കണ്ണൂർ- സി.പി.എമ്മിനും ഇടതുസർക്കാറിനും എതിരെ ബോംബ് വരാൻ പോകുന്നു എന്ന തരത്തിൽ കഴിഞ്ഞ തവണ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകൾ വൻ ചർച്ചയായിരുന്നു. എന്തായിരിക്കും മുഖ്യമന്ത്രി ഉദ്ദേശിച്ച ബോംബ് എന്ന് സോഷ്യൽ മീഡിയ ചർച്ച ചെയ്യുകയും ചെയ്തു. ഇടതുമുന്നണി സർക്കാരിനെതിരെ ഗുരുതരമായ ആരോപണം വരാനിരിക്കുന്നതിന്റെ സൂചന മുഖ്യമന്ത്രിക്ക് ലഭിച്ചുവെന്നും ഇതിനെ തടയിടാൻ മുൻകൂട്ടി പ്രതിരോധം തീർത്തതാണെന്നുമായിരുന്നു സർക്കാർ വിരുദ്ധ കേന്ദ്രങ്ങളുടെ പ്രചാരണം. എന്നാൽ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ ബോംബിനെ പറ്റി പരോക്ഷമായ സൂചന പുറത്തുവിട്ടു.
സർക്കാറിനെതിരെ വ്യാജ രേഖകൾ ചമയ്ക്കുന്നുവെന്നാണ് മുഖ്യമന്ത്രി ഇന്ന് സൂചിപ്പിച്ചത്. ഇതിന് പുറമെ, മന്ത്രിമാർ അടക്കമുള്ളവരുടെ ശബ്ദം അനുകരിച്ചുള്ള സന്ദേശങ്ങളും അണിയറയിൽ ഒരുങ്ങുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ട്. ശബ്ദാനുകരണത്തിലൂടെ സംഭാഷണം പ്രചരിപ്പിച്ച് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാൽ കേരളത്തിലെ സർക്കാറിനെ തകർക്കാൻ ഇതൊന്നും മതിയാകില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. എൽ.ഡി.എഫ് സർക്കാരിന്റെ തലപ്പത്തുള്ളവരെ വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ ജനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.