തൃശൂർ- സ്ഥാനാർഥിയായ തന്റെ കൈയിലേക്ക് രാഹുൽ വെച്ചുതന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ കണ്ട് സൂപ്പർ താരം ഒന്നു ഞെട്ടി. സ്ട്രോംഗ് റൂമിൽ കനത്ത കാവലിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ എങ്ങനെ...വോട്ടിംഗ് യന്ത്രത്തിന്റെ മാതൃകയാണെന്നും സുരേഷ് ഗോപിക്കുള്ള സമ്മാനമാണെന്നും രാഹുൽ പറഞ്ഞപ്പോൾ സുരേഷ്ഗോപി ചിരിച്ചു. പിന്നെ ഒറിജിനലിനെ വെല്ലുന്ന ഡമ്മി വോട്ടിംഗ് മെഷീനെ തിരിച്ചും മറിച്ചും നോക്കി. പിന്നെ പറഞ്ഞു -ഇതു കലക്കി, സൂപ്പർ.സൂപ്പർ താരത്തിന്റെ അഭിനന്ദനം കേട്ട് രാഹുലിനും സന്തോഷം.
കിരാലൂർ കുന്നത്ത് വീട്ടിൽ ശങ്കരൻകുട്ടിയുടേയും ചന്ദ്രികയുടേയും ഇളയ മകനായ രാഹുൽ തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളജിൽ നിന്നും ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷനിലാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. ഇക്കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പു സമയത്തും രാഹുൽ ഇത്തരത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളുടെ മാതൃക നിർമിച്ച് ശ്രദ്ധേയനായിരുന്നു. വോട്ടർമാർ പോളിംഗ് ബൂത്തിലെത്തുമ്പോൾ വോട്ടിംഗ് മെഷിനിൽ എങ്ങനെ വോട്ടു ചെയ്യണമന്ന ആശയക്കുഴപ്പമൊഴിവാക്കാൻ ഡമ്മി ഇലക്ട്രോണിക് വോട്ടിംഗ് മെഷിൻ ഉപയോഗിച്ച് പ്രചാരണ സമയത്ത് രാഷ്ട്രീയ പാർട്ടികൾ ഡെമോൺസ്ട്രേഷൻ നടത്തിയിരുന്നു. ഇത്തവണ കൂടുതൽ സ്ഥാനാർഥികളുടെ ആളുകൾ രാഹുലിന്റെ ഡമ്മി ഇ.വി.എം തേടി കിരാലൂരിലെ വീട്ടിലെത്തി.
തെർമോകോളും കാർഡ് ബോർഡും എൽ.ഇ.ഡി ബൾബും സൗണ്ട് ബസറുമെല്ലാം ഉപയോഗിച്ചാണ് രാഹുൽ വോട്ടിംഗ് മെഷിന്റെ മാതൃക നിർമിച്ചത്. സ്ഥാനാർഥിയുടെ പേരിനു നേരെയുള്ള ബട്ടൺ അമർത്തിയാൽ ബസർ ശബ്ദമുണ്ടാവുകയും ചുവന്ന ലൈറ്റ് തെളിയുകയും ചെയ്യും. തനിക്ക് ലഭിച്ച ഡമ്മി മെഷിനിലെ ബട്ടൺ സുരേഷ്ഗോപി അമർത്തിയപ്പോൾ ബസർ ശബ്ദത്തോടൊപ്പം ചുവന്ന ലൈറ്റ് തെളിഞ്ഞത് കണ്ട് സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നവർ കയ്യടിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച രേഷ്മ സുധീഷ് താനും രാഹുലിന്റെ ഈ ഡമ്മി വോട്ടിംഗ് മെഷിൻ പ്രചാരണ സമയത്ത് ഉപയോഗിച്ചിരുന്നുവെന്നും രാഹുലിന്റെ ഡമ്മി മെഷിനുണ്ടെങ്കിൽ വിജയിക്കുമെന്നും സുരേഷ്ഗോപിയോട് പറഞ്ഞപ്പോൾ എന്നാൽ താനും ഇനി ഇത് പ്രചാരണത്തിന് കൊണ്ടുപോകുമെന്ന് സുരേഷ്ഗോപി ഉറപ്പു നൽകുകയും രാഹുലിന്റെ സംരംഭത്തെ അഭിനന്ദിക്കുകയും ചെയ്തു.