Sorry, you need to enable JavaScript to visit this website.

എയിംസ് വിളിക്കുന്നു... കുറഞ്ഞ ചെലവിൽ നഴ്‌സിംഗും പാരാമെഡിക്കൽ കോഴ്‌സുകളും പഠിക്കാം

രജിസ്‌ട്രേഷൻ ഏപ്രിൽ ആറിനകം

നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകൾക്ക്  വലിയ പ്രാധാന്യമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊതുജനാരോഗ്യവും രോഗ പ്രതിരോധവും ചികിത്സയും ലോകത്തെമ്പാടുമുള്ള രാജ്യങ്ങളുടെ പ്രധാന പരിഗണനാ വിഷയമായത് കൊണ്ട് തന്നെ മികച്ച രീതിയിൽ നഴ്‌സിംഗ്, പാരാ മെഡിക്കൽ മേഖലകളിൽ പഠനം പൂർത്തിയാക്കുന്നവർക്ക് ആഗോള തലത്തിൽ തന്നെ അവസരങ്ങളുണ്ട്. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് ലോകമെങ്ങും ലഭിക്കുന്ന സ്വീകാര്യത മറ്റൊരു അനുകൂല ഘടകമാണ്.
നഴ്‌സിംഗ്, പാരാമെഡിക്കൽ പഠനത്തിന്  ഒട്ടനവധി സ്ഥാപനങ്ങളിലായി നിരവധി അവസരങ്ങൾ ലഭ്യമാണ്. സാധാരണ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി തുഛമായ ഫീസ് നിരക്കിൽ കിടയറ്റ പഠനത്തിനുള്ള  ഒന്നാംതരം  അവസരമാണ് മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രമായ എയിംസ് ഒരുക്കുന്നത്. ദൽഹി ഉൾപ്പെടെ  രാജ്യത്തെ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ  സയൻസ്  (എയിംസ്) കേന്ദ്രങ്ങളിലെ 2021 ലെ നഴ്‌സിംഗ്, പാരാമെഡിക്കൽ, ബാച്ചിലർ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള  ബേസിക് രജിസ്‌ട്രേഷൻ നടത്തേണ്ട സമയമാണിപ്പോൾ.  ഏപ്രിൽ ആറാണ് അവസാന തീയതി. പി.എ.എ.ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പ്രോസ്പക്ടീവ് ആപ്ലിക്കന്റ്‌സ് അഡ്വാൻസ്ഡ് രജിസ്‌ട്രേഷൻ എന്ന നടപടിക്രമത്തിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ബേസിക് രജിസ്‌ട്രേഷനു ശേഷം കോഡ് ജനറേഷൻ, ഫൈനൽ രജിസ്‌ട്രേഷൻ എന്നീ നടപടികൾ കൂടി പൂത്തിയാക്കേണ്ടതുണ്ട്. വിശദമായ  പ്രോസ്‌പെക്ടസ് ഏപ്രിൽ 26 ന് ലഭ്യമാവും.www.aiimsexams.ac.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. ബേസിക് രജിസ്‌ട്രേഷൻ നടത്തിയവർക്ക് മാത്രമേ പ്രവേശന തുടർ നടപടികളിൽ പങ്കെടുക്കാൻ അർഹതയുണ്ടാവൂ. ഇത്തവണ യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും രജിസ്‌ട്രേഷൻ നടത്താം
ബി.എസ്‌സി (ഓണേഴ്‌സ്) നഴ്‌സിംഗ് പ്രവേശന പരീക്ഷ ജൂൺ 14 നും ബിഎസ്.സി നഴ്‌സിംഗ്(പോസ്റ്റ് ബേസിക്), ബി.എസ്‌സി (പാരാമെഡിക്കൽ) കോഴ്‌സുകളിലെ പ്രവേശന പരീക്ഷകൾ ജൂൺ 27 നും നടത്തും. 
കോഴ്‌സുകളുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ:

ബി.എസ്‌സി (ഓണേഴ്‌സ്) നഴ്‌സിംഗ്
ദൽഹി ഉൾപ്പെടെയുള്ള ഏഴ് എയിംസുകളിൽ നടത്തുന്ന ഈ കോഴ്‌സിന് അപേക്ഷിക്കുവാൻ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ച് പ്ലസ് ടു പരീക്ഷ 55 ശതമാനം മാർക്ക് (പട്ടിക വിഭാഗക്കാരാണെങ്കിൽ 50 ശതമാനം) നേടി ജയിക്കണം.  

