ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍ കുതിച്ചുയരുന്ന വിലകയറ്റത്തിന് തടയിടാന്‍ പഞ്ചസാരയും പരുത്തിയും ഇന്ത്യയില്‍ നിന്ന് വീണ്ടും ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയത് രാഷ്ട്രീയ കാരണങ്ങളാല്‍ മാറ്റിവച്ചു. രണ്ടു വര്‍ഷം മുമ്പ് വിലക്കേര്‍പ്പെടുത്തിയ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ജനങ്ങളുടെ താല്പര്യം കണക്കിലെടുത്ത് പുനരാരംഭിക്കുമെന്ന് ധനമന്ത്രി ഹമ്മാദ് അസ്ഹര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടി ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവും സമ്മര്‍ദ്ദവും സര്‍ക്കാരിനെതിരെ ഉണ്ടായി. ഇതിനിടെയാണ് കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ പുനസ്ഥാപിക്കാതെ ഇറക്കുമതിക്ക് അനുമതി നല്‍കില്ലെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി ശൈഖ് റാശിദ് അഹ്മദ് രംഗത്തെത്തിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിനെ തുടര്‍ന്നാണ് 2019ല്‍ പാക്കിസ്ഥാന് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തിയത്.
ഇതിനിടെ ഇന്ത്യാ-പാക് ബന്ധം ഏറെ വഷളായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം സൗഹൃദ സംഭാഷണങ്ങള്‍ പുനരാരംഭിക്കാന്‍ ഇരു പ്രധാനമന്ത്രിമാരും ദിവസങ്ങള്‍ക്കു മുമ്പ് പരസ്പരം കത്തിടപാട് നടത്തിയതോടെയാണ് വീണ്ടും മഞ്ഞുരുക്കത്തിന്റെ ലക്ഷണങ്ങള്‍ കണ്ടത്.






