Sorry, you need to enable JavaScript to visit this website.

സ്‌നേഹത്തിന്റെ മാലാഖമാർ;  സേവനത്തിന്റെ കൂട്ടായ്മ

ഖത്തറിലെ നഴ്‌സിംഗ് കൂട്ടായ്മയായ 'ഫിൻഖ് ' സാരഥികളും പ്രവർത്തകരും സേവന മേഖലയിലെ അവരുടെ വിവിധ പ്രവർത്തനങ്ങളും 

സ്‌നേഹത്തിന്റെയും ആശ്വാസത്തിന്റെയും പ്രതീക്ഷയും പ്രതീകവുമായി വിളക്കേന്തിയ മാലാഖമാരാണ് നഴ്‌സുമാർ. ഏത് പ്രതിസന്ധി ഘട്ടത്തിലും സ്വന്തം ജീവൻ പോലും പണയപ്പെടുത്തി സഹജീവികളെ പരിചരിക്കാനും രക്ഷിക്കുവാനും മുന്നോട്ടു വന്ന് സേവനത്തിന്റെ നിസ്തുല മാതൃക സമ്മാനിക്കുന്ന ഈ വിഭാഗത്തെ പലപ്പോഴും സമൂഹം വേണ്ട രൂപത്തിൽ പരിഗണിക്കാറില്ല എന്നതാണ് യാഥാർഥ്യം. കോവിഡ് കാലം നൽകിയ നിരവധി തിരിച്ചറിവുകളിൽ ഒന്ന് സമൂഹത്തിന്റെ ക്ഷേമൈശ്വര്യങ്ങൾക്കും സമാധാനപരമായ നിലനിൽപിനും നഴ്‌സിംഗ് സമൂഹം നൽകുന്ന മഹത്തായ സേവനങ്ങളെ ഒരു പരിധിവരെ സമൂഹം മനസ്സിലാക്കിയെന്നതാകാം.


പരിചരണം, ശുശ്രൂഷ എന്നീ വാക്കുകളുടെ ശരിയായ വിവക്ഷയെന്താണെന്ന് സ്വന്തം ജീവിതം കൊണ്ട് ജീവിതം കൊണ്ട് അടയാളപ്പെടുത്തുന്ന നഴ്‌സിംഗ് സമൂഹം ആത്മാവിനെയും ശരീരത്തെയും സേവനത്തോട് ചേർത്തുകെട്ടി ഈ ലോകത്തെ മനോഹരമാക്കി മാറ്റുകയാണ്. ആരോഗ്യ സേവന രംഗങ്ങളിൽ നഴ്സുമാർ നൽകുന്ന അമൂല്യ സംഭാവനകളെ വിലമതിക്കാനും അവരർഹിക്കുന്ന സാമൂഹികവും മാനുഷികവുമായ പദവികളും പരിഗണനകളും വകവെച്ചു കൊടുക്കാനും സമൂഹം തയാറാവേണ്ടതുണ്ട്.


ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ള പ്രകൃതി ദുരന്തങ്ങളോ മഹാമാരികളായ പകർച്ചവ്യാധികളോ കണക്കിലെടുത്താൽ അതിലെന്നും തളർന്നു പോകാതെ കൈത്താങ്ങായി നിലകൊണ്ടിട്ടുള്ളത് നഴ്‌സുമാരാണെന്ന് ബോധ്യപ്പെടും. ഈ നൂറ്റാണ്ട് കണ്ടതിൽ വെച്ച് ഏറ്റവും വലിയ മഹാമാരിയിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ്19 ലോകം മുഴുവൻ മരണം വിതച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാനായി നടത്തുന്ന യുദ്ധത്തിൽ പടയാളികളായി നിന്നുകൊണ്ട് വൈറസിനെതിരെ പോരാടുകയും നമുക്ക് ചുറ്റും സംരക്ഷണ വലയം തീർക്കുന്നവരുടെയും കൂട്ടത്തിൽ ഏറ്റവും മുന്നിലുള്ളത് നമ്മുടെ നഴ്‌സുമാരാണ്. ഒരു അടിയന്തര യുദ്ധ പശ്ചാത്തലത്തിൽ എന്ന പോലെ ഈയൊരു ഘട്ടത്തിൽ നഴ്സുമാർ ആശുപത്രികളിലും ക്ലിനിക്കുകളിലുമൊക്കെ പതിവിലും കൂടുതൽ സമയം ജോലി ചെയ്യുന്നു. ശരീരത്തിന്റെ ക്ഷീണവും തളർച്ചയും മാറ്റിവെച്ച് നീണ്ട ജോലി ഷിഫ്റ്റുകളിൽ സ്വന്തം ജീവൻ പോലും പണയം വെച്ചുകൊണ്ട് ലോക നന്മയ്ക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്ന മാലാഖമാരാണവർ. കൊറോണ വൈറസ് ലോകത്തിൽ മുഴുവൻ ഭീതി പടർത്തുന്ന ഈ കാലത്തും ഊണും ഉറക്കവും ഇല്ലാതെ, സ്വന്തം ആരോഗ്യം പോലും വകവെക്കാതെ ഓരോ ജീവനും സ്‌നേഹത്തിന്റെയും കരുതലിന്റെയും വലയത്തിനുള്ളിൽ പൊതിഞ്ഞു സൂക്ഷിക്കാൻ അമ്മ കഴിഞ്ഞാൽ നഴ്‌സുമാർക്കല്ലാതെ പിന്നെ ആർക്കാണ് കഴിയുക. കാരുണ്യവും കരുതലും സാന്ത്വനവുമായി ഓരോ രോഗിയുടെയും ശ്വാസത്തിനായി ചെവി ചേർത്തുപിടിക്കുന്ന ഓരോ കരങ്ങളും മാനവികതയുടെ ശക്തിയാണ്. മനുഷ്യരുടെ നന്മക്കും സേവനങ്ങൾക്കുമായി ദൈവം ഭൂമിയിലേക്കയച്ച മാലാഖമാർ.


ആരോഗ്യ പരിചരണം സംബന്ധിച്ച സേവനങ്ങൾക്കു പുറമെ നഴ്സുമാർ അമൂല്യമായ വൈകാരിക പിന്തുണയും നൽകുന്നുണ്ട്. ഒരു വിട്ടുമാറാത്ത രോഗാവസ്ഥയെക്കുറിച്ച് മനസ്സിലാക്കിത്തരുന്നത് മുതൽ മരണത്തെ നേരിടുന്നതു വരെ എല്ലാ കാര്യങ്ങളിലും അവർ വൈകാരിക പിന്തുണയേകുന്നു. അസുഖത്തെക്കുറിച്ചുള്ള അവരുടെ അറിവും ആളുകളെ കൈകാര്യം ചെയ്യുന്നതിനുള്ള അസാധാരണമായ കഴിവുകളുമായി സംയോജിപ്പിച്ച് അവർ ആശ്വാസവും സ്ഥിരതയും നൽകുന്നു. നഴ്‌സിംഗ് ഒരു ദൈവികമായ തൊഴിലാണ് എന്നതോടൊപ്പം ചിലപ്പോഴെങ്കിലും വളരെ ബുദ്ധിമുട്ടേറിയ ജോലി കൂടിയാണ്. ഇത് ശാരീരികമായ അധ്വാനം ആവശ്യപ്പെടുന്ന ജോലിയാണ്; പല നഴ്സുമാരും നിന്നനിൽപിൽ 12 മണിക്കൂർ ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നു. അവർ കുടുംബത്തോടൊപ്പമുള്ള അവധി ദിനങ്ങൾ ഉപേക്ഷിക്കുകയും രാത്രികളിലും വാരാന്ത്യങ്ങളിലും യാതൊരു വ്യത്യാസവുമില്ലാതെ ജോലി ചെയ്യുകയും ചെയ്യുന്നു. ഈ നിസ്വാർത്ഥത അവരുടെ രോഗികളോടുള്ള പ്രതിബദ്ധതയിലും പ്രതിഫലിക്കുന്നു.