ബി.എസ്‌സി (പാരാമെഡിക്കൽ)
ദൽഹി, ഭുവനേശ്വർ, ഋഷികേശ് എന്നീ കാമ്പസുകളിലായി  ഒപ്‌റ്റോമെട്രി, മെഡിക്കൽ ടെക്‌നോളജി ഇൻ റേഡിയോഗ്രഫി,  ഡെന്റൽ ഓപറേറ്റിങ് റൂം അസിസ്റ്റന്റ്, ഡെന്റൽ ഹൈജീൻ, ഓപറേഷൻ തിയേറ്റർ ടെക്‌നോളജി,  മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, മെഡിക്കൽ ടെക്‌നോളജി ഇൻ റേഡിയോ തെറാപ്പി, അനസ്‌തേഷ്യ ടെക്‌നോളജി, യൂറോളജി ടെക്‌നോളജി, പെർഫ്യൂഷൻ ടെക്‌നോളജി, ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജി, സ്ലീപ് ലബോറട്ടറി ടെക്‌നോളജി, റെസ്പിറേറ്ററി തെറാപ്പി, ന്യൂറോ മോണിറ്ററിങ് ടെക്‌നോളജി, ഓർത്തോ പീഡിക്‌സ് ടെക്‌നോളജി തുടങ്ങിയ വിഷയങ്ങളിൽ ആണ് കോഴ്‌സുകൾ ലഭ്യമായിട്ടുള്ളത്. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയും ബയോളജിയോ മാത്തമാറ്റിക്‌സോ കൂടി പഠിച്ച് പ്ലസ് ടുവിന് 50 ശതമാനം മാർക്ക് (പട്ടികവിഭാഗക്കാര്ക്ക് 45 ശതമാനം) നേടണം.
ഈ വർഷത്തെ പ്രോസ്‌പെക്ടസ് പുറത്തിറക്കുമ്പോൾ കോഴ്‌സുകളുടെ വിശദാംശങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാവാം.

ബി.എസ്‌സി നഴ്‌സിംഗ് (പോസ്റ്റ് ബേസിക്)
ദൽഹി എയിംസിലുള്ള ഈ കോഴ്‌സിന്റെ പ്രവേശന യോഗ്യത പ്ലസ് ടു വിജയത്തോടൊപ്പം ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ അംഗീകരിച്ച ഏതെങ്കിലും സ്ഥാപനത്തിൽ നിന്ന് ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ, ഏതെങ്കിലും സ്‌റ്റേറ്റ് കൗൺസിലിന് കീഴിൽ  നഴ്‌സ്, മിഡ്‌വൈഫ് ആയുള്ള രജിസ്‌ട്രേഷൻ എന്നിവ വേണം. പുരുഷ നഴ്‌സുമാരുടെ കാര്യത്തിൽ മിഡ്‌വൈഫറി ട്രെയ്‌നിംഗിനു പകരം മറ്റു നിബന്ധനകൾ കൂടി പൂർത്തിയാക്കണം 
എയിംസിൽ ബി.എസ്‌സി (ഓണേഴ്‌സ്) നഴ്‌സിംഗ്, ബി.എസ്‌സി (പാരാമെഡിക്കൽ), ബിഎസ്‌സി നഴ്‌സിംഗ് (പോസ്റ്റ് ബേസിക്) പ്രവേശനവുമായി ബന്ധപ്പെട്ട പ്രധാന തീയതികൾ 

ബേസിക് രജിസ്‌ട്രേഷൻ അവസാന തീയതി: ഏപ്രിൽ 6,  വൈകിട്ട് 5 മണി
ബേസിക് രജിസ്‌ട്രേഷൻ സ്വീകരിച്ചതിന്റെയും നിരാകരിച്ചതിന്റെയും വിവരങ്ങൾ അറിയുന്നത് : ഏപ്രിൽ 9 
നിരാകരിക്കപ്പെട്ട  അപക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന തീയതി : ഏപ്രിൽ 15 
ബേസിക് രജിസ്‌ട്രേഷന്റെ അന്തിമ നില അറിയുന്ന തീയതി: ഏപ്രിൽ 20 
പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന തീയതി: ഏപ്രിൽ 26 
ബേസിക് രജിസ്‌ട്രേഷൻ സ്വീകരിക്കപ്പെട്ടവരുടെ ഫൈനൽ രജിസ്‌ട്രേഷനായുള്ള കോഡ് വെബ്‌സൈറ്റ് വഴി ജനറേറ്റ് ചെയ്യാനുള അവസാന തീയതി: മെയ് 13 
ബി.എസ്‌സി (ഓണേഴ്‌സ്) നഴ്‌സിംഗ് പ്രവേശന പരീക്ഷ: ജൂൺ 14 
ബി.എസ്‌സി പാരാമെഡിക്കൽ, പോസ്റ്റ് ബേസിക് കോഴ്‌സുകളുടെ പ്രവേശന പരീക്ഷ: ജൂൺ 27
രജിസ്‌ട്രേഷൻ നടത്താനും മറ്റു വിശദവിവരങ്ങൾക്കും വെബ്‌സൈറ്റ് സന്ദർശിക്കാം :www.aiimsexams.ac.in

Latest News