Sorry, you need to enable JavaScript to visit this website.

മിസ്‌റിലെ റമദാൻ രാവുകൾ 

ഖുലൂദ് ഏറെ സങ്കടത്തിലാണ്. റമദാൻ ആഗതമാകുന്ന ഈ വേളയിൽ ഈജിപ്ഷ്യൻ നഗരത്തിലെ ആഘോഷങ്ങളും ആവേശവും വല്ലാതെ മിസ്സ് ചെയ്യുന്ന കാര്യം സംസാരത്തിനിടയിൽ നെടുവീർപ്പോടെയാണ് അവൾ സൂചിപ്പിച്ചത്. ചെങ്കടൽ തീരത്ത് കാറ്റ് കൊണ്ട് പതിവ് വായനയിൽ മുഴുകിയിരിക്കുമ്പോഴാണ് സായാഹ്ന സവാരി കഴിഞ്ഞ്ഖുലൂദും ഉമ്മയും  ഞാൻ ഇരിക്കുന്ന ബെഞ്ചിൽ വിശ്രമിക്കാനെത്തിയത്. അവരെ കണ്ടുമുട്ടിയതും അടുത്ത് പരിചയപ്പെടുന്നതും അങ്ങനെയാണ്. 


പതിനഞ്ച് വർഷം മുമ്പ്ഭർത്താവ് മരിച്ച വിവരവും തുടർന്ന് നാല് മക്കളെ ഉയർന്ന വിദ്യ നൽകി പഠിപ്പിച്ചതിന്റെ കഥയുമെല്ലാം തെല്ലിട നേരം കൊണ്ട് ഖുലൂദിന്റെ കുലീനയായ മാതാവ് സാമിയ പങ്കുവെച്ചു. ഭർത്താവിന്റെ മരണാനന്തരം 
മക്കളെ ക്ഷമയോടെ സദ്‌വൃത്തരായി വിദ്യ നൽകി വളർത്തിയെടുക്കുന്ന സ്ത്രീകൾ പ്രവാചകർക്ക് മുമ്പേ സ്വർഗത്തിൽ പ്രവേശിക്കുമെന്ന പ്രവാചക വചനം ഇതിനിടയിൽ ഏറെ ആത്മവിശ്വാസം തുളുമ്പുന്ന വിനയത്തോടെ അവർ പങ്കുവെച്ചത് ഓർത്തുപോവുന്നു. ചെങ്കടൽ തീരത്ത് നിന്ന് ലഭിച്ച വൈവിധ്യമാർന്ന അനുഭവങ്ങളിലെ അവിസ്മരണീയമായ പാഠങ്ങളിൽ ഒന്നാണതെന്ന് വേണം പറയാൻ. അവരുടെ മൂത്ത മകൻ റിയാദിലാണ് ജോലി ചെയ്യുന്നത്. രണ്ടാമത്തെയാൾ ജിദ്ദയിലും. മകൾ സാറയും ഖുലൂദുമൊത്ത് വിസിറ്റ് വിസയിൽ എത്തിയ അവർ മൂത്ത മകനോടൊത്ത് കുറച്ച് ദിവസം റിയാദിൽ ചെലവഴിച്ചതിന് ശേഷം ജിദ്ദയിൽ എത്തിയിരിക്കയാണ്. റമദാനിൽ ഉംറ കൂടി നിർവഹിച്ച് നാട്ടിലേക്ക് പുറപ്പെടാനുള്ള തയാറെടുപ്പിലാണവർ. ഫാർമസി സയൻസിൽ ബിരുദമുള്ള ഖുലൂദ് ഈജിപ്തിലെ പ്രശസ്തമായ ഒരു ചെസ്റ്റ് ഹോസ്പിറ്റലിലെ ജീവനക്കാരിയാണ്. സാറയാവട്ടെ, മീഡിയ ആൻഡ് ജേർണലിസം ബിരുദധാരിണിയാണ്. കുടുംബത്തെ കുറിച്ചും കൂടാതെ കേരളത്തെ കുറിച്ചും അവർ കുറഞ്ഞ നേരത്തിനുള്ളിൽ എന്നോട് ചോദിച്ചറിഞ്ഞു. 
മിടുക്കിയും സർഗധനയുമായ ഖുലൂദ് അറബി ഭാഷയെ കുറിച്ചും ഈജിപ്ഷ്യൻ അറബി ഭാഷയിലുള്ള ഉച്ചാരണ വ്യത്യാസത്തെ കുറിച്ചും വേറിട്ട പ്രയോഗങ്ങളെക്കുറിച്ചുമൊക്കെ സംസാരിച്ചു. ഈജിപ്ഷ്യൻ കലയിലും സംസ്‌കാരത്തിലും നല്ല താൽപര്യമുള്ള അവൾ വിവിധ വിഷയങ്ങൾ എന്റെ ചോദ്യങ്ങൾക്കനുസരിച്ച് സംസാരിച്ചുകൊണ്ടിരുന്നു. ഇംഗ്ലീഷ് ഭാഷയിൽ സാമാന്യം നല്ല പ്രാവീണ്യമുള്ള ഖുലൂദ് ഏറെ സംസാര പ്രിയയാണെന്ന് എളുപ്പത്തിൽ മനസ്സിലായി. ലോകത്ത് തന്നെ ഏറ്റവും ഭംഗിയുള്ള റമദാൻ കാലം ഈജിപ്തിലാണെന്ന് ഖുലൂദ് പറഞ്ഞപ്പോൾ എനിക്ക് കൂടുതൽ കൗതുകമായി. റമദാൻ എത്തുന്നതിന് ആഴ്ചകൾക്ക് മുന്നെ തെരുവുകൾ മുഴുവനും അലങ്കാര വെളിച്ചങ്ങളാൽ പ്രദീപ്തമായിരിക്കും. ക്രിസ്ത്യാനികളും മുസ്‌ലിംകളും ഒരേ പോലെ ആവേശത്തോടെ വരവേൽക്കുന്ന കാലമാണ് ഈജിപ്തിൽ റമദാൻ കാലം. പ്രത്യേക തരം ഫാനൂസ് വിളക്കുകൾ കൊണ്ട് വീടുകളെല്ലാം അലങ്കരിക്കും. വർണാഭമായ തോരണങ്ങൾനയനഹാരികളായി വഴികളെല്ലാം തൂക്കിയിരിക്കും. 


