രുദ്രപൂര്‍- ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുടെ മുത്തശ്ശന് 84 വയസ്സുള്ള സന്തോഖ് സിങിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ നദിയില്‍ കണ്ടെത്തി.
അഹമ്മദാബാദിലെ സബര്‍മതി നദിയിലാണ് സിങിന്റെ മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച മുതല്‍ സിങിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.
കൊച്ചുമകനായ ക്രിക്കറ്റര്‍ ജസ്പ്രീത് ബുംറയെ കാണാന്‍ സിങ് അഹമ്മദാബാദിലേക്ക് പോയതായിരുന്നു സിങ്. എന്നാല്‍ ബുംറയുടെ അമ്മ മകനെ കാണാന്‍ മുത്തശ്ശനെ അനുവദിച്ചില്ലെന്നും പറയപ്പെടുന്നു. സിങിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.
ഡിസംബര്‍ അഞ്ചിന് ബുംറയുടെ ജന്മദിനത്തിലാണ് താരത്തെ കാണാന്‍ മുത്തശ്ശന് താരത്തിന്റെ വീട്ടിലെത്തിയത്. എന്നാല്‍ അന്നു കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഡിസംബര്‍ എട്ടിന് ഝാര്‍ഖണ്ഡിലുള്ള മകന് ബല്‍വീന്ദര്‍ സിങിനെ വിളിച്ച് താന്‍ മരിച്ചു പോയ തന്റെ ഭാര്യയെ കാണാന്‍ പോകുകയാണെന്ന് സിങ് പറഞ്ഞിരുന്നു.
മൂന്ന് തുണിമില്ലുകള്‍ സ്വന്തമായുണ്ടായിരുന്ന സിങ് തന്റെ ബിസിനസ് പോളിഞ്ഞതിന് ശേഷം സ്വദേശമായ കിച്ചയില്‍ ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിരുന്നു. ബുംറയുടെ അമ്മയും മുത്തശ്ശന് സിങും അത്ര സ്വരച്ചേര്‍ച്ചയിലല്ല. ബുംറയെ കാണാന്‍ സിങിനെ താരത്തിന്റെ അമ്മ അനുവദിച്ചിരുന്നില്ല. മരിക്കുന്നതിനു മുമ്പ് ബുംറയെ കണ്ട് ഒന്നു കെട്ടിപ്പിടിക്കണമെന്നാണ് തന്റെ അന്ത്യാഭിലാഷമെന്ന് സിംഗ് നേരത്തെ പറഞ്ഞിരുന്നു.






