10 വര്‍ഷമായി ഒളിച്ചു നടക്കുന്ന ഫ്രഞ്ച് മയക്കുമരുന്ന് രാജാവ് ദുബായില്‍ അറസ്റ്റിലായി

ദുബായ്- ദി ഗോസ്റ്റ് എന്ന വിളിപ്പേരുള്ള കുപ്രസിദ്ധ ഫ്രഞ്ച് മയക്കുമരുന്ന് രാജാവും കള്ളക്കടത്തുകാരനുമായ മൊഫിദെ ബൗചിബിയെ ദുബായില്‍ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ പേരില്‍ പത്തു വര്‍ഷത്തോളമായി അധികൃതരുടെ കണ്ണുവെട്ടിച്ച് രഹസ്യമായി പലയിടത്തായി കഴിഞ്ഞുകൂടുകയായിരുന്നു ഇയാള്‍. യുറോപ്പിലുടനീളം മയക്കുമരുന്ന് കള്ളക്കടത്തിന് നേതൃത്വം നല്‍കുന്ന സംഘത്തെ നയിക്കുകയായിരുന്ന 39കാരനായ മൊഫിദെ. 2015ല്‍ ഫ്രഞ്ച് കോടതി ഇദ്ദേഹത്തെ 20 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. പ്രതിവര്‍ഷം മൊഫിദെയുടെ സംഘം 60 ടണ്‍ നിരോധിത മയക്കുമരുന്ന് യുറോപ്പിലെത്തിക്കുന്നതായാണ് കണക്കുകള്‍.

ദുബായ് പോലീസിന്റെ ക്രിമിനല്‍ ഡേറ്റ അനാലിസിസ് സെന്ററും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റുമാണ് വ്യാജ പേരിലെത്തിയ മൊഫിദെയെ തിരിച്ചറിഞ്ഞത്. ഉടന്‍ ദുബായ് പോലീസ് ഫ്രഞ്ച് അധികൃതര്‍ക്ക് വിവരം കൈമാറി. മൊഫിദെയുടെ 20 വര്‍ഷം മുമ്പുള്ള ഒരു ഫോട്ടോ മാത്രമാണ് ഫ്രഞ്ച് അധികൃതരുടെ പക്കലുണ്ടായിരുന്നത്. ലഭ്യമായ എല്ലാ വിവരങ്ങളും വിഡിയോകളും ഫോട്ടോകളും നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ വിശകലനം ചെയ്താണ് പിടിയിലായത് മൊഫിദെ തന്നെയാണ് സ്ഥിരീകരിച്ചതെന്ന് ദുബായ് പോലീസ് ക്രിമിനില്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് മേധാവി ബ്രിഗേഡിയര്‍ ജമാല്‍ സാലിം അ്ല്‍ ജല്ലാഫ് പറഞ്ഞു. 


 

Latest News