അധിക വീടുകളും നമ്മുടെ നാട്ടിലെ നനച്ചു തുടയ്ക്കൽ പോലെ റമദാനെ വരവേൽക്കാൻ പ്രത്യേകം വൃത്തിയാക്കുന്ന പതിവുണ്ട്. എന്നാൽ ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ മുന്നോടിയാണ് മറ്റു ചിലർ വീടുകൾ കൂടുതൽ വൃത്തിയാക്കി തയാറാക്കുന്നത്. റമദനായാൽ മൂസഹൗറാത്തിമാർ അത്താഴം (സുഹൂർ) കഴിക്കാൻ ചെണ്ട കൊട്ടി വിളിച്ചുണർത്തും. ഓരോ പ്രദേശത്തും ഇതിനായി പ്രത്യേകം മുസഹൗറാത്തി ഉണ്ടാവും. മുസഹറാത്തിയായി ആണുങ്ങളും പെണ്ണുങ്ങളും സേവനം ചെയ്യുന്നു. 
ചെണ്ടയടിച്ച് ലിസ്റ്റ് നോക്കി ഉച്ചത്തിൽ പേര് വിളിച്ച് അത്താഴം കഴിക്കാൻ ഉണർത്തുന്ന മുസഹൗറത്തിയുടെ ശബ്ദം ഇപ്പോഴും കാതിൽ മുഴങ്ങുന്നത് പോലെയെന്ന് ഖുലൂദ് ഓർമിച്ചു. കൂടാതെ നോമ്പെടുക്കാനും മുറിക്കാനുമുള്ള സമയം അറിയിക്കാൻ മദ്ഫൽ ഇഫ്താർ എന്ന പീരങ്കി ശബ്ദവും ഇപ്പോഴും ഈജിപ്തുകാർ പ്രയോജനപ്പെടുത്തുന്നുണ്ട്. 


മാഇദത്തുൽ റഹ്മാൻ എന്ന സൗജന്യ ഭക്ഷണ വിതരണ മേശകൾ ഈ പുണ്യമാസത്തിൽ തെരുവിന്റെ വിവിധ കോണുകളിൽ സജ്ജീകരിക്കപ്പെടും. രാത്രി നമസ്‌കാരങ്ങളിൽ ആണുങ്ങളും പെണ്ണുങ്ങളും സജീവമായി പങ്കെടുക്കുന്നു. ഇഫ്താറിന് പരസ്പരം ക്ഷണിക്കുന്നത് എല്ലായിടത്തേയും പോലെ അവിടുത്തെയും രീതിയാണ്. ഒസുമ എന്നാണതറിയപ്പെടുന്നത് എന്ന് മാത്രം. 
ഈത്തപ്പഴം വെള്ളത്തിൽ കുതിർത്തിയെടുത്ത ഖുഷൈഫ് അല്ലെങ്കിൽ ബലഹ എന്നറിയപ്പെടുന്ന പാനീയമാണ് നോമ്പ് തുറക്കുന്ന നേരത്ത് കൂടുതലും അവർ ഉപയോഗിക്കാറുളളത്. മധുരപലഹാരങ്ങളായ കുനാഫയും കതായിഫും ഏറ്റവും കൂടുതൽ വിപണനം നടക്കുന്നതും റമദാൻ മാസത്തിലാണ്. 
അറുപതോടടുക്കുന്ന പ്രിയ മാതാവിനെ െ്രെഡവിംഗ് പരിശീലിപ്പിക്കുന്നതിന്റെ ആവേശത്തിലാണ് മിസ്‌റിലെ നോമ്പോർമകൾ ഗൃഹാതുരത്വത്തോടെ പങ്കുവെച്ച മിടുക്കിയായഖുലൂദ്.

Latest News