കുവൈത്ത് സിറ്റി- ജിന്ന് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ തന്റെ പക്കല്‍ നിന്ന് 30,000 ദിനാര്‍ (70.5 ലക്ഷം രൂപയോളം) തട്ടിയെന്ന പരാതിയുമായി 37കാരിയായ കുവൈത്തി വനിത പോലീസില്‍ പരാതി നല്‍കി. മറ്റൊരു കുവൈത്തി യുവതിയും അവരുടെ സഹായിയായ ബിദൂന്‍ യുവതിയും കൂടിയാണ് പണം തട്ടിയതെന്നാണ് പരാതി. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ശരീരത്തില്‍ കയറിക്കൂടിയിരിക്കുന്ന ജിന്നിനെ ഇറക്കിത്തരാം എന്നു വാഗ്ദാനം നല്‍കിയാണ് 25,080 ദിനാര്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി ആദ്യം കൈപ്പറ്റിയത്. പിന്നീട് 4000 ദിര്‍ഹമും വസൂലാക്കി. ജിന്നിനെ ഇറക്കാനെന്ന പേരില്‍ പലപ്പോഴായി മന്ത്രവാദ ചടങ്ങുകള്‍ നടത്തിയാണ് പണം തട്ടിയത്. പണം നല്‍കിയതായുള്ള ബാങ്ക് രേഖകളും പരാതിക്കൊപ്പം യുവതി സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം നടക്കുകയാണ്. പ്രതികളായ രണ്ടു യുവതികളേയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.