Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയ ചെക്ക് ഇന്‍ ഇനി ജിദ്ദ നഗരത്തിലും

ജിദ്ദയിൽ സൗദിയ സജ്ജീകരിച്ച സിറ്റി ടെർമിനൽ

ജിദ്ദ - ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) ജിദ്ദയിൽ ആരംഭിച്ച സിറ്റി ടെർമിനൽ (സിറ്റി ചെക് ഇൻ കേന്ദ്രം) ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. എല്ലാവിധ സൗകര്യങ്ങളോടെയും കെട്ടിടം സജ്ജീകരിക്കുകയും ജീവനക്കാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും യാത്രാ നടപടികൾ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് സൗദിയ ജിദ്ദയിൽ സിറ്റി ടെർമിനൽ പദ്ധതി നടപ്പാക്കുന്നത്. സൗദിയ നടപ്പാക്കുന്ന മൂന്നാമത്തെ സിറ്റി ടെർമിനൽ പദ്ധതിയാണ് ജിദ്ദയിലേത്. ആദ്യമായി റിയാദിലാണ് പദ്ധതി നടപ്പാക്കിയത്. റിയാദിൽ സൗദിയ ക്ലബ്ബിലാണ് സിറ്റി ടെർമിനൽ തുറന്നിരിക്കുന്നത്. ദമാമിൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വഴിയാണ് സിറ്റി ചെക് ഇൻ സേവനം സൗദിയ നൽകുന്നത്. 
ജിദ്ദയിൽ ഖാലിദിയ ഡിസ്ട്രിക്ടിൽ പ്രിൻസ് സൗദ് അൽഫൈസൽ റോഡിൽ സൗദിയ സെയിൽസ് ഓഫീസിനു സമീപമാണ് സിറ്റി ടെർമിനൽ കെട്ടിടം.

545 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിൽ യാത്രക്കാരുടെ നടപടികൾ പൂർത്തിയാക്കുന്നതിന് അഞ്ചു കൗണ്ടറുകളാണുള്ളത്. ഇതിൽ ഒരു കൗണ്ടർ വികലാംഗർക്കുള്ളതാണ്. യാത്രക്കാരെ സ്വീകരിക്കുന്ന റിസപ്ഷൻ ഹാളും നമസ്‌കാര സ്ഥലവും ലഗേജുകൾ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണും ലഗേജുകൾ പാക്ക് ചെയ്യുന്നതിനുള്ള ഏരിയയും മറ്റു അനുബന്ധ സൗകര്യങ്ങളും ഇവിടെയുണ്ട്.

ആഴ്ചയിൽ ഏഴു ദിവസവും രാവിലെ പത്തു മുതൽ വൈകിട്ട് ആറു വരെ സിറ്റി ടെർമിനൽ പ്രവർത്തിക്കും. വിമാന സമയത്തിന്റെ 24 മണിക്കൂർ മുമ്പു മുതൽ എട്ടു മണിക്കൂർ മുമ്പു വരെയുള്ള സമയത്ത് യാത്രക്കാർക്ക് ഇവിടെ ലഗേജുകൾ കൈമാറി ബോർഡിംഗ് പാസ് നേടുന്നതിന് സാധിക്കും. ആവശ്യം വർധിക്കുന്ന പക്ഷം ഭാവിയിൽ രണ്ടു ഷിഫ്റ്റുകളിൽ സെന്റർ പ്രവർത്തിപ്പിക്കും. സൗദിയ നൽകുന്ന ഇളവുകൾ പ്രയോജനപ്പെടുത്തുന്നതിന് യാത്രക്കാരെ സഹായിക്കുന്ന സെൽഫ് സർവീസ് ഉപകരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അനുവദിച്ച പരിധിയിൽ അധികമുള്ള ബാഗേജിനുള്ള ലഗേജ് ഫീസ് ഓൺലൈൻ വഴിയോ സിറ്റി ടെർമിനലിൽ നേരിട്ടോ അടയ്ക്കുന്നതിന് സാധിക്കും. ഫ്‌ളൈറ്റ് സമയത്തിന് എട്ടു മണിക്കൂറിൽ കുറവ് മാത്രമാണ് അവശേഷിക്കുന്നതെങ്കിൽ സിറ്റി ടെർമിനലിൽ യാത്രക്കാരുടെ ബാഗേജുകൾ സ്വീകരിക്കില്ല. 

 

Latest News