ആലപ്പുഴ - പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് വോട്ടർക്ക് ക്ഷേമ പെൻഷനും നൽകിയ സി.പി.എം നടപടി വിവാദമായി.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും പോലീസും ഉണ്ടായിരുന്നെങ്കിലും ഇത് തടയുന്നതിന് ശ്രമിച്ചില്ല. യു.ഡി.എഫ് നൽകിയ പരാതിയെത്തുടർന്ന് ജില്ലാ കലക്ടർക്ക് വരണാധികാരി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഹകരണ ബാങ്ക് ജീവനക്കാരനെ സസ്പെന്റ് ചെയ്തു. വില്ലേജ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നമ്പർ 1596 ലെ കളക്ഷൻ ഏജന്റായ സുഭാഷ് സി.എസിനെയാണ് 1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ ചട്ടലംഘനം നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായ സാഹചര്യത്തിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
കായംകുളം നിയോജക മണ്ഡലത്തിലെ 77-ാം നമ്പർ ബൂത്തിൽ തോപ്പിൽ വീട്ടിൽ കമലാക്ഷി അമ്മയുടെ വോട്ട് രേഖപ്പെടുത്താൻ 30ന് ഉദ്യോഗസ്ഥാർ എത്തിയിരുന്നു. ഈ സമയത്ത് സി.പി.എം ഭരിക്കുന്ന സഹകരണ സംഘത്തിലെ ജീവനക്കാർ എത്തുകയും പെൻഷൻ തുക നൽകി വോട്ടറെ സ്വാധീനിക്കാനും ശ്രമിച്ചു. തപാൽ വോട്ടിന്റെ സമയത്ത് തന്നെ പെൻഷനുമായിട്ടെത്തിയത് ഗൃഹനാഥൻ ചോദ്യം ചെയ്തു.
സംഭവം വിവാദമായതോടെ വരണാധികരിയോട് ജില്ലാ കലക്ടർ റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. കായംകുളം സ്ഥാനാർഥി അരിതാ ബാബുവിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ. യു.മുഹമ്മദ് പരാതി നൽകിയിരുന്നു.