Sorry, you need to enable JavaScript to visit this website.

ഗോകുലം... മലബാറിന്റെ മധുരം

ഐ-ലീഗ് കിരീടമുയർത്തിയ ഗോകുലം കേരളാ എഫ്.സി ഏഷ്യൻ ഫുട്‌ബോളിന്റെ പടിവാതിൽക്കലെത്തി നിൽക്കുന്നു. ക്ലബ്ബ് രൂപീകരിച്ച് നാലു വർഷം മാത്രം പിന്നിടുമ്പോഴാണ് ഈ നേട്ടം. എ.എഫ്.സി കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ ടീമാവാനൊരുങ്ങുകയാണ് അവർ. ഒപ്പം ഐ-ലീഗ് കിരീടം നിലനിർത്തണം. ചരിത്രത്തിൽ ഇതുവരെ ഒരു ടീമിനും തുടർച്ചയായി രണ്ടു തവണ ഐ-ലീഗ്  ചാമ്പ്യന്മാരാവാൻ സാധിച്ചിട്ടില്ല. ഗോകുലത്തിന്റെ സാധ്യതകളും വെല്ലുവിളികളും എന്തൊക്കെയാണ്.....


മുപ്പത്താറിന്റെ ഇളംപ്രായത്തിൽ ഗോകുലം കേരളാ എഫ്.സി കോച്ചായി നിയമിതനായപ്പോൾ വിഞ്ചൻസൊ ആൽബർടൊ അന്നീസ് അവകാശപ്പെട്ടത് ടീമിനെ ഇന്ത്യൻ ഫുട്‌ബോളിലെ വൻശക്തികളിലൊന്നായി മാറ്റുമെന്നാണ്. ഇറ്റലിക്കാരന്റെ വാക്കുകളെ പതിവ് അവകാശവാദമായി മാത്രമേ എല്ലാവരും കണ്ടുള്ളൂ. കാരണം ഐ.എം. വിജയനെയും വി.പി. സത്യനെയും പോലെ പ്രമുഖ കളിക്കാർ അണിനിരന്ന കേരളാ പോലീസിന് പോലും ദേശീയ ലീഗ് കിരീടം ഉയർത്താനായിട്ടില്ല. എന്നാൽ അന്നീസ് തന്റെ വാക്കു പാലിച്ചു. ഗോകുലം ഐ-ലീഗ് ചാമ്പ്യന്മാരായി. ഒഴിഞ്ഞുപോയിക്കൊണ്ടിരുന്ന ഐ-ലീഗ് കിരീടം കേരളത്തിലെത്തി. രാജ്യത്തെ പ്രമുഖ ഫുട്‌ബോൾ കേന്ദ്രങ്ങളിലൊന്നായിട്ടും ഐ-ലീഗിൽ പ്രതിനിധികളില്ലാത്ത നീണ്ട കാലത്തെ കഥ കേരളത്തിന് പറയാനുണ്ട്. 
ഇന്ത്യയിൽ പോവട്ടെ, ഏഷ്യയിൽ പോലും കാര്യമായ കോച്ചിംഗ് പരിചയമില്ലാതെയാണ് അന്നീസ് കേരളത്തിലെത്തുന്നത്. എന്നിട്ടും ഗോകുലത്തിന്റെ കളി ശൈലി രാജ്യം ശ്രദ്ധിക്കണമെന്ന അദ്ദേഹത്തിന്റെ നിലപാട് യാഥാർഥ്യമായി. സ്വയം തെളിയിക്കേണ്ട ഒരു കോച്ചിന്റെ സ്വപ്‌നങ്ങളായേ തുടക്കത്തിലൊക്കെ ഈ അവകാശവാദങ്ങൾ പരിഗണിക്കപ്പെട്ടിരുന്നുള്ളൂ. 
വെറും ഏഴു മാസം കൊണ്ടാണ് അന്നീസ് തന്റെ വാക്കുകൾ യാഥാർഥ്യമാക്കിയത്. ഗോകുലത്തെ ഐ-ലീഗ് കിരീടത്തിലേക്ക് നയിച്ച് കേരളാ ഫുട്‌ബോളിന്റെ ചരിത്രത്തിൽ ആർക്കും മായ്ക്കാനാവാത്ത പദവി നേടിയെടുത്തു. ഇന്ത്യൻ ഫുട്‌ബോൾ ആ വിജയത്തെ സാകൂതം വീക്ഷിക്കുകയാണ് ഇപ്പോൾ. 
സ്വന്തം കഴിവിൽ വിശ്വാസമുള്ളതുകൊണ്ടു തന്നെയാണ് ആ അവകാശവാദങ്ങൾ നടത്തിയതെന്ന് അന്നീസ് പറയുന്നു. വെറും പറയുക മാത്രമായിരുന്നില്ല. ഈ കിരീടം അതിപ്രധാനമാണ്. ഈ മേഖലയിൽ നിന്ന് ഒരു ടീമും ഇതുവരെ ഐ-ലീഗ് കിരീടത്തിനടുത്തു പോലുമെത്തിയിട്ടില്ല. ഫുട്‌ബോൾ ഭ്രമത്തിന് പേരെടുത്ത സംസ്ഥാനത്ത് ഈ നേട്ടം വലിയ സ്വാധീനമുണ്ടാക്കും -അന്നീസ് കരുതുന്നു. 


