Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വോട്ടിംഗിനുള്ള ഒരുക്കങ്ങളായി; കള്ളവോട്ട് തടയാൻ കർശന നടപടി

മലപ്പുറം-സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടർമാരും അസംബ്ലി നിയോജക മണ്ഡലങ്ങളുമുള്ള മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. ഇരട്ട വോട്ടുകളുടെ പരാതി ഉയർന്ന സാഹചര്യത്തിൽ കള്ളവോട്ട് തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിൽ 1552 പോളിങ് ലൊക്കേഷനുകളിലായി 2753 പ്രധാന ബൂത്തുകളും 2122 ഓക്സിലറി ബൂത്തുകളും ഉൾപ്പെടെ 4875 പോളിങ് ബൂത്തുകളാണ് ഉള്ളത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 32,14,943 വോട്ടർമാരാണ് ജില്ലയിലുള്ളത്. 1,65,662 പേർ കന്നി വോട്ടർമാരാണ്. ശാരീരിക വൈകല്യമുള്ള 28,974 പേരും 80 വയസ്സിന് മുകളിൽ പ്രായമുള്ള 46,351 വോട്ടർമാരുമാണുള്ളത്.
എല്ലാ ബൂത്തുകളിലും വിവി പാറ്റ് സൗകര്യമുള്ള വോട്ടിംഗ് മെഷീനുകളാണ് ഈ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത്. നിയമസഭയിലേക്ക് ബാലറ്റ് യൂനിറ്റ്, കൺട്രോൾ യൂനിറ്റ്, വിവി പാറ്റ് എന്നിവ 4,875 വീതം 14,625 എണ്ണമാണ് ഉപയോഗിക്കുന്നത്. 4,145 വോട്ടിംഗ് യന്ത്രങ്ങൾ അധികമായി കരുതും. 


മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിനായി 6,429 വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. 1,823 വോട്ടിംഗ് യന്ത്രങ്ങളാണ് അധികമായി കരുതുക.
ജില്ലയിൽ 76 സ്ഥലങ്ങളിലായി 194 ക്രിട്ടിക്കൽ ബൂത്തുകളും 38 സ്ഥലങ്ങളിലായി 105 തീവ്രവാദ ഭീഷണിയുള്ള ബൂത്തുകളും രണ്ട് സ്ഥലങ്ങളിലായി ഒമ്പത് പ്രശ്‌നസാധ്യതാ ബൂത്തുകളുമാണുള്ളത്. ഇവിടങ്ങളിൽ കേന്ദ്ര സായുധ സേനയുടെ സാന്നിധ്യമുണ്ടാകും. 


2100 ബൂത്തുകളിൽ ലൈവ് വെബ്കാസ്റ്റിംഗ് സംവിധാനമുണ്ടാകും. 86 ബൂത്തുകളിൽ മുഴുവൻ സമയ വീഡിയോ റെക്കോർഡിംഗ് ഉണ്ടാകും.
ബൂത്തുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഓരോ ബൂത്തിലേക്കും കോവിഡ് പ്രോട്ടോകോൾ ഓഫീസറെ നിയമിക്കും.ഒരു ബൂത്തിലേക്ക് 700 മാസ്‌കുകളും 2000 ഗ്ലൗസുകളും എത്തിക്കും. ബൂത്തിലെത്തുന്ന വോട്ടറുടെ ശരീര താപനില 37 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണെങ്കിൽ  മൂന്ന് തവണ താപനില പരിശോധിക്കും.ഏതെങ്കിലും ഒരു തവണ താപനില കുറവാണെങ്കിൽ അപ്പേൾ വോട്ട് ചെയ്യാൻ അനുവദിക്കും. മൂന്ന് തവണയും കൂടുതലാണെങ്കിൽ കോവിഡ് രോഗികൾക്കും നിരീക്ഷണത്തിലുമുള്ളവർക്കുള്ള വോട്ടിംഗ് സമയത്ത് മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കൂ. ഇതിനായി ടോക്കൺ നൽകും. ജില്ലയിൽ എം 3 സീരീസിലുള്ള ആധുനിക സാങ്കേതിക വിദ്യയിലുള്ള വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കുന്നതിനാൽ വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. തകരാറിലാകുന്ന യന്ത്രങ്ങൾ പരിശോധിക്കുന്നതിനും ആവശ്യമെങ്കിൽ  അടിയന്തരമായി മാറ്റി സ്ഥാപിക്കുന്നതിനും പരിശീലനം ലഭിച്ച എൻജിനീയർമാരുടെയും ജീവനക്കാരുടെയും പ്രത്യേക ടീം ഉണ്ടാകും -ജില്ലാ കലക്ടർ പറഞ്ഞു.


ഇരട്ട വോട്ടുള്ള ആളുകൾ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച രണ്ട് തിരിച്ചറിയൽ രേഖകൾ ഹാജരാക്കണം. കള്ളവോട്ട് തടയുന്നതിന് ഇരട്ട വോട്ടർമാരുടെ ലിസ്റ്റ് വരണാധികാരികൾക്ക് നൽകും. വരണാധികാരികൾ ഇവ അതത് പ്രിസൈഡിംഗ് ഓഫീസർമാർക്ക് നൽകും. ചൂണ്ടുവിരലിൽ അടയാളപ്പെടുത്തുന്ന മഷി ഉണങ്ങിയ ശേഷമേ വോട്ട് ചെയ്തവരെ പുറത്ത് പോകാൻ അനുവദിക്കൂ. വോട്ടർ പട്ടികയിലെ വോട്ടർമാരുടെ ഇരട്ടിപ്പ് കണ്ടുപിടിക്കുന്നതിന് ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തി പരിശോധന നടത്തും. ഇരട്ട വോട്ടുള്ളവർക്ക് യഥാർത്ഥത്തിലുള്ള ഒരു വോട്ട് മാത്രമേ ചെയ്യാൻ സാധിക്കൂ. ഒന്നിലധികം വോട്ട് ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ സി. ബിജു, അസിസ്റ്റന്റ് കലക്ടർ വിഷ്ണുരാജ് തുടങിയവർ പങ്കെടുത്തു.

 

Latest News