റോഡ് മുറിച്ച് കടന്നയാളെ പതുങ്ങിയിരുന്ന് കാര്‍ കയറ്റി കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

റിയാദ് - തര്‍ക്കത്തെ തുടര്‍ന്ന് സൗദി പൗരനെ കാര്‍ കയറ്റിയും ക്രൂരമായി മര്‍ദിച്ചും കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. റോഡു മുറിച്ചുകടക്കുന്നതിനിടെ സൗദി പൗരനെ കരുതിക്കൂട്ടി അമിത വേഗതയില്‍ കാറിടിച്ച് തള്ളിയിട്ട പ്രതി പിന്നീട് ഇയാളെ ക്രൂരമായി മര്‍ദിക്കുകയും വീണ്ടും ദേഹത്ത് കാര്‍ കയറ്റിയിറക്കുകയുമായിരുന്നു. കൃത്യത്തിനു ശേഷം പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.
ബുധനാഴ്ച വൈകീട്ട് പ്രദേശത്ത് മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയാണ് പ്രതി ക്രൂരമായ കൊലപാതകം നടത്തിയത്. നാല്‍പതു വയസ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. പ്രതി കൊലപാതകം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തില്‍ സ്ഥാപിച്ച സി.സി.ടി.വി ചിത്രീകരിച്ചിരുന്നു. ഈ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് എതിരാളിയെ പ്രതി പതുങ്ങിയിരുന്ന് നിരീക്ഷിച്ച് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൊലപാതകം നടത്തുമ്പോള്‍ പ്രതി മദ്യലഹരിയിലായിരുന്നെന്നും വ്യക്തമായി. പ്രതിയുടെ കാറില്‍ മദ്യം കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് പറഞ്ഞു.

 

Latest News