ആതുര സേവനങ്ങൾക്ക് പുറമെ സാമൂഹ്യ ജീവകാരുണ്യ മേഖലകളിൽ കേവലം മൂന്ന് വർഷം കൊണ്ട് മുപ്പതു വർഷത്തെ സേവനങ്ങൾ കാഴ്ചവെച്ച ഖത്തറിലെ നഴ്‌സിംഗ് കൂട്ടായ്മയായ ഫിൻഖ് ( ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഇൻ ഖത്തർ) ലോകാടിസ്ഥാനത്തിൽ തന്നെയുള്ള നഴ്‌സിംഗ് സമൂഹത്തിന് മാതൃകയാവുകയാണ്. ആശുപത്രിയുടെ അതിരുകൾ ഭേദിച്ച് സേവനത്തിന്റെ പുതിയ മേച്ചിൽപുറങ്ങളിൽ തങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ പ്രതിബദ്ധത തെളിയിച്ചുകൊണ്ടാണ് ഫിൻഖ് ചരിത്രമെഴുതിയത്. സംഘടനയുടെ ഉദ്ഘാടത്തോടനുബന്ധിച്ച് നിപ ബാധിച്ച് മരിച്ച നഴ്‌സ് ലെനിയുടെ ഭർത്താവിനേയും കുട്ടികളേയും ദോഹയിലേക്ക് കൊണ്ടുവരികയും ഖത്തറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളൊക്കെ കാണിച്ചുകൊടുക്കുകയും ചെയ്തത് ന്‌ഴ്‌സിംഗ് കൂട്ടായ്മയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രായോഗിക നടപടിയായിരുന്നു.
2018 ൽ പ്രളയത്തിന്റെ കെടുതിയിൽ സംസ്ഥാനത്ത് നിന്നും സഹജീവികളുടെ ആർത്തുവിളികൾ കേട്ടാണ് കൈയിൽ വിളക്കേന്തിയ മാലാഖമാർ ദുരിതാശ്വാസവുമായി രംഗത്തെത്തിയത്. വാട്‌സ് ആപ് കൂട്ടായ്മയായാണ് തുടക്കം. നാന്നൂറോളം അംഗങ്ങൾ ചേരുകയും ഒരു ലക്ഷത്തിലേറെ റിയാൽ പിരിച്ചെടുക്കുകയും ചെയ്തതോടെ മനസ്സു വെച്ചാൽ പല സേവനങ്ങളും ചെയ്യാനാകുമെന്ന് ബോധ്യമായി. അങ്ങനെയാണ് ഇന്ത്യൻ അംബാസഡറുടെ മാർഗനിർദേശങ്ങളോടെ എംബസിക്ക് കീഴിലുള്ള ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷനൽ കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തനമാരംഭിച്ചത്. വളരെ പെട്ടെന്ന് തന്നെ കൂട്ടായ്മ കൂടുതൽ ജനകീയമാവുകയും ആയിരത്തോളം രജിസ്‌ട്രേഡ് അംഗങ്ങളുള്ള സജീവമായ ഒരു സംഘടനയായി മാറുകയും ചെയ്തു. രണ്ടാമത് പ്രളയ സമയത്ത്
എയ്ൻജൽസ് പാരഡേസ് എന്ന പേരിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ചുനൽകിയും ഈ കൂട്ടായ്മ മാനവ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും പുതിയ അധ്യായങ്ങളാണ് എഴുതിച്ചേർത്തത്.
കോവിഡ് സമയത്ത് വിമാനങ്ങൾ മുടങ്ങുകയും നിരവധി സഹപ്രവർത്തകർ നാട്ടിൽ കുടുങ്ങുകയും ചെയ്തപ്പോൾ മിനിസ്ട്രി ഓഫ് ഇന്റീരിയറും ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് വിമാനം ചാർട്ട് ചെയ്ത് ജീവനക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾക്ക് മുൻകൈയെടുക്കാൻ ഫിൻഖിനായി. ഹമദ് മെഡിക്കൽ കോർപറേഷനിലെ മുന്നൂറോളം ജീവനക്കാരേയും സ്വകാര്യ മേഖലയിലെ നൂറ്റി അമ്പതോളം മെഡിക്കൽ പ്രൊഫഷണലുകളേയുമാണ് ദോഹയിൽ തിരിച്ചെത്തിച്ചത്.
