കശ്മീരില്‍ ബി.ജെ.പി നേതാവിന്‍റെ വീട് ആക്രമിച്ചു; പോലീസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗർ- കശ്മീരില്‍ ബി.ജെ.പി നേതാവിന്‍റെ വീട് ആക്രമിച്ച തീവ്രവാദികള്‍ വീടിനു പാറാവുനിന്ന പോലീസുകാരനെ കൊലപ്പെടുത്തി. ശ്രീനഗർ പ്രാന്തപ്രദേശമായ നൗഗാമിലാണ് സംഭവം.  ആരിബാഗിലുള്ള ബിജെപി നേതാവ് മുഹമ്മദ് അൻവർ ഖാന്‍ വസതിയിലേക്കാണ് തീവ്രവാദികൾ വെടിയുതിർത്തതെന്ന് ബിജെപി വക്താവ് മൻസൂർ ഭട്ട് പറഞ്ഞു. പരിക്കേറ്റ പോലീസുകാരന്‍ റമീസ് രാജയെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

കൊല്ലപ്പെട്ട പോലീസുകാരന്‍റെ സർവീസ് റൈഫിൾ ഉപയോഗിച്ചും തീവ്രവാദികൾ വെടിവെച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളില്‍ പറയുന്നു. ആക്രമണം നടക്കുമ്പോൾ ബിജെപി നേതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു.

പോലീസും അർദ്ധസൈനികരും പ്രദേശത്തെത്തി തീവ്രവാദികളെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ആരംഭിച്ചു.

 താഴ്വരയില്‍ ഏതാനും ദിവസങ്ങള്‍ക്കിടെ ബിജെപി പ്രവർത്തകർക്കെതിരെ നടന്ന രണ്ടാമത്തെ ആക്രമണമാണിത്.

കഴിഞ്ഞ 29 -ന് വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ മുനിസിപ്പൽ ഓഫീസ് ആക്രമിച്ച തീവ്രവാദികള്‍ രണ്ട് ബിജെപി കൗൺസിലർമാരെയും ഒരു പോലീസുകാരനെയും കൊലപ്പെടുത്തിയിരുന്നു.

ആക്രമണത്തിനു പിന്നില്‍ ലഷ്കറെ തയ്യിബയെ കുറ്റപ്പെടുത്തിയ പോലീസ് ആക്രമണത്തിൽ ഉൾപ്പെട്ട രണ്ട് തീവ്രവാദികളിൽ ഒരാളെ തിരിച്ചറിഞ്ഞിരുന്നു.

ബി.ജെ.പി നേതാക്കള്‍ക്ക് ഭീഷണ തുടരുകയാണെന്നും സുരക്ഷ വർദ്ധിപ്പിക്കാൻ സർക്കാർ നടപടികള്‍ സ്വീകരിക്കണമെന്നും പാർട്ടി ജനറൽ സെക്രട്ടറി  അശോക് കൗൾ ആവശ്യപ്പെട്ടു. 

Latest News