Sorry, you need to enable JavaScript to visit this website.

പാര്‍ട്ടിക്കാര്‍ക്ക് എന്തുമാവാം, നിയമങ്ങള്‍ സിനിമയ്ക്ക് മതി സര്‍ക്കാരിനെ വിമര്‍ശിച്ച്  നിര്‍മാതാവ്

കൊച്ചി- കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് പകുതി സീറ്റുകളില്‍ മാത്രം കാണികളെ നിറച്ചാണ് തിയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനം.  തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാത്ത നടപടികളില്‍ സര്‍ക്കാരിനെതിരെ നിര്‍മാതാവ് പ്രശോഭ് കൃഷ്ണയുടെ രൂക്ഷവിമര്‍ശനം.സംസ്ഥാനത്തുടനീളം പോലീസ് അകമ്പടിയോടെ മാസ്‌കില്ലാതെ രാഷ്ട്രീയക്കാര്‍ക്ക് എല്ലാവരേയും കെട്ടിപിടിക്കാം കൈകൊടുക്കാം. എന്നാല്‍ സാധാരണക്കാരന്‍  ഇത്തിരി ശ്വാസത്തിനു വേണ്ടി ആ മാസ്‌ക് ഒന്നു താടിയിലേക്ക് വച്ചാല്‍ പെറ്റിയായി കേസായി എന്ന് ഇന്‍സ്റ്റഗ്രാമിലൂടെ കല്‍ക്കി ചിത്രത്തിന്റെ നിര്‍മാതാവ് വിമര്‍ശിച്ചു.
പ്രചാരണപരിപാടികളിലെ കൈയടികള്‍ നിങ്ങള്‍ക്ക് വോട്ടും ഭരണവുമാണെങ്കില്‍ തിയേറ്ററിലെ കരഘോഷങ്ങള്‍ സിനിമാക്കാര്‍ക്ക് അന്നമാണ്. തിയേറ്ററില്‍ എസിയുണ്ടെന്ന് പറയുന്ന വാദത്തെയും നിര്‍മാതാവ് എതിര്‍ത്തു.അമ്പലങ്ങളിലും പള്ളികളിലും ഉത്സവങ്ങളും ആഘോഷങ്ങളും അനുവദിക്കുന്നതും ബാറുകളില്‍ വില്‍പ്പനക്കോ ആള്‍ക്കൂട്ടത്തിനോ നിയന്ത്രണമില്ലാത്ത പ്രവണതയെയും പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇത്തരം നടപടികള്‍ കാണുമ്പോഴാണ് തെരഞ്ഞെടുപ്പിലെ നോട്ടയോട് ബഹുമാനം തോന്നുന്നതെന്നും പ്രശോഭ് കൃഷ്ണ എടുത്തു പറഞ്ഞു. 
 

Latest News