Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേന്ദ്ര ഏജൻസികൾ ബി.ജെ.പിക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു -എസ്. രാമചന്ദ്രൻ പിള്ള

കണ്ണൂർ- കേന്ദ്ര ഏജൻസികൾ ബി.ജെ.പിക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. കണ്ണൂർ പ്രസ് കഌബ് പോർമുഖം - 2021 തെരഞ്ഞെടുപ്പ് സംവാദ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 
ഓരോ ദിവസം ആരോപണങ്ങളുടെ ഓരോ എപ്പിസോഡാണ് ഈ  ഏജൻസികൾ നടത്തുന്നത്. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. സ്വർണം ആർക്കു വേണ്ടിയാണ് കടത്തിയതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആരാണ് കടത്തിയതെന്നും ആർക്കുമറിയില്ല. മോഡിയും അമിത് ഷായും കൂടി സ്വർണക്കടത്ത് കേസ് അട്ടിമറിക്കുകയാണ് -എസ്.ആർ.പി കുറ്റപ്പെടുത്തി.
ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ താൽപര്യത്തിനനുസരിച്ച് അട്ടിമറിക്കുകയാണ് ബി.ജെ.പി. രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ കേന്ദ്ര സർക്കാർ കത്തു നൽകിയപ്പോൾ തന്നെ നടപ്പാക്കിയത് ഇതിന്റെ തെളിവാണെന്നും എസ്.ആർ.പി പറഞ്ഞു. 


പലരെയും ശപിക്കുന്ന  ദുർവാസാവിന് തുല്യമായ കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ ശാപം ഒരിക്കലും ഫലിക്കാറില്ലെന്ന് എസ്.ആർ.പി പറഞ്ഞു. കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ സർവനാശമായിരിക്കുമെന്ന ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2008 ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആയിരം കൊല്ലത്തേക്ക് കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വരില്ലെന്ന് പറഞ്ഞ നേതാവാണ് ആന്റണി. തെരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെ പലതും പറയുന്നത് അദ്ദേഹം ശീലമാക്കിയിരിക്കുകയാണ്. പക്ഷേ, പറയുന്നത് ഫലിക്കാറില്ല. -എസ്.ആർ.പി പറഞ്ഞു. കേരളത്തിൽ സി.പി.എം വ്യക്ത്യധിഷ്ഠിത തെരഞ്ഞെടുപ്പ് പ്രചാരണം നടത്താറില്ല. കോൺഗ്രസിന്റെ രീതിയാണത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സോണിയയും രാഹുലും പ്രിയങ്കയുമെല്ലാം നേതൃത്വത്തിലുണ്ടാവുമോയെന്ന കാര്യം സംശയമാണ്. 23 കോൺഗ്രസ് നേതാക്കൾ പാർട്ടിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള ശശി തരൂരും ഗുലാം നബി ആസാദ്, കപിൽ സിബൽ എന്നിവരും ഈ സംഘത്തിലുണ്ട്. സി.പി.എം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. ശബരിമല, തെരഞ്ഞെടുപ്പു വിഷയമാവില്ലെന്ന് ഒരു ചോദ്യത്തിനുത്തരമായി എസ്.ആർ.പി പറഞ്ഞു. ഈ വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന് മുമ്പാകെയാണുള്ളത്. കോടതി വിധി വന്ന ശേഷം തുടർ നടപടികൾ എല്ലാവരുമായും ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News