റിയാദ് - തലസ്ഥാന നഗരയിലെ വിവിധ ഡിസ്ട്രിക്ടുകളില്‍ നിരവധി കവര്‍ച്ചകളും പിടിച്ചുപറികളും നടത്തിയ മൂന്നംഗ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഇരുപതിനടുത്ത് പ്രായമുള്ള മൂന്നു സൗദി യുവാക്കളാണ് പിടിയിലായതെന്ന് റിയാദ് പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് പറഞ്ഞു. വാഹനങ്ങള്‍ കവര്‍ന്നും സുരക്ഷാ സൈനികര്‍ ചമഞ്ഞും തോക്കു ചൂണ്ടി പിടിച്ചുപറികള്‍ നടത്തുകയും ഇസ്തിറാഹകളില്‍ അതിക്രമിച്ചു കയറി ഉപകരണങ്ങളും വിലപിടിച്ച വസ്തുക്കളും കവരുകയും ചെയ്ത സംഘത്തിന്റെ പക്കല്‍ രണ്ടു കൈതോക്കുകളും മയക്കുമരുന്നും കണ്ടെത്തി. സുരക്ഷാ വകുപ്പുകളെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ട് സൂക്ഷിച്ച, എട്ടു വാഹനങ്ങളുടെ മോഷ്ടിച്ച നമ്പര്‍ പ്ലേറ്റുകളും പ്രതികളുടെ പക്കല്‍ കണ്ടെത്തി. നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് പറഞ്ഞു.