- ജയം ഉറപ്പിച്ച് ഉമ്മൻ ചാണ്ടി
- പോരാടി നിൽക്കാൻ ജെയ്ക്ക്
- നാലാം തവണയും വിധി തേടി ഹരി
കോട്ടയം - പുതുപ്പള്ളിയിൽ എല്ലാം പതിവുപോലെ. അമ്പതു വർഷമായി പുതുപ്പള്ളിക്കാരുടെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി. സി.പി.എം സ്ഥാനാർഥിയായി യുവ നേതാവ് ജെയ്ക്ക് സി.തോമസ്, ബി.ജെ.പിയിൽ നിന്ന് എൻ.ഹരി. പുതുപ്പള്ളിയുടെ ഓരോ ഇഞ്ചും അറിയാവുന്ന ഉമ്മൻ ചാണ്ടിയുടെ പ്രചാരണ രീതിക്കും മാറ്റമില്ല. പുതുപ്പള്ളികോട്ട പിടിച്ചടക്കാമെന്ന് എൽ.ഡി.എഫിന് വിശ്വാസമില്ല. എങ്കിലും അട്ടിമറി പ്രതീക്ഷിച്ചാണ് ജെയ്ക്കിനെ വീണ്ടും മത്സരിപ്പിക്കുന്നത്.
ആഴ്ചകൾക്കു മുമ്പു തന്നെ വീടുകൾ കേന്ദ്രീകരിച്ച് യോഗങ്ങൾ വിളിച്ച് അവിടെ എത്തി വോട്ടർമാരെ നേരിൽ കണ്ട് ഉമ്മൻ ചാണ്ടി വോട്ടുകൾ അഭ്യർഥിച്ചിരുന്നു. യു.ഡി.എഫ് ഭരണത്തിലെത്തേണ്ട ആവശ്യകതയാണ് ഉമ്മൻ ചാണ്ടി അവിടെ വിശദീകരിച്ചിരുന്നത്. പിന്നീട് അണികൾ ആണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവർത്തിക്കുന്നത്. ഉമ്മൻ ചാണ്ടി എവിടെയാണെങ്കിലും രാത്രി പത്തു കഴിഞ്ഞ് ഓരോ സ്ഥലത്തെയും പ്രവർത്തനം അന്വേഷിച്ച ഉമ്മൻ ചാണ്ടിയുടെ വിളി എത്തും. ഇതിനും മാറ്റമില്ല, വർഷങ്ങളായിട്ടും. ഇതു പന്ത്രണ്ടാമത്തെ മത്സരമാണ്. 1970 ൽ ആരംഭിച്ച വിജയയാത്ര തുടരുന്നു. പ്രതിപക്ഷത്തായാലും ഭരണ പക്ഷത്തായാലും ശനിയാഴ്ച രാത്രി പുതുപ്പള്ളിയിലുണ്ടാവും. ഞായറാഴ്ച പള്ളീ പോക്കും മുടക്കാറില്ല. കോവിഡ് ലോക്ഡൗൺ കാലത്ത് ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തായിരുന്നു, പുതുപ്പള്ളി ഹൗസിൽ.
എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക്ക് യുവാക്കളുടെ വലിയ സംഘത്തിനൊപ്പമാണ് പര്യടനം. നാലു വട്ടം ജെയ്ക്ക് പര്യടനം നടത്തി. അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലെ സ്വീകരണ യോഗങ്ങളിൽ വലിയ ജനക്കൂട്ടമായിരുന്നു. കഴിഞ്ഞ തവണ 27,092 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മൻ ചാണ്ടി നിയമസഭയിലെത്തിയത്. ഉമ്മൻ ചാണ്ടിക്ക് 71,597 വോട്ടും ജയ്ക്കിന് 44,505 വോട്ടും ലഭിച്ചു.
എൻ.ഹരി ഇത് നാലാം തവണയാണ് രംഗത്ത്. 2006 ൽ വാഴൂർ മണ്ഡലത്തിലായിരുന്നു ഹരിയുടെ ആദ്യ പരീക്ഷണം. തുടർന്ന് പാലായിൽ രണ്ടു തവണ മത്സരിച്ചു. 2016ലെ തെരഞ്ഞെടുപ്പിൽ പാലായിൽ ഹരി 18,044 വോട്ടുകൾ നേടിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ മത്സരിച്ച ബി.ജെ.പിയിലെ ജോർജ് തോമസിന് 15,993 വോട്ടു ലഭിച്ചു.
പുതുപ്പള്ളിയിൽ ഇക്കുറി ബി.എസ്.പിയിലെ അഭിലാഷ്, എസ്.യു.സി.ഐയിലെ എം.വി ചെറിയാൻ, സ്വതന്ത്രനായി ജോർജ് ജോസഫ് എന്നിവരും മത്സര രംഗത്തുണ്ട്. മണ്ഡലത്തിൽ ഇക്കുറി 1,75,959 വോട്ടർമാരിൽ സ്ത്രീകളാണ് കൂടുതൽ. 89,914 സ്ത്രീ വോട്ടർമാരും 86,042 പുരുഷ വോട്ടർമാരുമാണുള്ളത്. കഴിഞ്ഞ മൂന്നു ദിവസമായി ഉമ്മൻ ചാണ്ടി പരസ്യ പ്രചാരണം നിർത്തിയിരിക്കുകയായിരുന്നു, പുണ്യ വാരാചരണത്തിന്റെ ഭാഗമായി. ഉമ്മൻ ചാണ്ടി ക്യാമ്പിന് ആശങ്കയേയില്ല. ഭൂരിപക്ഷം എത്രയാവും എന്ന ചർച്ച മാത്രം.