റമദാൻ സമയത്തും മറ്റും ലേബർ ക്യാമ്പുകൾ സന്ദർശിച്ചും ആരോഗ്യ ബോധവൽക്കരണം നടത്തിയും ആവശ്യക്കാർക്ക് ചികിൽസ ലഭ്യമാക്കുന്നതിന് ഹെൽത്ത് കാർഡുകളടക്കം എടുത്തുകൊടുത്തുമൊക്കെയാണ് ഫിൻഖ് സേവന രംഗത്ത് സജീവമാകുന്നത്. നീണ്ട ജോലി സമയത്തിന് ശേഷവും സാമൂഹ്യ പ്രതിബദ്ധതയോടെ സേവനത്തിന് തയാറാകുന്ന സഹപ്രവർത്തകരാണ് സംഘടനയുടെ കരുത്തെന്ന് ഫിൻഖ് പ്രസിഡന്റ് ബിജോയ് ചാക്കോ പറഞ്ഞു.
ഫിൻഖ് സമ്മർ ഡ്യൂ വേനൽകാലത്തെ പ്രത്യേകമായ ആരോഗ്യ ബോധവൽക്കരണ പരിപാടിയാണ്. നിർജലീകരണവും സൂര്യാഘാതവുമൊക്കെ സംബന്ധിച്ചും ജനങ്ങളെ വിശിഷ്യ, തൊഴിലാളി വിഭാഗങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന പരിപാടിയാണിത്.
അംഗങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ വളർച്ച ഉറപ്പു വരുത്തുന്നതിനുള്ള പരിശീലന പരിപാടികളാണ് ഫിൻഖിന്റെ മുന്നിലുള്ള സുപ്രധാനമായൊരു പ്രവർത്തനം. വിവിധ തരത്തിലുള്ള ക്രമീകരണങ്ങളിൽ രോഗികളെ പരിചരിക്കുന്നതിനായി വർഷങ്ങളോളം പരിശീലനവും പ്രത്യേക വിദ്യാഭ്യാസവും ഉൾപ്പെടുന്ന ഒരു ആരോഗ്യ സംരക്ഷണ ജോലിയാണ് നഴ്‌സിംഗ്. രോഗികളുമായി ആദ്യം സമ്പർക്കം പുലർത്തുന്ന ആരോഗ്യപരിപാലന വിദഗ്ധരാണ് നഴ്സുമാർ. അതിനാൽ അവർ വളരെ അധികം പ്രാധാന്യമർഹിക്കുന്നു. ഒരു സാങ്കേതിക വിദഗ്ധ, ഒരു അധ്യാപക, ഒരു ഉപദേഷ്ടാവ്, കുടുംബത്തിനുള്ള ഒരു അത്താണി അങ്ങനെ പല ചുമതലകളും കൈകാര്യം ചെയ്യുന്ന അവർ തന്റെ എല്ലാ ഇന്ദ്രിയങ്ങളും ഉപയോഗിച്ച് ഒരു രോഗിയെ നന്നായി പരിപാലിക്കുന്നു. അതിനാൽ നിരന്തര പരിശീലന പരിപാടികളും കോഴ്‌സുകളും അത്യാവശ്യമാണ്. അംഗീകാരമുള്ള ഇത്തരം കോഴ്‌സുകൾ നടത്തുവാനും ഫിൻഖിന് പരിപാടിയുണ്ടെന്ന് ജനറൽ സെക്രട്ടറി ഹൻസ് ജേക്കബ് വിശദീകരിച്ചു.
ഖത്തറിൽ ഗവൺമെന്റ് സർവീസിലും സ്വകാര്യ മേഖലയിലുമായി ഏകദേശം പതിനെട്ടായിരത്തോളം ഇന്ത്യൻ നഴ്‌സുമാരുണ്ട്. ഇത്രയും ശക്തമായ ഒരു പ്രൊഫഷനൽ കൂട്ടായ്മയുടെ ബഹുമുഖ വളർച്ചക്കാവശ്യമായ പരിപാടികളാണ് ആസൂത്രണം ചെയ്തുവരുന്നത്.
ഫിൻഖ് എഡ്യൂക്കേഷണൽ എക്‌സലൻസ് അവാർഡ് അംഗങ്ങളുടെ മക്കളെ വിദ്യാഭ്യാസ രംഗത്തെ മികവ് അംഗീകരിക്കാനുള്ള പരിപാടിയാണ്. അംഗങ്ങളുടെ മക്കളിൽ നിന്നും 10, 12 കഌസുകളിൽ ടോപ്പർമാരാകുന്നവരെ ആദരിച്ച് എല്ലാവരേയും പ്രോൽസാഹിപ്പിക്കുകയാണ് ലക്ഷ്യം.


