കണ്ണൂര്‍- കിടപ്പുരോഗിയായ അമ്മയെ പരിചരിക്കാനാവാത്തതിനെത്തുടര്‍ന്ന് മകള്‍ ഓലമടല്‍കൊണ്ട് അടിച്ചു കൊലപെടുത്തി. മാലൂര്‍ കറ്റ പൊയിലില്‍ കോറോത്ത് ലക്ഷം വീട്ടിലെ നന്ദിനി (75) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകള്‍ ഷേര്‍ളി, ഭര്‍ത്താവ് ഭാസ്‌കരന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
തലക്കും ശരീരത്തിലും പരിക്കേറ്റ് മരിച്ച നിലയിലാണ് ഇവരെ വീട്ടിനകത്ത് കണ്ടെത്തിയത്. വീട്ടില്‍ നന്ദിനിയുടെ മകള്‍ ഷെര്‍ളിയും ഭര്‍ത്താവ് ഭാസ്‌കരനുമാണ് താമസം. അല്‍പ്പം അകലെ താമസിക്കുന്ന, നന്ദിനിയുടെ പേരക്കുട്ടി വീട്ടിലെത്തിയപ്പോഴാണ് പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട് സീല്‍ ചെയ്യുകയും ഷേര്‍ളിയേയും ഭര്‍ത്താവിനേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഇവരെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ഫോറന്‍സിക് വിഭാഗം ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.
നന്ദിനിയുടെ ഭര്‍ത്താവ് രാഘവന്‍ നേരത്തെ മരിച്ചിരുന്നു. മകള്‍ ഷേര്‍ളി അമ്മയെ പരിചരിക്കുന്നതില്‍ നേരത്തെ തന്നെ വിമുഖത കാട്ടിയിരുന്നു. ഷേര്‍ളിയുടെ ഭര്‍ത്താവ് ഭാസ്‌കരനാണ് ഇവര്‍ക്കുള്ള മരുന്നുകളും മറ്റും വാങ്ങി നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം പെട്ടെന്നുള്ള ദേഷ്യത്തില്‍ അമ്മയെ അടിച്ചുവെന്നാണ് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. സംഭവം നടക്കുമ്പോള്‍ ഷെര്‍ളി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. പേരാവൂര്‍ ഡിവൈ.എസ്.പി, പി.ടി.പി ജേക്കബ്, മാലൂര്‍ സി.ഐ ബി.ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.






