ലഖ്നൗ- നാലു ദിവസം മുമ്പ് കാണാതായ അഭിഭാഷകന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ രണ്ടു പേർ കൊലപാതകത്തിന് അറസ്റ്റിലായി. ആണത്തമില്ലെന്ന് കളിയാക്കിയതിനാലാണ് അഭിഭാഷകനെ കൊലപ്പെടുത്തിയതെന്ന് സഹോദരങ്ങളായ പ്രതികള്‍ പോലീസിനോട് പറഞ്ഞു. തങ്ങളെ മത്രാമല്ല, വീട്ടിലുള്ള സ്ത്രീകളേയും കൊല്ലപ്പെട്ട അഭിഭാഷകന്‍ നിധിൻ തിവാരി പരിഹസിച്ചിരുന്നുവെന്ന് പ്രതികള്‍ പറയുന്നു. ഉന്നാവോയിൽ നിന്നാണ് നിധിന്‍റെ മൃതദേഹം കണ്ടെത്തിയത്.
കൊല്ലപ്പെട്ട നിധിൻ കൈസർബാഗ് സ്വദേശിയാണ്. മാർച്ച് 28 ന് നിധിൻ മടങ്ങി വരാതിരുന്നതിനെത്തുടർന്ന് സഹോദരനാണ് പരാതി നൽകിയത്. ഇതിനിടെയാണ് ഉന്നാവോയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന്റെ ചിത്രം ഉന്നാവോ പോലീസ്സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് സഹോദരൻ തിരിച്ചറിയുകയായിരുന്നു.
നിധിന്റെ കോൾ റെക്കോർഡുകൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. പ്രവീൺ കുമാർ സഹോദരൻ വിപിൻ എന്നിവരാണ് പിടിയിലായത്.
മാർച്ച് 28 ന് നിധിനെ വീട്ടിലേക്ക് ക്ഷണിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും പിന്നീട് മൃതദേഹം ഉന്നാവോയിലെ വഴിയരികിൽ തള്ളുകയായിരുന്നുവെന്നും പ്രതികൾ പറഞ്ഞു.






