Sorry, you need to enable JavaScript to visit this website.

ചരിത്ര നേട്ടത്തിലെ വഴിത്തിരിവുകൾ

ഗോകുലം കേരളാ എഫ്.സിയെ ഐ-ലീഗ് കിരീട നേട്ടത്തിലേക്ക് നയിച്ച യാത്രയിലെ വഴിത്തിരിവുകളെക്കുറിച്ച്....


ഒരുപാട് ഘടകങ്ങൾ പൂർണതയിൽ ലയിച്ചപ്പോഴാണ് ഗോകുലം കേരളാ എഫ്.സി എന്ന കോഴിക്കോട്ടെ ടീം കൊൽക്കത്തയുടെ കളി മണ്ണിൽ ഐ-ലീഗ് കിരീടമുയർത്തിയത്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് എന്ന ഐ.എസ്.എൽ സിംഹത്തിന്റെ ഗർജനം പ്രതീക്ഷിച്ച് നിരാശരായി നിൽക്കുന്നവരാണ് ഇവിടുത്തെ ഫുട്‌ബോൾ പ്രേമികൾ. വർഷങ്ങളായി അഭിമാനിക്കാനൊന്നുമില്ലാത്ത കേരളാ ഫുട്‌ബോളിന് പുതിയ ഊർജമാണ് ഗോകുലത്തിന്റെ വിജയം സമ്മാനിച്ചത്. ഗോകുലത്തിന്റെ വിജയം നിർണയിച്ച ഘടകങ്ങളിലൂടെ...

 

കോച്ച്
മുപ്പത്താറുകാരനായ, ഇന്ത്യയിൽ പരിചയ സമ്പത്തില്ലാത്ത വിഞ്ചൻസൊ ആൽബർടൊ അന്നീസ് എന്ന ഇറ്റലിക്കാരനെ കോച്ചായി കൊണ്ടുവന്നതാണ് ഒന്നാമത്തെ ഘടകം. അത് പക്ഷേ കണ്ണും പൂട്ടിയുള്ള തീരുമാനമായിരുന്നില്ല. വയസ്സ് മുപ്പത്താറാവുമ്പോഴേക്കും ഫുട്‌ബോൾ കോച്ചിംഗിൽ ഒരു പതിറ്റാണ്ടിന്റെ പരിചയ സമ്പത്ത് അദ്ദേഹം ആർജിച്ചിരുന്നു. കഴിഞ്ഞയാഴ്ച കൊൽക്കത്തയിൽ കണ്ടത് അന്നീസിന്റെ സ്വപ്‌ന സാക്ഷാൽക്കാരമാണ്. ആദ്യമായി ഒരു ടീമിനൊപ്പം ദേശീയ ലീഗ് കിരീടം നേടി. 
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അന്നീസിനെ ഗോകുലം കോച്ചായി നിയമിച്ചത്. ലോക്ഡൗൺ കാരണം പിന്നെയും രണ്ടു മാസം കഴിഞ്ഞാണ് അദ്ദേഹം ടീമിനൊപ്പം ചേർന്നത്. ടീമിലെ പല കളിക്കാരുടെയും പ്രായമുള്ള കോച്ചിനെ കണ്ട് ആളുകൾ അമ്പരന്നു. ഇറ്റലിയിലും ഘാനയിലും ലാത്വിയയിലും ആർമീനിയയിലും എസ്റ്റോണിയയിലും ഫലസ്തീനിലുമൊക്കെ ടീമുകളുടെ പരിശീലകനായിട്ടുണ്ട് അദ്ദേഹം. 

