കാഠ്മണ്ഡു- പ്രധാനമന്ത്രി കെപി ഒലിയെ 'ഏകാധിപതി'യെന്ന് ആക്ഷേപിച്ച് ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി (യുനിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്)ലെ 11 പ്രമുഖ നേതാക്കൾ രംഗത്ത്. അദ്ദേഹത്തിനെതിരെ ശബ്ദമുയർത്തണമെന്നും പാർട്ടി നേതാക്കൾ അണികളോടും പാർട്ടി മെമ്പർമാരോടും ആവശ്യപ്പെട്ടു. പാർട്ടി സംഘടനയിലെ സുപ്രധാന ഘടകമായ സ്റ്റാൻഡിങ് കമ്മറ്റിയിലെ മെമ്പർമാരാണ് ഈ 11 പേരും. ഇക്കൂട്ടത്തിൽ മുൻ പ്രധാനമന്ത്രിമാരായ ഝല നാഥ് ഖനാൽ, മാധവ് കുമാർ നേപ്പാൾ എന്നിവരും ഉൾപ്പെടുന്നു.
ഒലി പാർട്ടിയിൽ തന്റെ അധികാരവ്യാപ്തി കൂട്ടിക്കൊണ്ടിരിക്കുകയാണെന്ന ആശങ്ക നേതാക്കളിൽ വളർന്നു കഴിഞ്ഞിട്ടുണ്ട്. ഏത് നേതാവിനെയും അച്ചടക്കരാഹിത്യത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യുന്ന തരം നിലപാടുകളിലേക്ക് ഒലി എത്തിയിട്ടുണ്ട്. മാധവ് നേപ്പാളിനെയും ഭീം റാവലിനെയുമെല്ലാം പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
തനിക്കുള്ള അധികാരങ്ങൾ ദുരുപയോഗം ചെയ്ത് ഏകാധിപത്യം സ്ഥാപിക്കാൻ സാധ്യമായ എല്ലാ അവസരങ്ങളും ഒലി ഉപയോഗിക്കുകയാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ഏകാധിപത്യത്തെ ചോദ്യം ചെയ്യുന്ന ഏത് നേതാവിനെയും അദ്ദേഹം അപകീർത്തിപ്പെടുത്തുകയാണെന്നും നേതാക്കൾ ആരോപിക്കുന്നു.