്നത്. മലപ്പുറം നഗരസഭയുടെ മുസ്‌ലിം ലീഗുകാരനായിരുന്ന മുൻ ചെയർമാൻ കെ.പി.മുഹമ്മദ് മുസ്തഫയാണ് ഇവിടെ ഇടതു സ്ഥാനാർഥി. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ പെരിന്തൽമണ്ണയിൽ മുസ്‌ലിം ലീഗിന്റെ യുവനേതാവും മാധ്യമ പ്രവർത്തകനുമായ നജീബ് കാന്തപുരമാണ് മൽസരിക്കുന്നത്. മങ്കട മണ്ഡലത്തിൽ മുസ്‌ലിം ലീഗിലെ മഞ്ഞളാംകുഴി അലിയും സി.പി.എമ്മിലെ ടി.കെ.റഷീദലിയും തമ്മിലുള്ള മൽസരവും കടുത്തതാണ്. മന്ത്രി കെ.ടി.ജലീൽ മൽസരിക്കുന്ന തവനൂരിൽ ഓൺലൈൻ ചാരിറ്റി പ്രവർത്തനങ്ങളിലൂടെ പ്രശസ്തനായ ഫിറോസ് കുന്നംപറമ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി എത്തിയത് തെരഞ്ഞെടുപ്പ് ചിത്രം മാറ്റിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ തവനൂരിൽ വലിയ വെല്ലുവിളികളില്ലാതെ വിജയിച്ച കെ.ടി.ജലീലിന് ഫിറോസ് കുന്നംപറമ്പിൽ ഇത്തവണ വെല്ലുവിളി ഉയർത്തുന്നുണ്ട്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് മൽസരിക്കുന്ന താനൂർ മണ്ഡലത്തിലും ഇത്തവണ മൽസരം കടുത്തതാണ്. നേരത്തെ ദീർഘകാലം മുസ്‌ലിം ലീഗിന്റെ കുത്തക മണ്ഡലമായിരുന്ന താനൂരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ഇടതു സ്വതന്ത്രനും മുൻ കോൺഗ്രസ് നേതാവുമായ വി.അബ്ദുറഹ്മാൻ അട്ടിമറി വിജയം നേടിയത്. 


ഇത്തവണയും അബ്ദുറഹ്മാൻ തന്നെയാണ് ഇടതു സ്ഥാനാർഥി. തിരൂരങ്ങാടി മണ്ഡലത്തിൽ ഇടതു മുന്നണി സ്ഥാനാർഥിയെ മാറ്റി ശക്തമായ മൽസരത്തിന് കളമൊരുക്കിയിട്ടുണ്ട്. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെതിരെ സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലകത്താണ് മൽസരിക്കുന്നത്. സി.പി.ഐ മൽസരിക്കുന്ന തിരൂരങ്ങാടി സീറ്റിൽ ആദ്യം പാർട്ടി നേതാവ് അജിത് കൊളാടി പ്രചാരണത്തിനിറങ്ങിയെങ്കിലും പിന്നീട് വിജയ സാധ്യത വർധിപ്പിക്കാനായി നിയാസിനെ ഇടതു മുന്നണി കളത്തിലിറക്കുകയായിരുന്നു.
ഇടതുപക്ഷത്തിന് കാര്യമായ ചലനങ്ങളുണ്ടാക്കാൻ കഴിയാത്തവയാണ് ജില്ലയിൽ മണ്ഡലങ്ങളിലേറെയും. എന്നാൽ ഇത്തവണ പുതിയ സ്വതന്ത്രൻമാരെ ഇറക്കിയുള്ള തന്ത്രം വിജയിക്കുമെന്നാണ് മുന്നണി നേതൃത്വം കണക്കുകൂട്ടുന്നത്. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടം പരമാവധി പ്രചരിപ്പിച്ച് ജില്ലയിലും അനുകൂല തരംഗങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. മണ്ഡലങ്ങളിൽ നടത്തിയ വികസന പ്രവർത്തനങ്ങളും സിറ്റിംഗ് എം.എൽ.എമാർ പരമാവധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. 


യു.ഡി.എഫിന് വേണ്ടി മുൻ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, എ.പി.അനിൽകുമാർ, മഞ്ഞളാംകുഴി അലി തുടങ്ങിയ പ്രമുഖരാണ് മൽസരിക്കുന്നത്. ഇടതു മുന്നണിക്ക് വേണ്ടി സി.ഐ.ടി.യു ദേശീയ നേതാവ് പി.നന്ദകുമാർ, മന്ത്രി കെ.ടി.ജലീൽ, സിറ്റിംഗ് എം.എൽ.എമാരായ പി.വി.അൻവർ, വി.അബ്ദുറഹ്മാൻ തുടങ്ങിയ പ്രധാന നേതാക്കളും വീണ്ടും ജനവിധി തേടുന്നു.
മുസ്‌ലിം സമുദായ വോട്ടുകൾ വിധി നിർണയിക്കുന്ന മലപ്പുറം ജില്ലയിൽ ഇത്തവണ പ്രകടമായ അടിയൊഴുക്കുകളൊന്നുമില്ല. പരമ്പരാഗതമായി മുസ്‌ലിം ലീഗിനെ പിന്തുണക്കുന്ന സമസ്ത ഇ.കെ സുന്നി വിഭാഗം ഇത്തവണയും യു.ഡി.എഫിനൊപ്പമുണ്ട്. 
എ.പി സുന്നി വിഭാഗത്തിൽ നിന്നുള്ള വോട്ടുകളിലാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ. ഏതാനും സീറ്റുകളിൽ മാത്രം മൽസരിക്കുന്ന വെൽഫെയർ പാർട്ടി മറ്റു മണ്ഡലങ്ങളിൽ യു.ഡി.എഫിനെ പിന്തുണക്കുമെന്നാണ് സൂചന. 

 

Latest News