കന്നി സീസണിൽ അന്നീസ് പ്രതിരോധ ശൈലി സ്വീകരിക്കുമെന്ന് വിലയിരുത്തിയവരേറെയായിരുന്നു. ഇറ്റാലിയൻ കോച്ചുമാർ പൊതുവെ പ്രതിരോധ ശൈലിയുടെ വക്താക്കളാണ്. എന്നാൽ ആക്രമണവും അനർഗളമായി ഒഴുകുന്ന ശൈലിയും വളർത്തിയെടുത്ത് അന്നീസ് എല്ലാവരെയും ഞെട്ടിച്ചു. 
അവസാന മത്സരത്തിന് കാത്തുനിൽക്കാതെ ഗോകുലം കിരീടമുറപ്പിക്കേണ്ടതായിരുന്നുവെന്ന് അന്നീസ് കരുതുന്നു. കാരണം ഞങ്ങൾ അത്രയധികം ഗോളടിച്ചിട്ടുണ്ട്. അവസാനം തലനാരിഴക്കാണ് കിരീടം കൈക്കലായതെങ്കിലും ഞങ്ങൾ അത് പൂർണമായും അർഹിച്ചിരുന്നു -മുപ്പത്തേഴുകാരൻ പറഞ്ഞു. 
നാൽപതിൽ താഴെ പ്രായമുള്ളവർ കോച്ചിന്റെ കുപ്പായത്തിലല്ല പലപ്പോഴുമുണ്ടാവുക. കളിക്കാരന്റെ ജഴ്‌സിയിലാണ്. എന്നാൽ 37 വയസ്സാവുമ്പോഴേക്കും ഒരു ദേശീയ ടീമിനെ പരിശീലിപ്പിച്ച അനുഭവമുണ്ട് അന്നീസിന്. ബെലീസെയുടെ ദേശീയ കോച്ചായിരുന്നു അദ്ദേഹം. യുവാക്കളിൽ പ്രതീക്ഷയർപ്പിക്കാൻ ധൈര്യം കിട്ടുന്നത് യൗവനത്തിന്റെ ചോരത്തിളപ്പ് കാരണമാണ്. നിരവധി യുവതാരങ്ങൾ അന്നീസിനു കീഴിൽ തേച്ചു മിനുക്കപ്പെട്ടു. എമിൽ ബെന്നി ഈ സീസണിലെ ശ്രദ്ധിക്കപ്പെട്ട കളിക്കാരനായി. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ എമിൽ ബെന്നിയെ ഈ സീസണിലെ ഭാവി വാഗ്ദാനമായി തെരഞ്ഞെടുത്തു. 
എമിൽ ഇന്ത്യയുടെ ഭാവി കളിക്കാരനാണെന്ന് പറയാൻ അന്നീസിന് മടിയില്ല. മാത്രമല്ല, ഐ-ലീഗിൽ ദേശീയ കുപ്പായമിടാൻ കഴിവുള്ള നിരവധി കളിക്കാരുണ്ടെന്നും അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യമനുവദിച്ചാൽ ഈ കളിക്കാർ മിന്നിത്തിളങ്ങുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 


കഴിവ് തെളിയിച്ചതോടെ ഈ കളിക്കാരിൽ പലരെയും ഐ.എസ്.എല്ലിലെ വൻകിട ക്ലബ്ബുകൾ റാഞ്ചുമെന്ന് അന്നീസിന് ആശങ്കയുണ്ട്. എ.എഫ്.സി ഏഷ്യൻ ക്ലബ് കപ്പിൽ കളിക്കുന്ന ആദ്യ കേരളാ ടീമാവാൻ ഒരുങ്ങുകയാണ് ഗോകുലം. ഐ-ലീഗ് കിരീടം നിലനിർത്തുക മറ്റൊരു ദുഷ്‌കരമായ ദൗത്യമാണ്. ചരിത്രത്തിൽ ഇതുവരെ ഒരു ടീമിനും തുടർച്ചയായി രണ്ടു തവണ ഐ-ലീഗ് ചാമ്പ്യന്മാരാവാൻ സാധിച്ചിട്ടില്ല. 
അതിന് വേണ്ടത് ഈ ടീമിലെ പ്രധാനപ്പെട്ട എല്ലാ കളിക്കാരെയും നിലനിർത്തുക എന്നതാണ്. ഏഷ്യയിൽ സാന്നിധ്യമറിയിക്കുകയെന്നത് മറ്റൊരു പ്രധാനപ്പെട്ട വെല്ലുവിളിയാണ്. പരിചയ സമ്പത്തും വിദേശത്ത് കളിച്ച പരിചയവുമൊന്നും ഇല്ലാത്ത ഇന്ത്യൻ ക്ലബ്ബുകൾക്ക് സമീപകാലത്തൊന്നും ഏഷ്യയിൽ മികവ് തെളിയിക്കാൻ സാധിച്ചിട്ടില്ല. അതേസമയം, ഏതു ടീമുമായും, പ്രത്യേകിച്ച് ഐ.എസ്.എല്ലിലെ മുൻനിര ടീമുകളുമായെല്ലാം ഒപ്പത്തിനൊപ്പം പൊരുതി നിൽക്കാനുള്ള കഴിവ് ഗോകുലത്തിന് ഉണ്ടെന്ന് അന്നീസ് കരുതുന്നു. ഗോകുലത്തിന്റെ മുന്നേറ്റം ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയിൽ ഗണ്യമായ സംഭാവന നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

 

Latest News