കുവൈത്ത് സിറ്റി- ഉമ്മുല്‍ ഹൈമനിലെ പള്ളിയില്‍ ഇമാമിനെ കുവൈത്തി പൗരനായ സഹോദരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. കത്തിയുമായി പള്ളിയിലെത്തിയ അക്രമി ഇമാമായ സഹോദരന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കെയാണ് കുത്തിയത്. ശേഷം രക്ഷപ്പെടാനും ശ്രമം നടത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവം നടന്നയുടന്‍ ഇമാമിനെ അദാന്‍ ഹോസ്പിറ്റലിലെത്തിച്ചു. പരിക്ക് മാരകമല്ലെന്ന് അധികൃതര്‍ അറിയിച്ചു. അക്രമിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി സംശയമുണ്ട്. അക്രമത്തിനു പിന്നിലെ ലക്ഷ്യം വ്യക്തമല്ല.
കത്തിയുമായി പള്ളിയിലേക്ക് കയറി വന്ന് അക്രമി നേരെ സഹോദരനായ ഇമാമിന്റെ അടുത്തേക്കാണ് പോയത്. കുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പള്ളിയില്‍ നമസ്‌ക്കരിക്കാനെത്തിയ മറ്റുള്ളവര്‍ ഇയാളെ പിടികൂടി കീഴ്‌പ്പെടുത്തുകയായിരുന്നു. ശേഷം പോലീസിനെ ഏല്‍പ്പിച്ചു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതി അലി സബാഹ് അല്‍ സാലിം പോലീസ് സ്റ്റേഷനില്‍ തടവിലാണ്.