ഉദ്ഘാടന ദിവസം വിവിധ ഹോസ്പിറ്റലുകളിൽ നിന്നും സമൂഹത്തിന് വേറിട്ട സേവനം ചെയ്തവരെ പ്രത്യേകം ആദരിച്ചും സംഘടന മാതൃകയായി. കുറഞ്ഞ കാലം കൊണ്ട് സംഘടനയെ അധികൃതർ അംഗീകരിച്ചത് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ച സാക്ഷ്യപത്രമാണെന്ന് വൈസ് പ്രസിഡന്റ് റീന തോമസ് പറഞ്ഞു. ഖത്തർ ദേശീയ ദിനാഘോഷ വേളയിൽ ഹമദ് മെഡിക്കൽ കോർപറേഷൻ ഫിൻഖിന് പ്രത്യേക സ്റ്റാൾ അനുവദിക്കുകയും ഫിൻഖിന്റെ ലോഗോ ഔദ്യോഗിക സൈറ്റിൽ ഉപയോഗിക്കുകയും ചെയ്തത് സംഘടനയുടെ മുന്നേറ്റത്തിലെ നാഴികക്കല്ലാണെന്ന് ഭാരവാഹികൾ പറഞ്ഞു. ഐ.സി.ബി.എഫിന്റെ അപ്രിസിയിയേഷൻ രണ്ട് തവണയായി ലഭിച്ചു.
പെയിന്റിംഗ് എക്‌സിബിഷൻ, കായിക പരിപാടികൾ എന്നിവയും ഫിൻഖിന്റെ വിപുലമായ പ്രവർത്തന പദ്ധതിയുടെ ഭാഗമാണ്.
അറബ് ലോകത്ത് ജീവിക്കുമ്പോൾ അറബി ഭാഷയിൽ ആശയവിനിമയത്തിന് സഹായിക്കുന്ന ഫിൻഖ് ത്വവാസ്വിൽ പദ്ധതി, ഫിൻഖ് ടോക്ക്, കൗൺസലിംഗ്, മാനസികാരോഗ്യ പരിപാടികൾ തുടങ്ങി നൂതനങ്ങളായ ക്രിയാത്മക പരിപാടികളോടെ സാമൂഹ്യ സാംസ്‌കാരിക സേവന മേഖലകളിൽ ഫിൻഖ് മാതൃക സൃഷ്ടിക്കുകയാണ്.
ബ്രിട്ടീഷ് കൗൺസിലിന്റെ ഔദ്യോഗിക പാർട്ട്ണർമാരായ ഫിൻഖ് അംഗങ്ങളുടെ വളർച്ചയും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന പ്രവർത്തനങ്ങളുമായാണ് മുന്നേറുന്നത്. ഐ.സി.ബി.എഫിന്റെ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളെ ചേർക്കാനും ഫിൻഖ് മുൻപന്തിയിലുണ്ടായിരുന്നു.
കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച പ്രകടനത്തിന് പല വേദികളുടേയും പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഫിൻഖിനെ തേടിയെത്തിയത് സ്വാഭാവികം മാത്രം. പല സ്ഥാപനങ്ങളിലും ഫിൻഖ് അംഗങ്ങൾക്ക് പ്രത്യേക ഇളവുകളും പരിഗണനയുമുണ്ട്.
സേവനവും പുരോഗതിയും സമന്വയിപ്പിക്കുന്ന ഫിൻഖ് എന്ന കൂട്ടായ്മ മറ്റു രാജ്യങ്ങൾക്കും മാതൃകയാക്കാവുന്നതാണ്.

Latest News