അങ്കമാലി-കൂട്ടുകാരോടൊത്ത് മൂന്നാർ, പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് വിനോദയാത്ര പോയ യുവാക്കളുടെ കാർ പൊള്ളാച്ചിക്ക് സമീപം നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അങ്കമാലി സ്വദേശികളായ നാല് യുവാക്കൾ മരിച്ചു. മരണമടഞ്ഞവരിൽ ഒരാളുടെ മൃതദേഹത്തിനായി തെരച്ചിൽ തുടരുന്നു. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന ഒരാൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇയാളെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.30 മണിയോടെയാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് 7 മണിയോടെ ആണ് അഞ്ചംഗ സംഘം ഒരു കാറിൽ വിനോദ യാത്രക്ക് പുറപ്പെട്ടത്. മൂന്നാർ മറയൂർ വഴി പൊള്ളാച്ചിക്ക് പോകും വഴിയാണ് അപകടം.
അങ്കമാലി ഏഴാറ്റുമുഖം കുറുങ്ങാടൻ പോളച്ചന്റെ മകൻ അമൽ പോൾ (20), മൂക്കന്നൂർ പറമ്പയം പറപ്പിള്ളി ജോയിയുടെ മകൻ ജിതിൻ (27), മാണിക്യമംഗലം കോലഞ്ചേരി കെ.പി.ഔസേഫിന്റെ മകൻ ജാക്‌സൺ (20) അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ജോണിയുടെ മകൻ റിജോ (33) എന്നിവരാണ് മരിച്ചത്. റിജോയുടെ മൃതദേഹമാണ് കണ്ടെത്താനാകാത്തത്. മൂക്കന്നൂർ പറമ്പയം പുതുശേരി പോൾ പി. ജോസഫിന്റെ മകൻ ആൽഫ (20) യാണ് രക്ഷപ്പെട്ടത്. മരിച്ച അമൽ പോളും ജാക്‌സണും കാണാതായ റിജോയും സഹോദരിമാരുടെ മക്കളാണ്. റിജോയുടെ സുഹൃത്തുക്കളാണ് ജിതിനും ആൽഫയും.
മരിച്ച അമൽ പോൾ ചാലക്കുടി പൂലാനി നിർമല കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ അവസാന വർഷ ബി.കോം വിദ്യാർഥിയാണ്. മാതാവ് ചുള്ളി തോട്ടക്കര മിനി. സഹോദരി: അനില. ജിതിൻ എംസിഎ പഠനം കഴിഞ്ഞ് വിദേശത്ത് പോകാനായി തയ്യാറെടുക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. വിസിറ്റിങ് വിസയിൽ ദുബായിൽ പോയ ജിതിൻ മടങ്ങിയെത്തിയിട്ട് മൂന്നാഴ്ചയേ ആയിട്ടുള്ളൂ. മാതാവ് മേരി. സഹോദരി ജിത. ജാക്‌സൺ ഹോട്ടൽ മാനേജ്‌മെന്റ് പഠനത്തിനു ശേഷം എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ ജോലി നോക്കിവരികയായിരുന്നു. മാതാവ് ത്രേസ്യ. സഹോദരങ്ങൾ: ജോസ്മി, ജിസ്മി, ജാസ്മി.
റിജോ ദുബായിൽ നിന്നെത്തിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. ഹോട്ടൽ മാനേജ്‌മെന്റ് പഠനത്തിനു ശേഷം ദുബായിൽ പോയി രണ്ടു വർഷം കഴിഞ്ഞ് ആദ്യമായാണ് നാട്ടിൽ വരുന്നത്. മാതാവ് റോസിലി. സഹോദരി സുനൈന.