വിശ്വാസം
സ്വന്തം കരുത്തിലുള്ള വിശ്വാസമാണ് ഗോകുലത്തെ വലിയ വിജയങ്ങളിലേക്ക് നയിച്ചത്. തിരിച്ചടികൾ നേരിട്ടപ്പോഴും ആക്രമണ ഫുട്‌ബോളിൽനിന്ന് ടീം പിറകോട്ട് പോയില്ല. വിജയം അനിവാര്യമായ അവസാന മത്സരത്തിലും കണ്ടത് ആ വിശ്വാസമാണ്. ട്രാവുവിനെതിരെ ഒരു ഗോളിന് പിന്നിലായ ശേഷം ടീം കത്തിക്കയറി. നാലു ഗോൾ തിരിച്ചടിച്ചു. ലീഗ് ആരംഭിക്കുമ്പോൾ തന്നെ കിരീട സാധ്യത മനസ്സിൽ കണ്ടിരുന്നുവെന്ന് കോച്ച് പറയുന്നു. ഇന്ത്യൻ ഫുട്‌ബോളിനെക്കുറിച്ച് പൊതുവിലും ഗോകുലത്തെക്കുറിച്ച് പ്രത്യേകിച്ചും ഗവേഷണം നടത്തിയ ശേഷമാണ് കോഴിക്കോട്ടേക്ക് വിമാനം കയറിയത്. പ്രതിരോധത്തിലും ഗോൾ വഴങ്ങാതിരിക്കുന്നതിലും അമിത ശ്രദ്ധ പുലർത്തുന്നതാണ് ഇന്ത്യൻ ഫുട്‌ബോളിന്റെ ശാപമെന്ന് മനസ്സിലാക്കിയെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യൻ ഫുട്‌ബോളിൽ പ്രതിഭകളുണ്ട്. ഐ.എസ്.എല്ലിലും ഐ-ലീഗിലും അത് പ്രകടമാണ്. എന്നാൽ കോച്ചുമാരുടെ മനോഭാവത്തിലാണ് പ്രശ്‌നം. ഇന്ത്യൻ ഫുട്‌ബോളിന് മികച്ച കോച്ചുമാരെ ആവശ്യമുണ്ട്. നാലു വർഷം മാത്രം പ്രായമുള്ള ഒരു ക്ലബ്ബിൽ ഒരു മികച്ച കോച്ചിന് എന്തൊക്കെ സാധിക്കുമെന്ന് അന്നീസ് തെളിയിച്ചു. 

 

തന്ത്രം
തന്ത്രങ്ങളിൽ വരുത്തിയ മാറ്റം ടീമിന്റെ മനോഭാവം തന്നെ തിരുത്തി. ഇന്ത്യയിൽ മിക്ക ടീമുകളും പിൻപറ്റുന്നത് 4-4-2 ശൈലിയാണ്. ഗോകുലത്തിൽ കോച്ച് അന്നീസ് സ്വീകരിച്ചത് 4-3-3 ശൈലിയായിരുന്നു. എപ്പോഴും ആക്രമണത്തെക്കുറിച്ച് ചിന്തിക്കാൻ കളിക്കാരോട് നിർദേശിച്ചു. പ്രത്യാക്രമണങ്ങളെ ജാഗ്രതയോടെ കാക്കാൻ ഡിഫന്റർമാരോട് നിർദേശിക്കുകയും ചെയ്തു. കലാശപ്പോരാട്ടത്തിൽ വെറും 20 മിനിറ്റ് ശേഷിക്കുമ്പോഴും ഗോകുലം 0-1 ന് പിന്നിലായിരുന്നു. അപ്പോൾ പോലും  വിജയം താൻ പ്രതീക്ഷിച്ചിരുന്നുവെന്ന് അന്നീസ് പറഞ്ഞു. 4-1 വിജയം പക്ഷേ വലിയ ആഹ്ലാദം നൽകി. 

ഗോളുകൾ
ഗോളുകളാണ് കളിയിൽ പ്രധാനം. അതാണ് വിജയം നിർണയിക്കുന്നത്. കൂടുതൽ കൂടുതൽ ഗോളുകളാണ് തന്റെ ആഗ്രഹമെന്ന് കോച്ച് പറയുന്നു. 31 ഗോളുകളാണ് ഗോകുലം അടിച്ചുകൂട്ടിയത്. 11 ടീമുകൾ അണിനിരന്ന ഒരു ഐ-ലീഗിലും ഇത്ര ഗോളടിക്കാൻ ഒരു ടീമിനും സാധിച്ചിട്ടില്ല. 

കഴിവുറ്റ കളിക്കാർ
മലയാളി കളിക്കാരുടെയും വിദേശികളുടെയും നല്ല സങ്കരമായിരുന്നു ഗോകുലം. ഈ കളിക്കാരെ ഒരേ ചരടിൽ കോർക്കാൻ കോച്ചിന് സാധിച്ചു. ഗോകുലത്തിന്റെ 31 ഗോളുകളിൽ 11 ഗോളുകളും ഘാനക്കാരനായ സ്‌ട്രൈക്കർ ഡെനിസ് ആന്റവിയുടെ സംഭാവനയാണ്. അന്നീസ് കൊണ്ടുവന്ന ഏറ്റവും വലിയ സമ്പത്തായി ആന്റവി. ഘാനക്കാർ തന്നെയായ സ്‌ട്രൈക്കർ ഫിലിപ് അദ്ജ, ഡിഫന്റർ മുഹമ്മദ് അവാൽ എന്നിവരും ടീമിന്റെ കാമ്പായി മാറി. മധ്യനിരയിൽ അഫ്ഗാനിസ്ഥാൻകാരൻ ശരീഫ് മുഹമ്മദ് ഉജ്വല ഫോമിലായിരുന്നു. മലയാളി താരം എമിൽ ബെന്നി ടൂർണമെന്റിലെ മികച്ച കളിക്കാരിലൊരാളായി മാറി. 
 

Latest News