കൽപറ്റ -താൻ ഇനിയും മുന്നണി മാറുമെന്നു പ്രചരിപ്പിക്കുന്നതു രാഷ്ട്രീയ ചരിത്രം അറിയാത്തവരാണെന്നു എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷനും എൽ.ഡി.എഫ് നിയോജകമണ്ഡലം സ്ഥാനാർഥിയുമായ എം.വി.ശ്രേയാംസ് കുമാർ എം.പി. പ്രസ് ക്ലബിൽ മീറ്റ ദ കാൻഡിഡേറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളെത്തുടർന്നാണ് ഇടതുമുന്നണി വിടേണ്ടി വന്നത്. എന്നാൽ യു.ഡി.എഫിൽ നിൽക്കുമ്പോഴും സോഷ്യലിസ്റ്റുകളുടെ പാളയം ഇതല്ലെന്നു ബോധ്യമുണ്ടായിരുന്നു.
വയനാടിന്റെ സമഗ്ര വികസനമാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രഖ്യാപിച്ചതല്ല വയനാട് പാക്കേജ്. നടപ്പിലാക്കാൻ പറ്റുമെന്നു ബോധ്യമുള്ള പദ്ധതികൾ മാത്രമാണ് പാക്കേജിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ 600 ൽ 580 വാഗ്ദാനങ്ങളും പാലിച്ചിട്ടുണ്ട്. വയനാട് പാക്കേജ് ഉൾപ്പെടെ വാഗ്ദാനങ്ങൾ മുന്നോട്ടു വെയ്ക്കുന്നത് ഇടതു സർക്കാരിന്റെ ട്രാക്ക് റെക്കോർഡിന്റെ പിൻബലത്തിലാണ്. ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക് മാറ്റം വരണം. ഇതിനു ഹ്രസ്വകാല പദ്ധതികൾ മാത്രം മതിയാകില്ല. ദീർഘവീക്ഷണത്തോടെ തയാറാക്കിയ പദ്ധതികളും പ്രാവർത്തികമാകണം. മാസ്റ്റർ പ്ലാൻ തയാറാക്കി ജില്ലയിൽ കൂടുതൽ വികസനം നടത്തേണ്ടതുണ്ട്.
വയനാട് മെഡിക്കൽ കോളേജുമായി ബന്ധപ്പെടുത്തി യു.ഡി.എഫ് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണ്.
ചന്ദ്രപ്രഭാ ട്രസ്റ്റിന്റെ ഭൂമി വിട്ടുകൊടുത്തതിനു പിന്നാലെയാണ് മെഡിക്കൽ കോളേജ് ചർച്ചാവിഷയമാകുന്നത്. ഭൂമി വിട്ടുകൊടുക്കാൻ ട്രസ്റ്റ് തീരുമാനിച്ചതിനു ശേഷമാണ് 2012 ലെ ബജറ്റിൽ വയനാട് മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചത്.
മെഡിക്കൽ കോളേജ് വൈകിയെന്ന് മുറവിളി കൂട്ടുന്നവർ ശ്രീചിത്ര ഇൻസ്റ്റിറ്റിയൂട്ടിന്റെ ഉപകേന്ദ്രത്തിനായി ഭൂമി ഏറ്റെടുത്തിട്ടും തുടർപ്രവർത്തനങ്ങൾ നടന്നോയെന്ന് അന്വേഷിക്കുന്നില്ല. മെഡിക്കൽ കോളേജ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും. ആരോപണങ്ങൾ ഉന്നയിക്കുന്ന യു.ഡി.എഫുകാർ, എവിടെയാണ് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതെന്ന് വ്യക്തമാക്കണം. എൽ.ഡി.എഫ് ഭരണത്തിൽ ജനം തൃപ്തരാണ്. എല്ലാം തികഞ്ഞില്ലെങ്കിലും സാധാരണക്കാരുടെ മുഖത്തു ചിരിയുണ്ട്. ഇതു തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു ഗുണം ചെയ്യും. കാർഷിക മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം ടൂറിസം വികസനമല്ലെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. എൽ.ഡി.എഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.കെ.ഹംസ, ജനറൽ കൺവീനർ കെ.റഫീഖ് എന്നിവർ കൂടെ ഉണ്ടായിരുന്നു.